financial-freedom

നമ്മളിൽ പലരും രാവിലെ 9 മണി മുതൽ വൈകിട്ട് 10 മണി വരെ ജോലി ചെയ്യുന്നത് ആ ജോലിയോടുള്ള താല്പര്യം കൊണ്ടായിരിക്കില്ല മറിച്ച് ആ ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളം കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുവാനായിരിക്കും. ഒരു അഞ്ച്, ആറ് വർഷം തുടർച്ചയായി ഒരേ ജോലി ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തികളിൽ ചിലർക്ക് കാലക്രമത്തിൽ അവരുടെ ജോലിയിൽ വിരസത അനുഭവപ്പെട്ടേക്കാം. 

ഇങ്ങനെയുള്ള ജീവിതാവസ്ഥയിൽ നിന്ന് മോചനം ലഭിക്കുവാനുള്ള ഏക വഴി സാമ്പത്തിക സ്വാതന്ത്ര്യമാണ്. സാമ്പത്തിക സ്വാതന്ത്ര്യം എന്നത് കുറെയധികം പണം  നേടുന്നതല്ല മറിച്ച് ഒരു വ്യക്തിയുടെ ഇഷ്ടാനുസരണം ആ വ്യക്തിക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നുണ്ടെങ്കിൽ, അതിനാവശ്യമായ സാമ്പത്തിക ഭദ്രത ആ വ്യക്തിക്ക് കൈവശമുണ്ടെങ്കിൽ ആ വ്യക്തി സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്നു എന്ന് പറയാനാകും. 

സാമ്പത്തിക സ്വാതന്ത്ര്യം എന്ന വാക്ക് പലപ്പോഴും ലക്ഷങ്ങളും, കോടികളും സ്വന്തമാക്കുക എന്ന നിലയിൽ തെറ്റായി വ്യാഖ്യാനിക്കാറുണ്ട് എന്നാൽ ഏറ്റവും ലളിതമായ വാക്കുകളിൽ പറഞ്ഞാൽ സാമ്പത്തിക സ്വാതന്ത്ര്യം എന്നത് സ്വന്തം താല്പര്യത്തിനനുസരിച്ചുള്ള ജീവിതരീതി മുന്നോട്ടു കൊണ്ടുപോകുവാൻ ഒരു വ്യക്തിക്ക് സാധിക്കുന്ന അവസ്ഥ മാത്രമാണ്. സാമ്പത്തിക സ്വാതന്ത്ര്യം എന്ന അവസ്ഥയിലേക്ക് എത്തിച്ചേരാൻ ജീവിതത്തിൽ നാം പാലിക്കേണ്ട 10 കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ജീവിതലക്ഷ്യങ്ങൾ നിർവചിക്കുക

എല്ലാ വ്യക്തികൾക്കും ജീവിത ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും എന്നാൽ ആ ലക്ഷ്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുവാൻ പലരും ശ്രമിക്കാറില്ല. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക,  നല്ല വാഹനം സ്വന്തമാക്കുക, വീട് വയ്ക്കുക, ബിസിനസ്റ്റ് ആരംഭിക്കുക തുടങ്ങി പലതരം ലക്ഷ്യങ്ങൾ മനസ്സിലുണ്ടെങ്കിലും അവയൊന്നും തന്നെ കൃത്യമായി എഴുതി വയ്ക്കുവാൻ ഭൂരിഭാഗം വ്യക്തികളും തയ്യാറാകുന്നില്ല. 

financial-freedom

എല്ലാ ദിവസവും വ്യക്തമായി കാണുവാൻ കഴിയുന്ന വിധത്തിൽ ജീവിതലക്ഷ്യങ്ങൾ എഴുതി വയ്ക്കുക. സ്വന്തം ജീവിത ലക്ഷ്യങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നത്  തുടർച്ചയായി കാണുമ്പോൾ ആ ലക്ഷ്യങ്ങളിലേക്ക് എത്തുവാനുള്ള പ്രചോദനം സ്വാഭാവികമായി തന്നെ നമ്മുടെ ഉള്ളിൽ ഉണ്ടാകും. 

