woman-doing-trading

Sharing is caring!

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക എന്നത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള യാത്ര തന്നെയാണ്. മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് അഭിവൃദ്ധിയും സുരക്ഷിതത്വവും ഒരുപോലെ നേടുവാനാകും. ജീവിതത്തിൽ മൂല്യമുള്ള എന്തുതന്നെ നേടണമെങ്കിലും അതുമായി ബന്ധപ്പെട്ട റിസ്ക് തരണം ചെയ്യേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ടും റിസ്ക് നിലനിൽക്കുന്നുണ്ട്.

ഒരു മികച്ച നിക്ഷേപകനായി മാറണമെങ്കിൽ മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട റിസ്ക്കുകൾ എന്തെല്ലാമാണെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ ഭാഗമായി നിലവിലുള്ള വിവിധതരം റിസ്ക്കുകൾ എന്തെല്ലാമാണെന്ന് നോക്കാം.

മാർക്കറ്റ് റിസ്ക് 

മാർക്കറ്റ് റിസ്ക്, സിസ്റ്റമാറ്റിക് റിസ്ക് എന്നും അറിയപ്പെടുന്നു. വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവുമായി ബന്ധപ്പെട്ട റിസ്കാണ് മാർക്കറ്റ് റിസ്ക്.

വിപണിയുടെ ചാഞ്ചാട്ടം മൂലം നഷ്ടം സംഭവിക്കുവാനുള്ള സാധ്യതയാണ് മാർക്കറ്റ് റിസ്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാൽ തന്നെ വിപണിയിലെ വ്യതിയാനങ്ങൾ നിങ്ങളുടെ നിക്ഷേപത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

അനേകം നിക്ഷേപകരിൽ നിന്നും പണം സ്വരൂപിച്ചുകൊണ്ട് ഓഹരികൾ, ബോണ്ടുകൾ, മറ്റ് ആസ്തികൾ എന്നിവയിൽ നിക്ഷേപം നടത്തി വൈവിധ്യവൽക്കരണം നിറഞ്ഞൊരു പോർട്ട്ഫോളിയോ മ്യൂച്വൽ ഫണ്ടുകളിൽ സൃഷ്ടിക്കപ്പെടുന്നു. വിപണിയിൽ കയറ്റിറക്കങ്ങൾ ഉണ്ടാകുമ്പോൾ മ്യൂച്വൽ ഫണ്ടിന്റെ ഭാഗമായ ആസ്തികളുടെ മൂല്യത്തിലും വ്യതിയാനം സംഭവിക്കുന്നു.

market-index

വിപണി മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോൾ വിവിധ ആസ്തികളുടെ മൂല്യം ഉയരുകയും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ നേട്ടം ലഭിക്കുകയും ചെയ്യുന്നു. എന്നാൽ വിപണിയിൽ ഇടിവുണ്ടാകുമ്പോൾ ആസ്തികളുടെ മൂല്യം കുറയുകയും ചെയ്യുന്നു. മേൽ സൂചിപ്പിച്ചതുപോലെ ആസ്തിയുടെ മൂല്യത്തിൽ സംഭവിക്കുന്ന വ്യതിയാനം മൂലമാണ് റിസ്ക് നിലനിൽക്കുന്നത്.

മാർക്കറ്റ് റിസ്ക് എന്നത് നിക്ഷേപകരുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. സാമ്പത്തിക സാഹചര്യങ്ങൾ, രാഷ്ട്രീയ സാഹചര്യങ്ങൾ, നിക്ഷേപകരുടെ മാനസികാവസ്ഥ എന്നിങ്ങനെ പല ഘടകങ്ങളും മാർക്കറ്റ് റിസ്കിനെ സ്വാധീനിക്കുന്നുണ്ട്. ഈ റിസ്ക് കൃത്യമായി തിരിച്ചറിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് മികച്ച രീതിയിൽ നിങ്ങളുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുവാൻ സാധിക്കുകയുള്ളൂ.

