നിക്ഷേപങ്ങളുടെ ലോകത്തിലേക്കുള്ള കടന്നുവരവ് നിധി കണ്ടെത്തുവാൻ ശ്രമിക്കുന്നതിന് തുല്യമായ ഒന്നാണ്. നിക്ഷേപകൻ എന്ന നിലയിൽ നിങ്ങൾ ആത്മാർത്ഥമായി പ്രവർത്തിക്കുകയാണെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം എന്ന നിധിയിലേക്ക് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് എത്തിച്ചേരുവാൻ സാധിക്കും. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നാം മനസ്സിൽ ഉറപ്പിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. അവയിൽ ചിലത് നമുക്കിവിടെ പരിചയപ്പെടാം.
പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കുവാൻ ശ്രമിക്കുക
ഒരു നിക്ഷേപകനായി മാറുമ്പോൾ പലതരത്തിലുള്ള റിസ്ക്കുകൾ നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം അതിൽ ഏറ്റവും പ്രധാനപ്പെട്ട റിസ്കാണ് വിപണിയുമായി ബന്ധപ്പെട്ടത്.

വിപണിയുമായി ബന്ധപ്പെട്ട റിസ്കിന്റെ സ്വാധീനം കുറയ്ക്കുവാനായി നിങ്ങൾക്ക് നിങ്ങളുടെ പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കാൻ സാധിക്കും. അതായത് നിങ്ങളുടെ നിക്ഷേപ തുക ഓഹരികൾ, ബോണ്ടുകൾ, റിയൽ എസ്റ്റേറ്റ്, സ്വർണ്ണം തുടങ്ങി വ്യത്യസ്ത ആസ്തികളിലേക്ക് വ്യാപിപ്പിക്കുവാൻ ശ്രമിക്കുക.
വൈവിധ്യവൽക്കരണത്തിലൂടെ വിപണിയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ നിക്ഷേപങ്ങളെ കാര്യമായി ബാധിക്കാത്ത രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിക്കും. കൂടാതെ ദീർഘകാല അടിസ്ഥാനത്തിൽ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കാൻ വൈവിധ്യവൽക്കരണം നമ്മെ സഹായിക്കും.
ദീർഘമായ കാലയളവിലേക്ക് നിക്ഷേപം നടത്തുക
നമുക്ക് ഒരു ദിവസം കൊണ്ട് നിധി കണ്ടെത്തുവാൻ സാധിച്ചില്ലെന്നു വരാം, എന്നാൽ ക്ഷമയോടുകൂടിയുള്ള പ്രവർത്തനത്തിലൂടെ അതിനു തീർച്ചയായും സാധിക്കും. നിക്ഷേപം നടത്തുമ്പോൾ ക്ഷമയും അച്ചടക്കവും പാലിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും അവ കൃത്യമായി പാലിക്കുവാനായാൽ നമുക്ക് തീർച്ചയായും ലക്ഷ്യങ്ങളിൽ എത്തിച്ചേരുവാൻ സാധിക്കും.

ഹ്രസ്വകാല അടിസ്ഥാനത്തിൽ വിപണിയിൽ കയറ്റിറക്കങ്ങൾ സംഭവിക്കുന്ന അവസരത്തിൽ നിക്ഷേപകർക്ക് പ്രതീക്ഷിക്കാത്ത രീതിയിലുള്ള ലാഭമോ നഷ്ടമോ ഉണ്ടായേക്കാം. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ മാത്രമേ ഒരു നിക്ഷേപത്തിൽ നിന്ന് ശരിയായ അർത്ഥത്തിൽ നേട്ടം ലഭ്യമാവുകയുള്ളൂ. സമയം കൂടുന്നതിനനുസരിച്ച് നിക്ഷേപത്തിന് വളരുവാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് ഓർക്കുക.
ആഴത്തിലുള്ള പഠനം
നിക്ഷേപം നടത്തുന്നതിന് മുൻപ് വ്യക്തമായി കാര്യങ്ങൾ പഠിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നാം നിക്ഷേപിക്കുന്ന ആസ്തികളെക്കുറിച്ചും കമ്പനികളെക്കുറിച്ചും കഴിയാവുന്നത്ര വിവരങ്ങൾ നേടുവാൻ ശ്രമിക്കുക.
കൂടാതെ മുൻകാലങ്ങളിലെ പ്രകടനം, വിപണിയിലെ സാഹചര്യം, നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്ക് എന്നിവ തീർച്ചയായും മനസ്സിലാക്കുക. സ്വന്തം നിലയ്ക്ക് കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞില്ലെങ്കിൽ സാമ്പത്തിക വിദഗ്ധരിൽ നിന്നും കൂടുതൽ അറിവുകൾ തേടുക.
വികാരങ്ങളെ നിയന്ത്രിക്കുക
ചില നേരത്ത് നിങ്ങളുടെ ഏറ്റവും വലിയ ശത്രു നിങ്ങളുടെ വികാരങ്ങൾ ആയിരിക്കും. യുക്തിപരമായ തീരുമാനങ്ങൾ എടുക്കുന്ന ഒരു നിക്ഷേപകനായി മാറുക. വികാരപരമായ നടപടികൾ നിങ്ങളെ തെറ്റായ തിരഞ്ഞെടുപ്പുകളിലേക്ക് കൊണ്ടെത്തിച്ചേക്കാം.

