പല വ്യക്തികളും സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുവാൻ കാരണം പണം എന്താണെന്നും പണം പ്രവർത്തിക്കുന്നത് എങ്ങനെയാണെന്നും ശരിയായ രീതിയിൽ മനസ്സിലാക്കാത്തതിനാലാണ്. പലരും പണത്തെ ഒരു മൂല്യമുള്ള ഭൗതിക വസ്തു എന്ന നിലയിൽ മാത്രം കണക്കാക്കുകയും അത് സ്വന്തമാക്കുവാൻ വളരെയധികം കഷ്ടപ്പെടുകയും ചെയ്യാറുണ്ട്. പണം എന്നത് ഒരു സങ്കല്പം മാത്രമാണെന്നും, പണം പ്രവർത്തിക്കുന്നത് എങ്ങനെയാണെന്നും കൃത്യമായി മനസ്സിലാക്കിയാൽ പണം സമ്പാദിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.
പണത്തെക്കുറിച്ച് ഏറ്റവും അടിസ്ഥാനപരമായി നാം മനസ്സിലാക്കേണ്ട സത്യം എന്തെന്നാൽ പണം ഒരിക്കലും നമുക്ക് സന്തോഷം നൽകുന്നില്ല. എന്നാൽ പണം ഉപയോഗിച്ച് സ്വന്തമാക്കുവാൻ കഴിയുന്ന കാര്യങ്ങളിലൂടെയാണ് നമുക്ക് സന്തോഷം ലഭിക്കുന്നത്. വളരെ കാലം ആഗ്രഹിച്ച ശേഷം ഒരു കാര്യം പണം നൽകി സ്വന്തമാക്കുമ്പോൾ നമുക്ക് വളരെയധികം സന്തോഷം ഉണ്ടായേക്കാം. എന്നാൽ അങ്ങനെ ലഭിക്കുന്ന സന്തോഷം ശാശ്വതമായ ഒന്നല്ല.
നമുക്കു ചുറ്റും കാണുവാൻ കഴിയുന്ന ഒരു ഉദാഹരണമെടുത്താൽ ഈ കാര്യം വ്യക്തമാകുന്നതാണ്. പല വ്യക്തികളും വളരെ ആഗ്രഹിച്ച് വാഹനങ്ങൾ സ്വന്തമാക്കാറുണ്ട്. വാഹനങ്ങൾ സ്വന്തമാക്കിയ ശേഷം തുടക്കകാലത്ത് വളരെ കാര്യമായി വാഹനങ്ങൾ പരിപാലിക്കുമെങ്കിലും കാലക്രമേണ അവയോടുള്ള താല്പര്യം കുറഞ്ഞു വരുന്നതായിട്ടാണ് കാണുവാൻ കഴിയുന്നത്. എത്ര തന്നെ ആഗ്രഹിച്ചു നേടിയ കാര്യമാണെങ്കിലും നേടിക്കഴിഞ്ഞാൽ അതിനോടുള്ള താല്പര്യം കുറയുവാനുള്ള സാധ്യത ഏറെയാണ്.

പണം എന്നത് ഒരു സങ്കല്പം തന്നെയാണ്. എന്നാൽ ഈ സത്യം ഉൾക്കൊള്ളുവാൻ സാധാരണക്കാരായ വ്യക്തികൾക്ക് സാധിക്കാത്തതിനാലാണ് പണത്തെ സൂചിപ്പിക്കുവാൻ കറൻസി നോട്ടുകളും നാണയങ്ങളും ഗവൺമെന്റ് പുറത്തിറക്കിയിരിക്കുന്നത്. പ്രായോഗികതലത്തിൽ പണത്തിന്റെ പ്രസക്തി എന്താണെന്ന് ഒരു ചെറിയ ഉദാഹരണത്തിലൂടെ മനസ്സിലാക്കുവാൻ ശ്രമിക്കാം.
ഒരു വ്യക്തിയുടെ കൈവശം ഒരു ചാക്ക് അരിയും മറ്റൊരു വ്യക്തിയുടെ കൈവശം ഒരു ചാക്ക് ഗോതമ്പും ഉണ്ടെന്ന് കരുതുക. അരി കൈവശമുള്ള വ്യക്തിക്ക് ആവശ്യമുള്ളത് ഗോതമ്പും, ഗോതമ്പ് കൈവശമുള്ള വ്യക്തിക്ക് ആവശ്യമുള്ളത് അരിയുമാണ്. ഇവിടെ അരിയുടേയും ഗോതമ്പിന്റേയും മൂല്യം തുല്യമായി കണക്കാക്കി പരസ്പരം കൈമാറുകയാണെങ്കിൽ പണത്തിന്റെ ആവശ്യമുണ്ടാകുന്നില്ല.