ലിക്വിഡിറ്റി റിസ്ക്

നിക്ഷേപം നടത്തിയ ആസ്തികൾ നിക്ഷേപകന്റെ ഇഷ്ടാനുസരണം വിറ്റഴിക്കുവാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഉയർന്നു വരുന്ന റിസ്കാണ് ലിക്വിഡിറ്റി റിസ്ക്. ലിക്വിഡിറ്റി കുറഞ്ഞ ആസ്തികളിൽ പണം നിക്ഷേപിക്കുകയും ആ നിക്ഷേപം പണമാക്കി മാറ്റുവാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോഴാണ് ലിക്വിഡിറ്റി റിസ്ക് കടന്നുവരുന്നത്.

time-to-withdraw-mutual-funds

റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, പ്രൈവറ്റ് ഓഹരികൾ, ചില പ്രത്യേകതരം ബോണ്ടുകൾ, എന്നിങ്ങനെ ലിക്വിഡിറ്റി കുറഞ്ഞ ആസ്തികൾ പലതുണ്ട്. സെക്കൻഡറി മാർക്കറ്റിന്റെ അഭാവം മൂലം ഇത്തരം ആസ്തികളുടെ ക്രയവിക്രയം ബുദ്ധിമുട്ടുള്ള കാര്യമായി മാറുന്നു. അതായത് മികച്ച വിലയിൽ ആസ്തികൾ വാങ്ങുവാൻ വ്യക്തികളെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. 

മോശം സാമ്പത്തിക സാഹചര്യങ്ങളാണ് നിലവിലുള്ളതെങ്കിൽ ലിക്വിഡിറ്റി ഇല്ലാത്ത ആസ്തികൾ വിൽക്കുക എന്നത് വളരെ പ്രയാസകരമായിരിക്കും. ചില അവസരങ്ങളിൽ കിട്ടുന്ന വിലയ്ക്ക് ആസ്തികൾ വിറ്റൊഴിവാക്കേണ്ട സാഹചര്യം പോലും കടന്നു വന്നേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ വലിയ നഷ്ടമാണ് നിക്ഷേപകന് ഉണ്ടാവുക.

ക്രെഡിറ്റ് റിസ്ക്

കോർപ്പറേറ്റുകളും ഗവൺമെന്റുകളും പുറത്തിറക്കുന്ന ബോണ്ടുകളിലും, ഡിബഞ്ചറുകളിലും, ലോണുകളിലും നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിലനിൽക്കുന്ന റിസ്കാണ് ക്രെഡിറ്റ് റിസ്ക്.

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ച മൂലധനം അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന പലിശ വരുമാനം നഷ്ടപ്പെടുവാനുള്ള സാധ്യതയേയാണ് ക്രെഡിറ്റ് റിസ്ക് എന്ന് സൂചിപ്പിക്കുന്നത്. ഏതുതരത്തിലുള്ള ബോണ്ടുകളാണ് അല്ലെങ്കിൽ ലോണുകളാണ് മ്യൂച്വൽ ഫണ്ടിന്റെ പോർട്ട്ഫോളിയോയുടെ ഭാഗമായിട്ടുള്ളത് എന്നത് അനുസരിച്ചാണ് ഈ റിസ്ക് എത്രത്തോളമാണെന്ന് മനസ്സിലാകുന്നത്. ഉദാഹരണത്തിന് ഗവൺമെന്റ് ബോണ്ടുകളെക്കാൾ ക്രെഡിറ്റ് റിസ്ക് നിലനിൽക്കുന്നത് കോർപ്പറേറ്റ് ബോണ്ടുകൾക്കാണ്. സാമ്പത്തിക അസ്ഥിരത ഉണ്ടാകുവാൻ കൂടുതൽ സാധ്യത കോർപ്പറേറ്റ് കമ്പനികളിലാണ്.

സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച് ക്രെഡിറ്റ് റിസ്കിൽ വ്യതിയാനം സംഭവിക്കാറുണ്ട്. സാമ്പത്തിക മാന്ദ്യം ഉണ്ടാകുമ്പോൾ മ്യൂച്വൽ ഫണ്ടുകളുടെ ഭാഗമായ ആസ്തികളിൽ നിന്നും പ്രതീക്ഷിച്ച നേട്ടം ലഭ്യമായില്ല എന്ന് വരാം. അതുകൊണ്ട് മോശം സാമ്പത്തിക സാഹചര്യങ്ങളിൽ ക്രെഡിറ്റ് റിസ്ക് വർദ്ധിക്കുവാൻ ഇടയുണ്ട്.

