loan-application

Sharing is caring!

മനസ്സമാധാനത്തോടെ ജീവിത ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിയുന്ന അവസ്ഥയാണ് സാമ്പത്തിക ഭദ്രത നിങ്ങൾക്ക് നൽകുന്നത്.  നിങ്ങളുടെ ഭാവി ജീവിതത്തിനായി ശക്തമായ സാമ്പത്തിക അടിത്തറ സൃഷ്ടിക്കുവാൻ മ്യൂച്വൽ ഫണ്ടുകൾ നിങ്ങളെ സഹായിക്കും. പല സാമ്പത്തിക സാഹചര്യങ്ങളേയും സധൈര്യം നേരിടുവാൻ മ്യൂച്വൽ ഫണ്ട് ഈടായി  നൽകി ലഭ്യമാകുന്ന ലോണുകൾ നിങ്ങളെ സഹായിച്ചേക്കാം. മ്യൂച്വൽ ഫണ്ട് ഇടായി നൽകി എടുക്കുന്ന ലോണുകളുടെ പ്രത്യേകതകളാണ് നാം ഇവിടെ പരിശോധിക്കുന്നത്.

മ്യൂച്വൽ ഫണ്ടുകൾ ഈടായി സ്വീകരിച്ച് നൽകുന്ന ലോണുകൾ പ്രവർത്തിക്കുന്നത് എങ്ങനെയാണ്

നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം ധനകാര്യ സ്ഥാപനങ്ങളിൽ ജാമ്യമായി നൽകി നിങ്ങൾക്ക് ലോണെടുക്കാനാകും. ഇതിലൂടെ നിക്ഷേപം പിൻവലിക്കാതെ തന്നെ വിവിധ ആവശ്യങ്ങൾക്കുള്ള തുക കണ്ടെത്തുവാൻ നിങ്ങൾക്ക് സാധിക്കുന്നു.

മ്യൂച്വൽ ഫണ്ട് ഇടായി നൽകി ലോണെടുക്കുമ്പോൾ രണ്ട് കാര്യങ്ങളെ ആശ്രയിച്ചാണ് നിങ്ങൾക്ക് ലോൺ തുക ലഭ്യമാകുന്നത്. നിങ്ങൾ നിക്ഷേപം നടത്തിയിരിക്കുന്ന മ്യൂച്വൽ ഫണ്ട് ഏതാണെന്നുള്ളതും ഏത് ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് നിങ്ങൾ ലോൺ എടുക്കുന്നത്, എന്നിവയാണ് ആ രണ്ട് കാര്യങ്ങൾ. നിങ്ങളുടെ ഉടമസ്ഥതയിലുള്ള മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ ഉറപ്പിൻമേലാണ് നിങ്ങൾക്ക് ലോൺ തുക അനുവദിക്കുന്നത്.

mutual-fund-investments

ലോൺ പൂർണ്ണമായി തിരിച്ചടയ്ക്കുന്നത് വരെ ഈടായി നൽകിയ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ കൈവശം വയ്ക്കുന്നത് ബാങ്കുകളാണ്. ജാമ്യമായി നൽകിയിരിക്കുകയാണെങ്കിയും സാധാരണയുള്ളതുപോലെ തന്നെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ മൂല്യത്തിൽ വിപണിയുമായി ബന്ധപ്പെട്ട എല്ലാ മാറ്റങ്ങളും പ്രകടമായിരിക്കും. ലോൺ പൂർണ്ണമായി തിരിച്ചടച്ചു കഴിഞ്ഞാൽ നിങ്ങളുടെ നിക്ഷേപത്തിന്മേൽ ബാങ്കുകൾക്കുള്ള എല്ലാ അവകാശങ്ങളും അവസാനിക്കുകയും നിങ്ങൾക്ക് പൂർണ്ണ ഉടമസ്ഥാവകാശം തിരികെ ലഭിക്കുകയും ചെയ്യുന്നു. 

നിങ്ങൾ ലോൺ തിരിച്ചടക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ ബാങ്കുകൾ മ്യൂച്വൽ ഫണ്ട് കമ്പനികളെ ബന്ധപ്പെട്ട് തിരിച്ചടയ്ക്കുവാനുള്ള ബാക്കി തുക പലിശ സഹിതം ഈടാക്കുന്നതാണ്. 

മ്യൂച്വൽ ഫണ്ട് ഇടായി സ്വീകരിച്ച് നൽകുന്ന ലോണുകളുടെ പ്രത്യേകതകൾ

ലോൺ ലഭിക്കുന്നതിനുള്ള  മാനദണ്ഡങ്ങൾ

18 മുതൽ 75 വയസ്സു വരെ പ്രായമുള്ള ഇന്ത്യൻ പൗരനായ വ്യക്തിക്കാണ് മ്യൂച്വൽ ഫണ്ടുകൾ ഈടായി സ്വീകരിച്ച് ലോൺ നൽകാറുള്ളത്. അഞ്ഞൂറിന് മുകളിൽ സിബിൽ സ്കോർ ഉള്ളവർക്ക് മാത്രമേ ഇത്തരത്തിലുള്ള ലോൺ ലഭിക്കുവാനുള്ള അർഹതയുള്ളൂ.