വെറുതെ ജീവിതലക്ഷ്യങ്ങൾ എഴുതി വയ്ക്കുന്നതിൽ ഉപരിയായി പ്രായോഗികമായി എത്തിച്ചേരുവാൻ സാധിക്കുന്ന ലക്ഷ്യങ്ങൾ  എഴുതി വയ്ക്കുക. ആ ജീവിത ലക്ഷ്യങ്ങൾ കൈവരിക്കുവാനുള്ള സമയപരിധി വ്യക്തമായി എഴുതി വയ്ക്കുക, അങ്ങനെയല്ലെങ്കിൽ ആ ലക്ഷ്യങ്ങൾ വെറും സ്വപ്നങ്ങളായി തുടരാനുള്ള സാധ്യത ഏറെയാണ്. 

വ്യക്തമായ കാഴ്ച്ചപ്പാടോടുകൂടി ജീവിതലക്ഷ്യങ്ങൾ നിർവചിക്കുകയും നിശ്ചയിച്ച സമയത്തിനുള്ളിൽ അവ നേടിയെടുക്കുവാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യുക.

ബഡ്ജറ്റ് തയ്യാറാക്കുക

നമ്മൾ പലരും സ്വന്തം ബഡ്ജറ്റിനുള്ളിൽ നിന്ന് ചെലവുകൾ നടത്താൻ ശ്രമിക്കുകയും എന്നാൽ പ്രായോഗിക തലത്തിൽ ആ കാര്യത്തിൽ പരാജയപ്പെടുന്നവരുമാണ്. അച്ചടക്കമുള്ള ഒരു ജീവിതത്തിന് സ്വന്തം വരവ് ചിലവ് കണക്കുകൾ കൃത്യമായി മനസ്സിലാക്കി ബഡ്ജറ്റ് തയ്യാറാക്കുക എന്നത് അനിവാര്യമായ കാര്യമാണ്. 

money-management

ആദ്യഘട്ടം എന്ന നിലയിൽ മൂന്നു മാസത്തേക്ക് ആണ് നിങ്ങൾ ബഡ്ജറ്റ് തയ്യാറാക്കേണ്ടത്. ആദ്യമായി മൂന്നു മാസത്തേക്ക് ബഡ്ജറ്റ് തയ്യാറാക്കുകയും അത് പാലിക്കുന്നതിൽ വിജയിക്കുകയും ചെയ്താൽ തീർച്ചയായും ഈ ശീലം നിങ്ങൾക്കു മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നതാണ്. 

ഒരു ബഡ്ജറ്റ് തയ്യാറാക്കുക വഴി ഏതു മേഖലയിലാണ് കൂടുതൽ പണം ചെലവാക്കുന്നതെന്നും കൃത്യമായ ആസൂത്രണത്തിലൂടെ അനാവശ്യ ചെലവുകൾ എങ്ങനെ കുറയ്ക്കാമെന്നും നമുക്ക് വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കും. ബഡ്ജറ്റ് കൃത്യമായി തയ്യാറാക്കി പ്രവർത്തിക്കാത്ത ഒരു വ്യക്തി സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്താനുള്ള സാധ്യത തീരെ കുറവാണ്. 

എമർജൻസി ഫണ്ട് സൃഷ്ടിക്കുക

ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം യുവാക്കളും ശമ്പളം ലഭിച്ചു തുടങ്ങുന്ന കാലം തൊട്ട് വ്യത്യസ്ത തരത്തിലുള്ള നിക്ഷേപങ്ങൾ നടത്തുവാനാണ് ശ്രമിക്കുന്നത്. എന്നാൽ നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് നാം തീർച്ചയായും സൃഷ്ടിച്ചിരിക്കേണ്ട ഒന്നാണ് എമർജൻസി  ഫണ്ട്. 

അപ്രതീക്ഷിതമായി ജീവിതത്തിൽ കടന്നുവരുന്ന ചെലവുകളെ സധൈര്യം നേരിടാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന സാമ്പത്തിക സ്രോതസ്സാണ് എമർജൻസി ഫണ്ട് എന്നത്. പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ആറുമാസത്തെ ശമ്പളവും, ഗവൺമെന്റ് മേഖലയിൽ ജോലി ചെയ്യുന്നവരാണെങ്കിൽ മൂന്നു മാസത്തെ ശമ്പളവും എന്ന രീതിയിലാണ് എമർജൻസി ഫണ്ടിലേക്ക് തുക മാറ്റി വയ്ക്കേണ്ടത്. ലിക്വിഡ് മ്യൂച്വൽ ഫണ്ടായോ ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലോ എമർജൻസി ഫണ്ട് നിക്ഷേപിക്കാവുന്നതാണ്. 

money-saving

എമർജൻസി ഫണ്ട് കൈവശമില്ലാത്ത ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിതത്തിൽ ചെലവുകൾ കടന്നു വരുമ്പോൾ കടം വാങ്ങുക എന്നത് മാത്രമായിരിക്കും മുന്നിലുള്ള വഴി. ഈ രീതി ജീവിതത്തിൽ ഒരു ശീലമായി മാറുകയും അനാവശ്യമായ ബാധ്യതകളിൽ അകപ്പെട്ട് സാമ്പത്തിക നില തകരുന്ന സ്ഥിതിയിൽ എത്തുകയും ചെയ്തേക്കാം.