മറ്റൊരു ഉദാഹരണം എടുത്താൽ ഒരു വ്യക്തിയുടെ കൈവശം ഭൂസ്വത്ത് ഉണ്ടെന്ന് കരുതുക. ആ ഭൂസ്വത്ത് ഉപയോഗിച്ച് ആ വ്യക്തിക്ക് സ്വന്തമാക്കേണ്ടത് ഒരു വാഹനമാണ്. ഇവിടെ സൂചിപ്പിച്ചിരിക്കുന്ന രണ്ട് വസ്തുക്കളുടെയും മൂല്യത്തിൽ കാര്യമായ വ്യത്യാസമുള്ളതിനാൽ തന്നെ വസ്തുവകളുടെ കൈമാറ്റം ഒരിക്കലും തുല്യമായിരിക്കില്ല. അതിനാൽ വസ്തുവകകൾ കൈമാറുമ്പോൾ അവയുടെ മൂല്യത്തിന് അനുസരിച്ച് തുല്യത കൈവരിക്കുന്നതിന് ഒരു ഉപാധിയായിട്ടാണ് പണം എന്ന സങ്കല്പം സൃഷ്ടിച്ചിരിക്കുന്നത്.

ഇടപാടുകൾ സുതാര്യമാക്കുവാനും, ലളിതമാക്കുവാനും വേണ്ടിയാണ് വസ്തുവകകളുടെ കൈമാറ്റത്തിന് പണം ഉപയോഗിക്കുന്നത്. മൂല്യത്തിന്റെ സുഗമമായ കൈമാറ്റത്തിന് ഉപയോഗിക്കുന്ന ഒരു ഉപാധി മാത്രമായ പണത്തെ പിന്തുടരാതെ വസ്തുവകകളുടേയും സേവനങ്ങളുടേയും മൂല്യത്തിന് പ്രാധാന്യം നൽകുവാനാണ് നാം തയ്യാറാകേണ്ടത്. വ്യക്തികളാകട്ടെ അവരവരുടെ മേഖലയിൽ നേടുന്ന വൈദഗ്ധ്യത്തിലും സ്വന്തം വസ്തുവകകളുടെ കാര്യത്തിലും മൂല്യ വർദ്ധനവിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്.
മൂല്യ വർദ്ധനവിന്റെ നേട്ടം എന്താണെന്ന് വളരെ ലളിതമായ ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. ഒരു വ്യക്തി തന്റെ പക്കലുള്ള തരിശു ഭൂമി വിൽക്കുവാൻ ശ്രമിക്കുമ്പോൾ ലഭിക്കുന്ന തുകയേക്കാൾ അധികം തുക ആ തരിശു ഭൂമി വളക്കൂറുള്ള ഭൂമിയാക്കി മാറ്റി വിൽക്കാൻ ശ്രമിക്കുമ്പോൾ ലഭിക്കുന്നു. ഇവിടെ തന്റെ അധ്വാനത്തിലൂടെ തരിശു ഭൂമിയെ ഫലഭൂഷ്ഠമായ മണ്ണാക്കി മാറ്റുമ്പോൾ ആ വ്യക്തി ചെയ്യുന്ന മൂല്യ വർദ്ധനവിന്റെ നേട്ടം അധികം തുകയായി ആ വ്യക്തിയ്ക്ക് തന്നെതിരിച്ചു ലഭിക്കുന്നു. അതായത് ഒരു സങ്കല്പം മാത്രമായ പണം സമ്പാദിക്കുന്നതിലുപരിയായി നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് മൂല്യ വർദ്ധനവിന് തന്നെയാണ്.
മനസ്സിലെ വേലിക്കെട്ടുകൾ തകർക്കുക
ധനികരായ വ്യക്തികൾ ലക്ഷങ്ങളുടേയും കോടികളുടേയും കണക്കുകളെക്കുറിച്ച് കേൾക്കുമ്പോൾ അവർക്ക് പ്രത്യേകിച്ചൊന്നും തന്നെ തോന്നാറില്ല. എന്നാൽ സാധാരണക്കാരായ വ്യക്തികളിൽ ചിലർ വളരെ ഉയർന്ന തുകയെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ തനിക്ക് ഒരിക്കലും നേടാനാകാത്ത ഒന്നാണ് അത് എന്ന് സ്വയം പറയാറുണ്ട്.