ലോൺ ലഭിക്കണമെങ്കിൽ നിങ്ങൾക്ക് സാധുവായ പാൻ നമ്പർ ഉണ്ടായിരിക്കണം. ഒരു പാൻ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് രണ്ട് ലോൺ അക്കൗണ്ടുകൾ ആരംഭിക്കുവാൻ സാധിക്കും. ഒന്ന് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ടതും മറ്റൊന്ന് ഡെറ്റ് ഫണ്ടുമായി ബന്ധപ്പെട്ടതുമായിരിക്കും. മേൽപ്പറഞ്ഞ രണ്ട് വിഭാഗത്തിൽപ്പെടുന്ന മ്യൂച്വൽ ഫണ്ടുകളും ലോണിന് ഈടായി സ്വീകരിക്കാറുണ്ട്.

ലോൺ തുക

ജാമ്യമായി നൽകുന്ന മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ മൂല്യം അനുസരിച്ചാണ് ലോൺ തുക നിശ്ചയിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങൾ നെറ്റ് അസറ്റ് വാല്യൂ അഥവാ മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ നിലവിലെ മൂല്യം പരിഗണിച്ച് ആകെ മൂല്യത്തിന്റെ നിശ്ചിത ശതമാനമാണ് നിങ്ങൾക്ക് ലോണായി നൽകുക. 

ഉദാഹരണത്തിന് നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ ആകെ മൂല്യം 10 ലക്ഷമാണെങ്കിൽ ആ മൂല്യത്തിന്റെ 50 മുതൽ 80 ശതമാനം വരെയുള്ള തുക അതായത് 5 മുതൽ 8 ലക്ഷം രൂപ വരെയായിരിക്കാം നിങ്ങൾക്ക് ലോണായി നൽകുവാൻ ധനകാര്യ സ്ഥാപനങ്ങൾ തയ്യാറാവുക. ധനകാര്യ സ്ഥാപനങ്ങളുടെ നയവും നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ പ്രത്യേകതയും അനുസരിച്ചാണ് ലോൺ തുക നിർണ്ണയിക്കപ്പെടുന്നത്.

പലിശ നിരക്ക്

പല ഘടകങ്ങളേയും ആശ്രയിച്ച് ഇത്തരം ലോണുകളുടെ പലിശ നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും വ്യത്യസ്ത നിരക്കിലായിരിക്കും ലോണുകൾ നൽകുന്നുണ്ടാവുക. കൂടാതെ ലോൺ തുകയും വിപണിയിലെ നിലവിലെ സാഹചര്യങ്ങളും പലിശ നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഉദാഹരണത്തിന് നിലവിൽ വിപണിയിൽ  ലോണുകൾക്ക് ചുമത്തുന്ന പലിശ താരതമ്യേന കുറവാണെങ്കിൽ മ്യൂച്വൽ ഫണ്ട് ഈടായി സ്വീകരിച്ച് നൽകുന്ന ലോണിന്റെ പലിശ നിരക്കും കുറവായിരിക്കും. 

ലോണിന്റെ കാലാവധി

മറ്റ് ലോണുകളുമായി താരതമ്യം ചെയ്യുമ്പോൾ മ്യൂച്വൽ ഫണ്ട് ഈടായി നൽകി എടുക്കുന്ന ലോണുകളുടെ കാലാവധി കുറവാണ്. ഏതാനും മാസങ്ങൾ മുതൽ കുറച്ച് വർഷങ്ങൾ വരെ നീണ്ടുനിൽക്കുന്നതാണ് ഇത്തരം ലോണുകളുടെ കാലാവധി.

ഉദാഹരണത്തിന്, ഒരു ഹോം ലോണിൻ്റെ കാലാവധി പതിനഞ്ച് മുതൽ മുപ്പത് വർഷം വരെയാണ് എന്നാൽ മ്യൂച്വൽ ഫണ്ട് ഈടായി നൽകി എടുക്കുന്ന ലോണുകളുടെ കാലാവധി സാധാരണഗതിയിൽ ഒന്ന് മുതൽ മൂന്ന് വർഷം വരെ ആയിരിക്കും. ലോൺ എന്തിനുവേണ്ടിയാണ് എടുക്കുന്നത് എന്നതും ലോണിന് ഇടായി നൽകിയിരിക്കുന്ന ജാമ്യവസ്തുവിന്റെ പ്രത്യേകതയും ലോണിന്റെ കാലാവധി നിർണ്ണയിക്കുന്ന ഘടകങ്ങളാണ്.