അത്യാവശ്യ ഘട്ടങ്ങളിൽ സഹായകമാകുന്നു എന്നതു മാത്രമല്ല  നിക്ഷേപങ്ങളെ ഒരു രീതിയിലും ഉപയോഗിക്കാതെ തന്നെ ജീവിതത്തിൽ പെട്ടെന്നുണ്ടാവുന്ന ചെലവുകൾ നേരിടാൻ എമർജൻസി ഫണ്ട് വ്യക്തികൾക്ക് മുതൽക്കൂട്ടാകുന്നു.

വ്യക്തമായ ആസൂത്രണത്തിലൂടെ കടങ്ങൾ വീട്ടുവാൻ തയ്യാറാക്കുക

പല വ്യക്തികളും കടങ്ങൾ വാങ്ങിക്കൂട്ടുവാൻ കാണിക്കുന്ന താൽപര്യം തിരിച്ചടയ്ക്കുവാൻ കാണിക്കാറില്ല. എന്നാൽ  കടങ്ങൾ പരിധിയിൽ കൂടുതൽ വർദ്ധിക്കുന്നത് ഒരു വ്യക്തിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന കാര്യമാണ്.

കടങ്ങൾ വീട്ടുവാനായി ആദ്യം ചെയ്യേണ്ടത് അടച്ചു തീർക്കുവാനുള്ള ലോണുകൾ ഏതെല്ലാമാണെന്നും, ആ ലോണുകളുടെ തവണയും ബാധകമായ പലിശയും എത്രയാണെന്നും കൃത്യമായി രേഖപ്പെടുത്തുക എന്നതാണ്. അതിനുശേഷം ലോണുകൾക്ക് ചുമത്തപ്പെടുന്ന പലിശയ്ക്ക് അനുസൃതമായി കൂടുതൽ പലിശയുള്ള ലോൺ ആദ്യം അടച്ചു തീർക്കുന്ന രീതിയായ അവലാഞ്ചെ മെത്തേഡ് ഉപയോഗിച്ചോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ മൊത്ത തുക നൽകേണ്ട ലോൺ ആദ്യം അടച്ചു തീർക്കുന്ന രീതിയായ സ്നോ ബോൾ മെത്തേഡ് ഉപയോഗിച്ചോ നിങ്ങൾക്ക് കടങ്ങൾ പൂർണ്ണമായി വീട്ടാവുന്നതാണ്. 

നിങ്ങൾക്ക് അനുയോജ്യമായ ഒരു രീതി അവലംബിച്ചു കൊണ്ട് എത്രയും വേഗം കടങ്ങൾ വീട്ടുന്നതാണ് സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ ആദ്യത്തെ ചുവടുവെപ്പ്. കടം വീട്ടുന്നതിൽ അലംഭാവം കാണിക്കുകയാണെങ്കിൽ നിങ്ങളുടെ കടങ്ങൾ കൂടി വരികയും സ്വന്തം നിലയ്ക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിൽ നിങ്ങൾ എത്തിച്ചേരുകയും ചെയ്യും.

നിങ്ങളുടെ റിട്ടയർമെന്റ് ആസൂത്രണം ചെയ്യുക

പല വ്യക്തികളും സ്വന്തം റിട്ടയർമെന്റ് കൃത്യമായ രീതിയിൽ ആസൂത്രണം ചെയ്യാറില്ല. സത്യത്തിൽ ഒരു റിട്ടയർമെന്റ് ആസൂത്രണം ചെയ്യുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. ഒരു വ്യക്തി തന്റെ മുപ്പതുകളിൽ തന്നെ ചെറിയ തുക എന്ന രീതിയിൽ മാസം തോറും കൃത്യമായി നിക്ഷേപിക്കുവാൻ തയ്യാറായാൽ ആ വ്യക്തിയുടെ റിട്ടയർമെന്റ് എത്തുന്ന സമയത്ത് തന്റെ നിക്ഷേപത്തിലൂടെ വലിയൊരു തുക തന്നെ ആ വ്യക്തിക്ക് ലഭ്യമാകുന്നതാണ്.

