ഫെയ്സ്ബുക്ക്, ആമസോൺ, ആപ്പിൾ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വിദേശ കമ്പനികളുടെ സേവനങ്ങളും ഉത്പന്നങ്ങളും നമ്മളെല്ലാവരും തന്നെ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ആഗോള ഭീമന്മാരായ ഈ കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഇല്ലാതെ ജീവിക്കുക എന്നത് അസാധ്യമായി മാറിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മേൽപ്പറഞ്ഞ കമ്പനികളെല്ലാം തന്നെ ഇന്ത്യയിൽ നിന്നുള്ള കമ്പനികൾ അല്ലെങ്കിലും ഇത്തരം കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കുക എന്നത് പലർക്കും താല്പര്യമുള്ള കാര്യമായിരിക്കും. ഇന്ത്യയിലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത ഇത്തരം വിദേശ കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം.
ഇന്ത്യൻ ഓഹരി വിപണിയിൽ അയ്യായിരത്തിലധികം ഓഹരികൾ ഉണ്ടായിട്ടും എന്തിനു വേണ്ടിയാണ് വിദേശ വിപണിയിൽ നിക്ഷേപിക്കുവാൻ നിക്ഷേപകർ താൽപര്യപ്പെടുന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. വിദേശ വിപണിയിൽ ഉള്ളതുപോലെ ഇന്ത്യൻ വിപണിയിലും മികച്ച നിലവാരമുള്ള ധാരാളം കമ്പനികളുടെ ഓഹരികൾ കാണുവാൻ സാധിക്കുമെങ്കിലും ധാരാളം വ്യക്തികൾ വിദേശ കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്.

ആമസോൺ, ഫെയ്സ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങി ലോകത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കുന്നത് അഭിമാനകരമായ കാര്യമായി കാണുന്നവരുണ്ട്. ഇത്തരം വ്യക്തികൾ തങ്ങളുടെ പ്രിയപ്പെട്ട കമ്പനികളുടെ ഓഹരികൾ സ്വന്തം പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുന്നു. ലോകോത്തര നിലവാരമുള്ള ലോകത്തിലെ തന്നെ ഏറ്റവും ലാഭകരമായ ബിസിനസ്സുകളിൽ ഏർപ്പെട്ടിരിക്കുന്ന ചില കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കുക വഴി ഉയർന്ന നേട്ടം ലഭിക്കുവാനുള്ള സാധ്യതയും നിക്ഷേപകരെ വിദേശ വിപണിയിലേക്ക് ആകർഷിക്കുന്നു.
വിദേശ ഓഹരികളിലെ നിക്ഷേപം നിക്ഷേപകനെ വൈവിധ്യവൽക്കരണത്തിന് സഹായിക്കുന്നു. കൃത്യമായ ആസൂത്രണത്തിലൂടെ തന്റെ പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കുന്നത് വഴി വിപണിയിലെ കയറ്റിറക്കങ്ങൾ ബാധിക്കാത്ത തരത്തിൽ തന്റെ നിക്ഷേപത്തെ ഒരു അളവ് വരെ സുരക്ഷിതമായി നിലനിർത്തുവാൻ നിക്ഷേപകന് സാധിക്കുന്നു. ഉദാഹരണത്തിന് ഇന്ത്യയിലെ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങൾക്ക് മാറ്റം ഉണ്ടാകുമ്പോൾ ആഭ്യന്തര വിപണിയെ അത് സാരമായി ബാധിക്കുമെങ്കിലും വിദേശ വിപണിയെ ഇത്തരം ആഭ്യന്തര ഘടകങ്ങൾ ബാധിക്കാത്തതിനാൽ തന്നെ വിദേശ വിപണിയിലും ആഭ്യന്തര വിപണിയിലുമായി നിക്ഷേപിക്കുന്നവരെ ഈ മാറ്റങ്ങൾ സാരമായി ബാധിക്കാൻ ഇടയില്ല.