തിരിച്ചടവ്

തിരിച്ചടവുമായി ബന്ധപ്പെട്ട നിബന്ധനകൾ ലോൺ നൽകുന്ന ധനകാര്യ സ്ഥാപനത്തിൻ്റെ നയങ്ങൾക്ക് അനുസരിച്ചായിരിക്കും നിശ്ചയിക്കുക.  മുതലും പലിശയും ഉൾപ്പെടുത്തി ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്ന രീതിയിലായിരിക്കും തിരിച്ചടവുകൾ നിശ്ചയിക്കപ്പെടുന്നത്.

living-in-limited-income

ഉദാഹരണത്തിന് നിങ്ങളുടെ ലോൺ തുകയുടെ നിശ്ചിത ഭാഗവും പലിശയും ചേർത്തായിരിക്കും നിങ്ങൾ ഓരോ മാസവും ലോണിലേക്ക് തുക അടയ്ക്കുന്നത്. ചില സ്ഥാപനങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ അല്ലെങ്കിൽ വർഷത്തിൽ രണ്ട് തവണ എന്നിങ്ങനെ പണം തിരിച്ചടയ്ക്കുവാനുള്ള അവസരം നൽകിയേക്കാം. നിങ്ങൾ ലോൺ എടുക്കുന്ന ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട നിബന്ധനകൾ കൃത്യമായി മനസ്സിലാക്കാൻ ശ്രമിക്കുക.

മ്യൂച്വൽ ഫണ്ട് ഈടായി സ്വീകരിച്ച് നൽകുന്ന ലോണുകളുടെ ഗുണങ്ങൾ എന്തെല്ലാമാണ്

ലിക്വിഡിറ്റി

എത്രവേഗം നിങ്ങൾക്ക് പണം ലഭ്യമാകുന്നു എന്നതാണ് ലിക്വിഡിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മ്യൂച്വൽ ഫണ്ട് ഈടായി നൽകി ലോണെടുക്കുമ്പോൾ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിറ്റഴിക്കാതെ തന്നെ താരതമ്യേന വേഗത്തിൽ നിങ്ങൾക്ക് പണം ലഭ്യമാകുന്നു. ഇവിടെ നിങ്ങളുടെ നിക്ഷേപം സുരക്ഷിതമായി തുടരുന്നതിനോടൊപ്പം തന്നെ ഭാവിയിൽ അവയിൽ നിന്ന്  കൂടുതൽ നേട്ടം ലഭിക്കുവാനുള്ള സാധ്യത നിലനിൽക്കുകയും ചെയ്യുന്നു. നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് നേട്ടം ലഭ്യമാകുമ്പോൾ തന്നെ ആവശ്യങ്ങൾ നിറവേറ്റുവാനുള്ള പണം കണ്ടെത്തുവാനും നിങ്ങൾക്ക് സാധിക്കുന്നു എന്നത് ഇത്തരം ലോണുകളുടെ പ്രധാന സവിശേഷതയാണ്.

നികുതി ബാധ്യതയിൽ ഉണ്ടാകുന്ന കുറവ്

മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ ഉടമസ്ഥാവകാശം നിങ്ങൾക്കുണ്ടെങ്കിലും യൂണിറ്റുകൾ വിറ്റഴിച്ച് ലാഭം നേടാത്തതിനാൽ മൂലധന നേട്ടത്തിന് നൽകേണ്ടിവരുന്ന നികുതി ഒഴിവാക്കുവാൻ കഴിയുന്നു. പണം ലഭ്യമാകുവാനുള്ള ഒരു നികുതി സൗഹൃദമായ രീതിയായതിനാൽ തന്നെ ഇവിടെ നിങ്ങൾക്ക് പണം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനുള്ള അവസരം ലഭിക്കുന്നുണ്ട്.

ലളിതമായ നടപടിക്രമം

മറ്റ് ലോണുകൾക്ക് ആവശ്യമായി വരുന്ന നടപടിക്രമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മ്യൂച്വൽ ഫണ്ട് നൽകി ലോണെടുക്കുക എന്നത് വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ പൂർത്തിയാക്കുവാൻ സാധിക്കുന്ന കാര്യമാണ്. നിക്ഷേപം പിൻവലിക്കാതെ തന്നെ ഒരു ജാമ്യം എന്ന നിലയിൽ അവയെ ഉപയോഗപ്പെടുത്തി പണം കണ്ടെത്തുവാൻ നിങ്ങൾക്ക് കഴിയുന്നു.

loan-agreement

ദീർഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് പ്രവർത്തിക്കുന്നവർക്ക് അവരുടെ പദ്ധതികളെ ബാധിക്കാത്ത രീതിയിൽ ആസൂത്രണം ചെയ്യുവാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ രീതിയാണിത്. 