retirement-plan

പല വ്യക്തികളും തങ്ങളുടെ റിട്ടയർമെന്റിനെ കുറിച്ച് ചിന്തിക്കുന്നത് അവരുടെ അൻപതുകളിൽ എത്തുമ്പോഴാണ്. എന്നാൽ ആ കാലയളവിൽ വലിയൊരു തുക തന്നെ തുടർച്ചയായി നിക്ഷേപിക്കാൻ തയ്യാറായാലും റിട്ടയർമെന്റ് എത്തുമ്പോഴേക്കും ആഗ്രഹിക്കുന്ന രീതിയിലുള്ള നേട്ടം നിക്ഷേപങ്ങളിലൂടെ നേടുവാനുള്ള സാധ്യത തീരേ കുറവാണ്. 

എന്നാൽ യുവാക്കളായ വ്യക്തികൾ വളരെ ചെറിയ തുക തന്നെ ദീർഘമായ കാലയളവിലേക്ക് മാസം തോറും കൃത്യമായി മ്യൂച്വൽ ഫണ്ടുകൾ, എൻ പി എസ്, ഓഹരി വിപണി തുടങ്ങിയ ഏതു നിക്ഷേപമാർഗ്ഗങ്ങളിൽ നിക്ഷേപിച്ചാലും അവരുടെ റിട്ടയർമെന്റ് ജീവിതത്തിന് മുതൽക്കൂട്ടാവുന്ന രീതിയിലുള്ള തുക സൃഷ്ടിച്ചെടുക്കുവാൻ അവർക്ക് വളരെ എളുപ്പത്തിൽ  സാധിക്കുന്നതാണ്.

ഇന്നു തന്നെ നിക്ഷേപിക്കുവാൻ തുടങ്ങു

മേൽപ്പറഞ്ഞ അഞ്ച് കാര്യങ്ങൾ നടപ്പിലാക്കിയതിനുശേഷമാണ് നിങ്ങൾ യഥാർത്ഥത്തിലുള്ള നിക്ഷേപം ആരംഭിക്കേണ്ടത്. നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇന്ന് തന്നെയാണ്. 

നിക്ഷേപം നടത്തുവാനായി  നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വ്യക്തമായ ഒരു പദ്ധതി തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആ പദ്ധതിക്ക് അനുസൃതമായി എത്രയും വേഗം നിക്ഷേപിക്കുവാൻ തുടങ്ങുക. നിക്ഷേപിക്കുവാൻ വൈകുന്നതു കൊണ്ട് യാതൊരു പ്രയോജനവും നിക്ഷേപകന് ലഭിക്കുന്നില്ല. 

invest-money

മ്യൂച്വൽ ഫണ്ടുകളിലും ഓഹരി വിപണിയിലും നിക്ഷേപിക്കാൻ തീരുമാനമെടുക്കുന്ന പല വ്യക്തികളുടേയും സംശയമാണ് നിക്ഷേപിക്കുവാൻ ഏറ്റവും ശരിയായ സമയം ഏതാണ് എന്നത്. ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപിക്കുവാൻ തയ്യാറായിരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് വിപണിയിലെ ശരിയായ സമയം എന്നതിന് യാതൊരു പ്രസക്തിയുമില്ല. 

ഓഹരി വിപണിയിൽ ഊഹകച്ചവടം നടത്തുന്ന വ്യക്തികൾക്ക് മാത്രമാണ് വിപണിയിൽ സാധാരണയായി ഉണ്ടാകുന്ന കയറ്റിറക്കങ്ങൾ ബാധകമാകുന്നത്. ദീർഘകാല അടിസ്ഥാനത്തിൽ നേട്ടം ആഗ്രഹിക്കുന്ന വ്യക്തികൾ അച്ചടക്കമുള്ള ഒരു നിക്ഷേപ സംസ്കാരം പിന്തുടരുന്നതാണ് നല്ലത്.