വിദേശ ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നതിന് ഒരു വ്യക്തിക്ക് 250,000 യു എസ് ഡോളർ അതായത് ഏകദേശം രണ്ടു കോടി രൂപയുടെ പരിധി ആർ ബി ഐ നിശ്ചയിച്ചിട്ടുണ്ട്. വിദേശ വിപണിയിൽ നിക്ഷേപിക്കുമ്പോൾ ആ വിപണിയിലെ ബ്രോക്കറേജ് ചാർജ്ജുകളും, ഫീസുകളും ഈടാക്കുന്നത് അവിടുത്തെ കറൻസി അടിസ്ഥാനപ്പെടുത്തി ആയിരിക്കും. ഇന്ത്യൻ വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം ചാർജ്ജുകൾ ഭീമമായ തുകയായി നമുക്ക് അനുഭവപ്പെട്ടേക്കാം. മാത്രമല്ല വിദേശ വിപണിയിൽ നിന്ന് ലഭിക്കുന്ന ലാഭത്തെ ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ നിക്ഷേപകൻ പണത്തിന്റെ വിനിമയത്തിന് ചാർജ്ജുകൾ നൽകേണ്ടതായിട്ടുണ്ട്.
വിദേശ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നത് എങ്ങനെയാണ്
വിദേശ രാജ്യങ്ങളിലെ സ്റ്റോക്ക് ബ്രോക്കർമാരുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ ചില സ്റ്റോക്ക് ബ്രോക്കർമാർ വഴി വിദേശ ഓഹരി വിപണിയിൽ നിക്ഷേപം നടത്താവുന്നതാണ്. വിദേശ ബ്രോക്കർമാരുടെ സഹായത്തോടെ നേരിട്ട് വിദേശ വിപണിയിൽ നിക്ഷേപിക്കുവാൻ സാധിക്കുമെങ്കിലും അതിനായി ഈടാക്കുന്ന ചാർജ്ജ് വളരെ കൂടുതലാണ്. മാത്രമല്ല വിദേശ ബ്രോക്കർമാർ വഴി നേരിട്ട് നിക്ഷേപിക്കുവാൻ കുറെയധികം രേഖകൾ ആവശ്യമായി വരുന്നതിനാൽ തന്നെ നേരിട്ടുള്ള നിക്ഷേപം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
വിദേശ വിപണിയിൽ നിക്ഷേപിക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം എന്നത് വിദേശ വിപണിയുടെ ഓഹരികൾ, ഡെറ്റ് ഉപകരണങ്ങൾ, ബോണ്ടുകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുക എന്നതാണ്. വിദേശ ഓഹരികളിൽ നേരിട്ട് നിക്ഷേപം നടത്തുന്ന ഡയറക്ട് മ്യൂച്വൽ ഫണ്ടുകളും വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് അഥവാ ഇ ടി എഫിൽ നിക്ഷേപിക്കുന്ന ഫണ്ട്സ് ഓഫ് ഫണ്ട്സ് വിഭാഗത്തിൽ വരുന്ന മ്യൂച്വൽ ഫണ്ടുകളും നിക്ഷേപത്തിനായി തിരഞ്ഞെടുക്കാവുന്നതാണ്.

വിദേശ സെക്യൂരിറ്റികളെ അടിസ്ഥാനപ്പെടുത്തിയ ഈ ടി എഫിൽ നേരിട്ട് നിക്ഷേപിക്കുവാൻ കഴിയുമെങ്കിലും അവയുടെ യൂണിറ്റുകളുടെ വില അധികമായതിനാൽ തന്നെ സാധാരണക്കാരായ വ്യക്തികളെ സംബന്ധിച്ച് അത് പ്രായോഗികമായ കാര്യമല്ല.
വിദേശ ഓഹരികളിൽ നിക്ഷേപിക്കുവാൻ തീരുമാനിക്കുന്നവർ വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നതിനോടൊപ്പം തന്നെ അവരുടെ നിക്ഷേപത്തിന്റെ ഒരു ഭാഗം ആഭ്യന്തര വിപണിയിൽ നിക്ഷേപിക്കുന്നത് നല്ലതാണ്. ഒരു പ്രത്യേക വിപണിയെ മാത്രം ആശ്രയിക്കുമ്പോൾ ഭാവിയിൽ ആ വിപണിയിൽ ഉണ്ടാകുന്ന ഏതൊരു ആഘാതവും ഒരു വ്യക്തിയുടെ ആകെയുള്ള നിക്ഷേപത്തെ മോശമായി ബാധിക്കാതിരിക്കുവാൻ നിക്ഷേപം വൈവിധ്യവൽക്കരിക്കുന്നതിന് പ്രാധാന്യം നൽകുവാൻ ശ്രമിക്കുക.