ഏത് അവസരത്തിലാണ് മ്യൂച്വൽ ഫണ്ട് ഈട് നൽകി ലോൺ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത്

ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക ആവശ്യങ്ങൾ

ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുവാനായി ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ ഈടായി സ്വീകരിച്ച് നൽകുന്ന ലോണുകൾ. ആശുപത്രി ചെലവുകൾ, വാഹനത്തിന്റെ റിപ്പയറിംഗ് തുടങ്ങി ഒഴിവാക്കാനാകാത്ത പല സാഹചര്യങ്ങളേയും നേരിടുവാൻ ഇത്തരത്തിലുള്ള ലോൺ നിങ്ങൾക്ക് ഉപയോഗപ്പെട്ടേക്കാം.

ദീർഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങളെ ബാധിക്കാത്ത തരത്തിൽ പെട്ടെന്നുണ്ടാകുന്ന അത്യാവശ്യങ്ങൾ നേരിടുവാൻ നിങ്ങൾക്കാകുന്നു എന്നതാണ് ഇത്തരത്തിലുള്ള ലോണുകളുടെ പ്രസക്തി. നിങ്ങളുടെ നിക്ഷേപം സുരക്ഷിതമായി നിലനിർത്തിക്കൊണ്ടുതന്നെ പെട്ടെന്നുള്ള പണത്തിന്റെ ആവശ്യങ്ങൾക്കുള്ള പ്രായോഗികമായ വഴിയാണിത്.

മൂലധന നേട്ടത്തിന് നൽകേണ്ട നികുതി ഒഴിവാക്കുവാൻ

മൂലധന നേട്ടത്തിന് മേലുള്ള നികുതി ഒഴിവാക്കുവാനായി മ്യൂച്വൽ ഫണ്ടുകൾ ഈടായി സ്വീകരിച്ച് ലഭ്യമാകുന്ന ലോണുകളെ ആശ്രയിക്കാവുന്നതാണ്. നികുതി ബാധ്യത കടന്നുവരാതെ തന്നെ പണം കണ്ടെത്തുവാനുള്ള ഉത്തമ മാർഗ്ഗമാണിത്. 

സംഗ്രഹം

നിങ്ങളുടെ നിക്ഷേപം വിറ്റഴിക്കാതെ പണം കണ്ടെത്തുവാൻ സഹായിക്കുന്ന നികുതി സൗഹൃദവും ലളിതവുമായ ഒരു ലോൺ എടുക്കുവാൻ മ്യൂച്വൽ ഫണ്ടുകൾ ഈടായി നൽകുന്നതിലൂടെ നിങ്ങൾക്ക് സാധിക്കുന്നു എന്നതാണ് വസ്തുത. എന്നിരുന്നാലും ഈ രീതിയിൽ നിലനിൽക്കുന്ന ഗുണങ്ങളും റിസ്ക്കുകളും കൃത്യമായി മനസ്സിലാക്കി നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളും ലക്ഷ്യങ്ങളും പരിഗണിച്ച് ലോണെടുക്കുവാനുള്ള തീരുമാനം കൈക്കൊള്ളുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കടക്കെണിയിൽ നിന്നും എങ്ങനെ എളുപ്പത്തിൽ കരകയറാം

ഒരു ശരാശരി മലയാളിയുടെ സാമ്പത്തിക പ്രതിസന്ധി എന്താണ് എന്ന ചോദ്യത്തിന് ഏറ്റവും ശരിയായ ഉത്തരം ലോണുകൾ…

മ്യൂച്വൽ ഫണ്ട് ഈട് നൽകി ലോൺ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട എട്ട് കാര്യങ്ങൾ

ധനകാര്യ സ്ഥാപനങ്ങളിൽ  മ്യൂച്വൽ ഫണ്ട് ഈടായി നൽകി വായ്പ എടുക്കുവാനുള്ള സൗകര്യം ലഭ്യമാണ്. നിങ്ങളുടെ നിക്ഷേപം…

ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം

ജീവിതത്തിലെ പല സാഹചര്യങ്ങളിൽ മുന്നോട്ടു പോകുവാനായി പലർക്കും ലോണുകളേയും പലതരത്തിലുള്ള കടങ്ങളേയും ആശ്രയിക്കേണ്ടി വരാറുണ്ട്. എന്നാൽ…

ഇ എം ഐ ഇടപാടുകൾ നടത്തുമ്പോൾ ഒഴിവാക്കേണ്ട 7 തെറ്റുകൾ

നിങ്ങൾ പണം കടം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നിങ്ങളുടെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കേണ്ടത് വളരെ…