ഏറ്റവും ആദ്യം സ്വയം പണം നൽകുവാൻ ശ്രമിക്കുക

നല്ലൊരു ശതമാനം വ്യക്തികളും ചെലവുകൾ നടത്തിയ ശേഷമുള്ള തുകയുടെ ഒരു ഭാഗമാണ് നിക്ഷേപിക്കാൻ ശ്രമിക്കുന്നത്. എന്നാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങൾക്ക് തന്നെ പണം നൽകുക അല്ലെങ്കിൽ  ഏറ്റവും അദ്യം നിങ്ങളുടെ നിക്ഷേപത്തിനായി പണം മാറ്റിവയ്ക്കുക എന്നതാണ്. 

മാസം തോറുമുള്ള നിക്ഷേപം കൃത്യമായി നടത്തിയതിനു ശേഷമുള്ള തുക മാത്രം ചെലവുകൾക്കായി മാറ്റിവയ്ക്കുക. തുടക്കത്തിൽ നിക്ഷേപം നടത്തിയതിന് ശേഷമുള്ള തുകയിലേക്ക് നിങ്ങളുടെ ചെലവുകൾ ചുരുക്കുവാൻ ശ്രമിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും ചിട്ടയോടു കൂടി മുൻഗണനാക്രമത്തിൽ ചെലവുകൾ ക്രമീകരിക്കാൻ ശ്രമിക്കുകയും നിക്ഷേപം നടത്തുന്നതിന് പ്രഥമ പ്രാധാന്യം നൽകുകയും ചെയ്യുക.

കൃത്യമായി അറ്റകുറ്റപ്പണികൾ ചെയ്യുക

നമ്മുടെ വീടുകളിലും, വാഹനങ്ങളിലും,  വീട്ടുപകരണങ്ങളിലും ചെറിയ കേടുപാടുകൾ സംഭവിക്കുന്ന സമയത്ത് തന്നെ അതെല്ലാം കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തി ശരിയാക്കുവാൻ നാം ശ്രമിക്കാറില്ല. എങ്ങനെയെങ്കിലും കാര്യങ്ങൾ നടന്നാൽ മതി എന്ന ചിന്തയായിരിക്കും ഭൂരിഭാഗം വ്യക്തികൾക്കും. 

maintenance

എന്നാൽ ചെറിയ കേടുപാടുകൾ സംഭവിക്കുമ്പോൾ കണ്ണടയ്ക്കുന്ന നമ്മൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കൂടുതൽ പണം അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കേണ്ടി വരുന്നു എന്നതാണ് വാസ്തവം.

സാമ്പത്തിക സ്വാതന്ത്ര്യം എന്ന അവസ്ഥയിലേക്ക് എത്തുവാനായി പ്രയത്നിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ ജീവിതത്തിലെ ഏതു കാര്യവുമായി ബന്ധപ്പെട്ടായാലും ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ  അവ സംഭവിക്കുന്ന സമയത്ത് തന്നെ ശരിയാക്കി മുന്നോട്ടു പോകുവാൻ ശ്രമിക്കുക. വീടായാലും, വാഹനമായാലും കൃത്യമായ ഇടവേളകളിൽ ശരിയായി പരിപാലനം നടത്തിയാൽ കേടുപാടുകൾ ഉണ്ടാകുമ്പോൾ ചെലവാക്കേണ്ട വലിയ തുക ലാഭിക്കുവാൻ നമുക്ക് സാധിക്കുന്നതാണ്.

പഠനം തുടരുക

സാമ്പത്തിക സ്വാതന്ത്ര്യം എന്നത് വളരെ എളുപ്പത്തിൽ കൈവരിക്കുവാൻ സാധിക്കുന്ന അവസ്ഥയല്ല. അർപ്പണബോധത്തോടെയുള്ള കഠിനാധ്വാനം അതിന് ആവശ്യമാണ്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് എത്രത്തോളം അറിവ് നേടുവാൻ നിങ്ങൾക്ക് സാധിക്കുന്നുവോ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ യാത്രയുടെ ദൂരം അതിനനുസരിച്ച് കുറയുക തന്നെ ചെയ്യും.

reading-habits

സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ സാമ്പത്തിക സാക്ഷരത കൈവരിക്കുന്നതിനോടൊപ്പം തന്നെ പുസ്തകങ്ങൾ, വെബ്സൈറ്റുകൾ, യൂട്യൂബ് വീഡിയോകൾ, ബ്ലോഗുകൾ, വെബിനാറുകൾ തുടങ്ങി വിവിധ സാധ്യതകൾ ഉപയോഗപ്പെടുത്തി നിങ്ങളുടെ അറിവിന്റെ വ്യാപ്തി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുക. 

