നോൺ കൺവർട്ടബിൾ ഡിബഞ്ചേഴ്സ് എന്നതിന്റെ ചുരുക്ക രൂപമാണ് എൻ സി ഡി എന്ന് അറിയപ്പെടുന്നത്. ഡിബഞ്ചറുകൾ അല്ലെങ്കിൽ കടപ്പത്രങ്ങൾ എന്താണെന്ന് ആദ്യമായി മനസ്സിലാക്കാം.
പലതരത്തിലുള്ള ആവശ്യങ്ങൾ നടത്തുവാനായി പണം കണ്ടെത്തുന്നതിന് സാധാരണക്കാരായ വ്യക്തികൾ പ്രധാനമായും ആശ്രയിക്കുന്നത് ബാങ്ക് ലോണുകളെയാണ്. എന്നാൽ കമ്പനികൾക്ക് അവരുടെ ബിസിനസ് ആവശ്യങ്ങൾക്കായി കോർപ്പറേറ്റ് ലോണുകൾ നേടിയെടുക്കുവാനുള്ള വ്യവസ്ഥകൾ വളരെ സങ്കീർണമാണ്.
കോർപ്പറേറ്റ് ലോണുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ കമ്പനികൾ പണം കണ്ടെത്തുന്നത് രണ്ടു മാർഗ്ഗങ്ങളിലൂടെയാണ്. കമ്പനിയുടെ ഓഹരികൾ ഓഹരി വിപണിയിൽ ലഭ്യമാക്കുക എന്നതാണ് ഒന്നാമത്തെ മാർഗ്ഗം. രണ്ടാമത്തെ മാർഗ്ഗം പണം കണ്ടെത്തുന്നതിനായി ഡിബഞ്ചറുകൾ അല്ലെങ്കിൽ കടപ്പത്രങ്ങൾ പുറത്തിറക്കുക എന്നതാണ്.
ഓഹരികൾ വിപണിയിൽ ലഭ്യമാക്കുക വഴി പണം നേടുക എന്നത് വളരെ സങ്കീർണമായ പ്രക്രിയ ആയതിനാൽ ചെറിയ കമ്പനികൾക്ക് അവരുടെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുവാനുള്ള മികച്ച മാർഗ്ഗം കടപ്പത്രങ്ങൾ തന്നെയാണ്. നിശ്ചിത കാലയളവിൽ നിക്ഷേപിക്കുന്ന പണത്തിന് ഒരു നിശ്ചിത ശതമാനം പലിശ വാഗ്ദാനം നൽകികൊണ്ടാണ് കമ്പനികൾ കടപ്പത്രങ്ങൾ പുറത്തിറക്കുക.
ചില കമ്പനികളുടെ കടപ്പത്രങ്ങൾ അവരുടെ ഓഹരികളാക്കി മാറ്റുവാൻ സാധിക്കുന്ന രീതിയിലാണ് വിപണിയിൽ ലഭ്യമാക്കുക. എന്നാൽ നിക്ഷേപകന് നിശ്ചിതമായ നേട്ടം മാത്രം ഉറപ്പു നൽകുന്ന ഓഹരികളാക്കി മാറ്റുവാനുള്ള അവസരം ഇല്ലാത്ത കടപ്പത്രങ്ങളും വിപണിയിൽ ലഭ്യമാണ്. അത്തരം കടപ്പത്രങ്ങളേയാണ് നോൺ കൺവർട്ടബിൾ ഡിബഞ്ചേഴ്സ് എന്ന് പറയുന്നത്.
എന്താണ് സെക്യൂവേർഡ് NCD & നോൺ സെക്യൂവേർഡ് NCD

സെക്യൂവേർഡ് NCD എന്നും നോൺ സെക്യൂവേർഡ് NCD എന്നും രണ്ട് രീതിയിലാണ് പ്രധാനമായും എൻ സി ഡിയെ വേർതിരിച്ചിരിക്കുന്നത്. കമ്പനിയുടെ ആസ്തിയെ ഈടായി കണക്കാക്കി പുറത്തിറക്കുന്ന എൻ സി ഡി ആണ് സെക്യൂവേർഡ് എന്‍ സി ഡി.
ഇവിടെ കടപ്പത്രത്തിൽ നിക്ഷേപിച്ച ശേഷം കമ്പനിക്ക് തകർച്ച സംഭവിക്കുകയാണെങ്കിൽ പോലും ആ കമ്പനിയുടെ ആസ്തിയിൽ നിന്നും നിക്ഷേപകന് താൻ നിക്ഷേപിച്ച പണം തിരിച്ചു ലഭിക്കുവാനുള്ള അവസരമുണ്ട്. ഇങ്ങനെയുള്ള പരിരക്ഷ ലഭ്യമല്ലാത്ത നോൺ സെക്യൂവേർഡ് എൻ സി ഡിയെക്കാൾ സുരക്ഷിത നിക്ഷേപമാർഗ്ഗമായി സെക്യൂവേർഡ് എൻ സി ഡിയെ കണക്കാക്കാം.
കടപ്പത്രങ്ങൾ പുറത്തിറക്കുമ്പോൾ സൂചിപ്പിക്കുന്ന പലിശ നിരക്കിന് മാത്രം പരിഗണിക്കാതെ നിക്ഷേപിക്കുന്ന കടപത്രം സെക്യൂവേർഡ് ആണോ അല്ലെങ്കിൽ നോൺ സെക്യുവേർഡ് ആണോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം നിക്ഷേപിക്കുവാനുള്ള തീരുമാനമെടുക്കുക.
ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തേക്കാൾ മികച്ച നേട്ടം കുറഞ്ഞ കാലയളവിൽ ലഭിക്കുന്നതാണ് എൻ സി ഡിയെ ആകർഷകമായ നിക്ഷേപമാർഗ്ഗമാക്കി മാറ്റുന്നത്. വളരെ ചെറിയ കാലയളവിൽ തന്നെ 10 മുതൽ 12 ശതമാനം വരെ നേട്ടം നേടുവാനുള്ള അവസരം എൻ സി ഡികൾ നൽകുന്നുണ്ട്.
നിക്ഷേപിക്കേണ്ട കടപ്പത്രത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങ്, കമ്പനിയുടെ മികവ്, ഏതു തരത്തിലുള്ള എൻ സി ഡി ആണ് എന്നതെല്ലാം പരിഗണിച്ചു വേണം നിക്ഷേപിക്കാനായി എൻ സി ഡി തിരഞ്ഞെടുക്കേണ്ടത്. നിക്ഷേപിക്കുവാനായി ഒരു എൻ സി ഡി തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് പരിഗണിക്കേണ്ടത് എന്ന് പരിശോധിക്കാം.
നിക്ഷേപിക്കാനായി ഒരു കമ്പനിയുടെ കടപ്പത്രം തെരഞ്ഞെടുക്കുമ്പോൾ ആദ്യമായി പരിഗണിക്കേണ്ടത് ആ കമ്പനിക്ക് മികച്ച ക്രെഡിറ്റ് റേറ്റിംഗ് ലഭ്യമാണോ എന്നതാണ്. ഇന്നത്തെ കാലത്ത് പ്രധാനമായും ക്രെഡിറ്റ് സ്കോർ പരിഗണിച്ചാണ് വ്യക്തികൾക്ക് ലോൺ നൽകുന്നത്. അതുപോലെ തന്നെ നിക്ഷേപിക്കുവാനായി ഒരു കമ്പനിയുടെ കടപ്പത്രം തിരഞ്ഞെടുക്കുന്നതിന് മുൻപ് ആ കമ്പനിയുടെ ക്രെഡിറ്റ് റേറ്റിംഗ് മികച്ചതാണോ എന്നു ഉറപ്പുവരുത്തേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്വമാണ്.

ഒരു കമ്പനി എന്തിനുവേണ്ടിയാണ് കടപ്പത്രങ്ങൾ പുറത്തിറക്കി പണം സ്വരൂപിക്കുന്നത് എന്നതാണ് കടപ്പത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിക്ഷേപകൻ പരിഗണിക്കേണ്ട രണ്ടാമത്തെ കാര്യം. മികച്ച പ്രവർത്തന പാരമ്പര്യമുള്ള കമ്പനിയാണെങ്കിൽ പോലും കടപ്പത്രമായി സ്വരൂപിക്കുന്ന പണം ആ കമ്പനിയുടെ വളർച്ചയ്ക്കും, പ്രവർത്തനമേഖലയുടെ വികസനത്തിനുമാണ് ഉപയോഗിക്കുന്നത് എന്ന് നിക്ഷേപകൻ ഉറപ്പുവരുത്തണം.
ചില കമ്പനികൾ അവരുടെ നിലവിലുള്ള ബാധ്യതകൾ തീർക്കുവാനായി കടപ്പത്രങ്ങളെ ആശ്രയിച്ച് പണം സ്വരൂപിക്കാറുണ്ട്. കടപ്പത്രം പുറത്തിറക്കി സ്വരൂപിക്കുന്ന പണം ലാഭകരമല്ലാത്ത പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്നറിയുവാൻ ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്.
അഞ്ചുലക്ഷം രൂപ വരെയുള്ള ബാങ്കുകളിലെ നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത് പോലെ എൻ സി ടിയിൽ യാതൊരുവിധ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നില്ല. സെക്യൂവേർഡ് എൻ സി ഡിയിൽ കമ്പനിയുടെ ആസ്തി ഈടായി നൽകുന്നുണ്ടെങ്കിലും ഒരുപക്ഷേ കമ്പനി തകർച്ച നേരിട്ടാൽ നിക്ഷേപകന് പണം തിരികെ ലഭിക്കുവാനുള്ള നടപടിക്രമം വളരെ സങ്കീർണമാണ്.
എൻ സി ഡി യിൽ നിക്ഷേപിക്കുന്നതിന് മുൻപ് ഡെറ്റ് മാർക്കറ്റുകളെ കുറിച്ച് മികച്ച ജ്ഞാനമുള്ള ധനകാര്യ വിദഗ്ധനിൽ നിന്ന് ഉപദേശം തേടുന്നതാണ് നല്ലത്. കമ്പനിയുടെ പേര് മാത്രം പരിഗണിച്ചും ആകർഷകമായ ലാഭ ശതമാനം കണക്കുകൾക്ക് പ്രാധാന്യം നൽകിയും നിക്ഷേപം നടത്തുന്നത് ശരിയായ രീതിയല്ല.
ഒരു എൻ സി ഡിയിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകൻ ഏറ്റവും ആദ്യമായി പരിഗണിക്കേണ്ടത് ക്രിസിൽ പോലെയുള്ള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ആ എൻ സി ഡിക്ക് നൽകുന്ന റേറ്റിംഗ് ആണ് . AAA മുതൽ BBB- വരെ റേറ്റിംഗ് ഉള്ള എൻ സി ഡികൾ മാത്രം നിക്ഷേപിക്കുവാനായി പരിഗണിക്കുക. അതിനു താഴെയുള്ള റേറ്റിംഗ് ലഭ്യമായ എൻ സി ടികൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാതിരിക്കുക.