പലിശ നിരക്കുമായി ബന്ധപ്പെട്ട റിസ്ക്

പലിശ നിരക്കുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള നേട്ടത്തെ വളരെ മോശമായി ബാധിച്ചേക്കാവുന്ന ഘടകമാണ്. ബോണ്ടുകൾ പോലെയുള്ള നിശ്ചിത വരുമാനം നൽകുന്ന ആസ്തികളിൽ പണം നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾക്കാണ് ഈ റിസ്ക് ബാധകമാകുന്നത്. പലിശ നിരക്കിൽ വ്യത്യാസം ഉണ്ടാകുമ്പോൾ മ്യൂച്വൽ ഫണ്ടിന്റെ ഭാഗമായ സെക്യൂരിറ്റികളുടെ മൂല്യത്തിലും വ്യത്യാസമുണ്ടാകുന്നു.

ഉദാഹരണത്തിന് പലിശ നിരക്ക് ഉയരുമ്പോൾ ഫണ്ടിന്റെ ഭാഗമായ ഡെറ്റ് സെക്യൂരിറ്റികളുടെ മൂല്യം കുറയുന്നു. അതായത് ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യൂവിൽ കുറവ് സംഭവിക്കുകയും നിക്ഷേപകർക്ക് ലഭിക്കേണ്ട നേട്ടം കുറയുകയും ചെയ്യുന്നു. അതുപോലെ തന്നെ പലിശ നിരക്ക് കുറയുമ്പോൾ ബോണ്ടുകളുടെ മൂല്യം കൂടുകയും നെറ്റ് അസറ്റ് വാല്യൂ കൂടുകയും ചെയ്യുന്നു.

മാനേജ്മെൻ്റ് റിസ്ക്

മ്യൂച്വൽ ഫണ്ടിന്റെ പ്രകടനത്തെ ബാധിക്കുന്ന സുപ്രധാനമായ ഘടകങ്ങളിൽ ഒന്നാണ് മാനേജ്മെൻ്റ് റിസ്ക്. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് എത്രത്തോളം നേട്ടം ലഭിക്കുന്നു എന്നത് ഫണ്ട് മാനേജറുടെ വൈദഗ്ധ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണ്. അതായത് മോശം തീരുമാനങ്ങൾ നിങ്ങൾക്ക് ലഭിക്കേണ്ട നേട്ടത്തിൽ കാര്യമായ കുറവുണ്ടാകും.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

സംഗ്രഹം

അനിശ്ചിതത്വം ഉണ്ടാകുമ്പോൾ   സമാധാനപൂർവ്വം ആ സാഹചര്യത്തെ  നേരിടുന്നു എന്നത് നിങ്ങൾ ഒരു മികച്ച നിക്ഷേപകനാണ് എന്നതിൻ്റെ സൂചനയാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്ന് നേട്ടം നേടുന്നതിനോടൊപ്പം തന്നെ നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്ക്കുകളും കൃത്യമായി മനസ്സിലാക്കുക. 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ടുകൾ വഴി സ്വർണ്ണത്തിൽ നിക്ഷേപിക്കാം

സ്വർണ്ണം വാങ്ങുക അല്ലെങ്കിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുക എന്നത് എല്ലാവർക്കും സുപരിചിതമായ കാര്യമാണെങ്കിലും മ്യൂച്വൽ ഫണ്ട് വഴി…

ഗ്രോത്ത്, ഐ ഡി സി ഡബ്ലിയു റീഇൻവെസ്റ്റ്, ഏതാണ് മികച്ച നിക്ഷേപ രീതി

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാൻ തീരുമാനിക്കുന്ന ഒരു വ്യക്തിക്ക് പലവിധത്തിലുള്ള നിക്ഷേപ അവസരങ്ങൾ വിപണിയിൽ നിന്ന് കണ്ടെത്തുവാൻ…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വിപണിയുമായി ബന്ധപ്പെട്ട റിസ്ക് കുറയ്ക്കുവാനുള്ള മാർഗ്ഗങ്ങൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപം വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ് എന്ന പരസ്യവാചകം നാം എല്ലാവരും ഒരു…

മ്യൂച്വൽ ഫണ്ടിൽ വൈവിധ്യവൽക്കരണം നടത്തുന്നതിന്റെ ഗുണങ്ങൾ

നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ തീർച്ചയായും പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിക്ഷേപത്തിനായി നാം തിരഞ്ഞെടുക്കുന്ന…