പഠനം എന്നു പറയുന്നത് ഒറ്റത്തവണയായി നിർത്തേണ്ട കാര്യമല്ല പഠനത്തെ ജീവിതത്തിന്റെ ഭാഗമായി കാണുവാൻ ശ്രമിക്കുക. നാം നേടുന്ന അറിവുകൾ  നമ്മുടെ ചിന്തകളേയും കാഴ്ചപ്പാടിനേയും സ്വാധീനിക്കുകയും നമ്മുടെ ജീവിതത്തിന്റെ പുരോഗതിക്കായി നമ്മെ പ്രാപ്തരാക്കുകയും ചെയ്യും.

പാസീവ് വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുക

തനിക്ക് ലഭ്യമായ ഏക വരുമാന സ്രോതസ്സിൽ സംതൃപ്തി കണ്ടെത്തുന്നവരായിരിക്കും ഭൂരിഭാഗം വ്യക്തികളും. എന്നാൽ സ്വന്തം അഭിരുചിക്ക് അനുസരിച്ചുള്ള വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ഏറ്റവും ശക്തമായ ചുവടുവെപ്പാണ്.

നമ്മുടെ നേരിട്ടുള്ള ഇടപെടലുകൾ ഇല്ലെങ്കിലും നമുക്കായി ജോലി ചെയ്യുവാൻ കഴിയുന്ന വരുമാന സ്രോതസ്സുകൾ ആയിരിക്കണം നാം സൃഷ്ടിക്കേണ്ടത്. ബിസിനസ്സിൽ നിന്നുള്ള ലാഭം, നിങ്ങൾ  എഴുതിയ പുസ്തകത്തിന്റെ റോയൽറ്റി, യൂട്യൂബിൽ  നിന്നുള്ള പരസ്യ വരുമാനം തുടങ്ങി സ്വന്തം കഴിവുകൾക്ക് അനുസരിച്ച് ഏതൊരു മാർഗ്ഗത്തിൽ നിന്നും നിങ്ങൾക്ക് വരുമാനം കണ്ടെത്താൻ സാധിക്കും. 

ജോലി ചെയ്യുന്നതിനോടൊപ്പം ഒരു പാസീവ് വരുമാന സ്രോതസ്സിനെ വളർത്തിയെടുക്കുക എന്നത് ഏറെ കഠിനാധ്വാനം വേണ്ട കാര്യം തന്നെയാണ്. വളരെ ചെറിയ രീതിയിലാണെങ്കിൽ പോലും വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് വരുമാനം ലഭ്യമാകുമ്പോൾ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ യാത്രയുടെ ദൂരം തീർച്ചയായും കുറയുകതന്നെ ചെയ്യും. 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പണപ്പെരുപ്പം നിക്ഷേപകരെ ബാധിക്കുന്നത് എങ്ങനെയാണ്

സമൂഹത്തിലെ ഇടത്തരക്കാരായ മനുഷ്യരുടെ ജീവിതത്തിൻറെ താളം തെറ്റിക്കുന്ന പ്രധാനപ്പെട്ട വില്ലനായി പണപ്പെരുപ്പം അല്ലെങ്കിൽ വിലക്കയറ്റം എന്ന…

മുപ്പതുകളിൽ ഒഴിവാക്കേണ്ട സാമ്പത്തികപരമായ അബദ്ധങ്ങൾ

സാധാരണക്കാരനായ ഒരു വ്യക്തിയ്ക്ക് തന്റെ മുപ്പത് വയസ്സിന് മുമ്പുള്ള ജീവിത കാലഘട്ടത്തിൽ ആവശ്യത്തിന് സമയവും ഏറെ…

നിങ്ങൾ എന്തുകൊണ്ട് സാമ്പത്തികമായി അഭിവൃദ്ധിപെടുന്നില്ല ?

നമ്മളിൽ പലരും സ്വയം തിരിച്ചറിയാതെ തന്നെ സാമ്പത്തികപരമായ പല തെറ്റുകളും ജീവിതത്തിൽ ചെയ്തവരും ചെയ്യുന്നവരും ആയിരിക്കാം. സാമ്പത്തികപരമായി…

ധനികരുടെ ജീവിതയാത്ര

സാമ്പത്തികമായി ഉയരണമെന്നും മികച്ച ജീവിത സാഹചര്യങ്ങൾ ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ ആ അവസ്ഥയിൽ…