സ്വയം സൃഷ്ടിച്ച വേലിക്കെട്ടിനുള്ളിൽ നിന്ന് ചിന്തിക്കുമ്പോൾ ലക്ഷങ്ങളും കോടികളും തനിക്ക് ഒരിക്കലും നേടാനാവില്ല എന്നോർത്ത് വിഷമിക്കുവാൻ മാത്രമേ സാധാരണക്കാരായ വ്യക്തികൾക്ക് സാധിക്കുകയുള്ളൂ. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മുടെ വളർച്ചയെ തടയുന്നത് നമ്മുടെ തെറ്റായ ചിന്തകളാണ്. ചിന്തകളാൽ സൃഷ്ടിക്കപ്പെട്ട വേലിക്കെട്ടിന്റെ ഉള്ളിൽ നിന്ന് പുറത്തു വന്നാൽ മാത്രമേ ജീവിതത്തിൽ പുരോഗമനം ഉണ്ടാവുകയുള്ളൂ.

മേൽപ്പറഞ്ഞ രീതിയിൽ സ്വയം പ്രതിരോധം തീർക്കുന്നവരാണോ നിങ്ങൾ എന്ന് തിരിച്ചറിയുവാൻ ഒരു ചെറിയ ഉദാഹരണത്തിലൂടെ സാധിക്കും. ജീവിതത്തിൽ സാധാരണയായി ഉണ്ടാകുന്ന കാര്യങ്ങൾക്കായി പണം ചെലവഴിക്കുമ്പോൾ നമ്മൾ ആരും തന്നെ ആകുലപ്പെടാറില്ല. എന്നാൽ നമ്മുടെ ചില ആഗ്രഹങ്ങൾ നടത്തുവാനായി കുറച്ചധികം പണം ചെലവഴിക്കുമ്പോൾ അധികമായി ചെലവഴിച്ച പണത്തെക്കുറിച്ച് ഓർത്ത് ആകുലപ്പെടുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങളും സ്വയം സൃഷ്ടിച്ച വേലിക്കെട്ടിനുള്ളിൽ നിൽക്കുന്നവരാണെന്ന് പറയേണ്ടിവരും. പരിധികൾ നിർണയിക്കാതെ ആത്മവിശ്വാസത്തോടുകൂടി ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കാൻ മുതിരുന്നവർക്ക് മാത്രമേ അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള ജീവിതം ലഭിക്കുകയുള്ളു.
ക്ഷമയോടെ കാത്തിരിക്കുക
കുറുക്കുവഴികളിലൂടെ പണം സമ്പാദിക്കാൻ സാധിക്കുകയില്ല. ആത്മാർത്ഥമായ പരിശ്രമവും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ ഏതൊരു വ്യക്തിക്കും പണം നേടുവാൻ സാധിക്കുകയുള്ളൂ. ദീർഘകാല അടിസ്ഥാനത്തിലുള്ള പ്രായോഗികമായ പദ്ധതികൾ ആവിഷ്കരിച്ചാൽ മാത്രമേ നിങ്ങൾക്ക് ധനികനായി മാറുവാൻ സാധിക്കുകയുള്ളൂ.
ആമയുടേയും മുയലിന്റേയും കഥ കുട്ടിക്കാലം മുതൽ നമ്മളെല്ലാവരും കേട്ടുപഴകിയതാണ്. മത്സരം ആരംഭിക്കുമ്പോൾ തന്നെ ആമയെക്കാൾ വേഗം മുയലിനാണെന്ന് ആമയ്ക്ക് അറിയാമായിരുന്നു. എന്നിട്ടും ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടുള്ള സ്ഥിരതയാർന്ന പ്രകടനത്തിലൂടെയാണ് ആമ മത്സരത്തിൽ വിജയിച്ചത്. ആമയെ പോലെ തന്നെ നമ്മൾ ഏതു പദ്ധതിയിലൂടെയാണ് മുന്നോട്ടു പോകുവാൻ ശ്രമിക്കുന്നത് ആ പദ്ധതിയിൽ ആത്മാർത്ഥമായി വിശ്വസിച്ചു കൊണ്ട് ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാൻ തയ്യാറാവുക.
നാം ചെയ്യേണ്ടത് ചെയ്യുക, നമുക്ക് സാധ്യമായ രീതിയിൽ അച്ചടക്കത്തോടെ പ്രവർത്തിച്ചാൽ തീർച്ചയായും ലക്ഷ്യത്തിൽ എത്തിച്ചേരുക തന്നെ ചെയ്യും. അതിനിടയിൽ ചുറ്റുമുള്ളവർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നാം ആകുലപ്പെടേണ്ടതില്ല. ആയിരം മാർഗ്ഗങ്ങളിലൂടെ ലക്ഷ്യത്തിലെത്തുവാൻ ശ്രമിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടേറിയതാണെങ്കിലും താൻ സഞ്ചരിക്കുന്ന പാതയിൽ അടിയുറച്ച് മുന്നോട്ട് പോകുന്നവരാണ് ഈ ലോകത്തിൽ വിജയികളായി മാറുന്നത്.