മികച്ച നേട്ടങ്ങൾ നേടുവാൻ യുക്തിപരമായി ചിന്തിക്കുന്നതിനോടൊപ്പം തന്നെ ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നതും ഒഴിവാക്കുക. നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളുമായി നിങ്ങൾ നടത്തുന്ന നിക്ഷേപങ്ങൾ ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കേട്ടുകേൾവികളും, ഊഹാപോഹങ്ങളും പിന്തുടർന്നുകൊണ്ട് തുടർച്ചയായി നിക്ഷേപങ്ങളിൽ മാറ്റം വരുത്തുന്നത് നിർത്തലാക്കുക.
തുടർച്ചയായ നിരീക്ഷണം
ഒരു വിജയിയായ നിക്ഷേപകനായി മാറുവാൻ തുടർച്ചയായി നിങ്ങളുടെ നിക്ഷേപങ്ങൾ നിരീക്ഷിക്കുവാൻ തയ്യാറാക്കുക. വിപണിയിലെ സാഹചര്യങ്ങളെക്കുറിച്ചും സമ്പദ് വ്യവസ്ഥയിൽ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും, രാജ്യാന്തരതലത്തിൽ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ചും ഒരു നല്ല നിക്ഷേപകൻ സദാസമയവും ബോധവാനായിരിക്കണം.
എത്രയും വേഗം നിക്ഷേപിക്കുവാൻ തുടങ്ങുക
കഴിയാവുന്നത്ര നേരത്തെ നിക്ഷേപങ്ങൾ നടത്തുവാൻ ശ്രമിക്കുക. ഒരു നിശ്ചിത കാലയളവിനു ശേഷം നിങ്ങൾ നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടം ലഭിച്ചു തുടങ്ങുമ്പോൾ ആ നേട്ടം പുനർനിക്ഷേപം നടത്തുവാൻ ഇതിലൂടെ നിങ്ങൾക്ക് സാധിക്കും.

ചെറിയ തുകയാണെങ്കിൽ പോലും കോമ്പൗണ്ടിംഗിന്റെ ഗുണഫലം ലഭിക്കുവാനായി കഴിയാവുന്നത്ര സമയം നിക്ഷേപം തുടരേണ്ടതായിട്ടുണ്ട്. എത്രയും വേഗം നിക്ഷേപിക്കുവാൻ തുടങ്ങുകയും സ്ഥിരതയോടെ അത് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയും ചെയ്യുന്നതു വഴി സാമ്പത്തിക അടിത്തറയാണ് നാം സൃഷ്ടിച്ചെടുക്കുന്നത്.
ലക്ഷ്യങ്ങൾ കൃത്യമായി നിർവചിക്കുക
എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനത്തെക്കുറിച്ച് ധാരണയില്ലാതെ യാത്ര നടത്തുന്നത് അർത്ഥശൂന്യമായ പ്രവർത്തിയാണ്. സാമ്പത്തിക ഭദ്രതയിലേക്കുള്ള നിങ്ങളുടെ പ്രയാണത്തിന് ദിശാബോധം ഉണ്ടായിരിക്കണമെങ്കിൽ വ്യക്തമായ ലക്ഷ്യങ്ങൾ നിങ്ങൾക്കുണ്ടായിരിക്കണം.
നിക്ഷേപം നടത്തുന്നത് സ്വത്ത് സമ്പാദനവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന കാര്യമല്ല അച്ചടക്കവും, ക്ഷമയും, മികച്ച തീരുമാനങ്ങളെടുക്കാനുള്ള കഴിവുമാണ് ഒരു മികച്ച നിക്ഷേപകന്റെ യഥാർത്ഥ മൂലധനം. മേൽപ്പറഞ്ഞ കാര്യങ്ങൾ കൃത്യമായി പാലിച്ചു മുന്നോട്ടു പോകുവാൻ സാധിച്ചാൽ സാമ്പത്തിക സ്വാതന്ത്ര്യം എന്ന നിധി സ്വന്തമാക്കുവാൻ നിങ്ങൾക്ക് തീർച്ചയായും സാധിക്കും.