കൈവശമുള്ള പണം ചെലവഴിച്ച് കാര്യങ്ങൾ നടത്തുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും വലിയ ലക്ഷ്യങ്ങളായ സ്വന്തമായി ഒരു വീട്, വിദ്യാഭ്യാസം, ബിസിനസ്സ്, എന്നിവയെല്ലാം പലരും സ്വന്തമാക്കുന്നത് ലോണുകളുടെ സഹായത്തോടെയാണ്. ബാങ്കുകളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന ലോണുകളെയോ ഓൺലൈനായി ലഭിക്കുന്ന ലോണുകളെയോ ആശ്രയിച്ച് പല കാര്യങ്ങളും നമ്മൾ നടത്താറുണ്ട്. ഈ ലോണുകളെ തന്നെ സെക്യുവേർഡ് ലോണുകളെന്നും അൺസെക്യുവേർഡ് ലോണുകൾ എന്നും രണ്ടായി വേർതിരിച്ചിട്ടുണ്ട്. ഈ രണ്ടുതരം ലോണുകൾ തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
സെക്യുവേർഡ് ലോണുകൾ
വീട്, വാഹനം തുടങ്ങി ഏതെങ്കിലും ഒരു ആസ്തിയെ ജാമ്യമായി നൽകുന്നതു വഴി ലഭിക്കുന്ന ലോൺ ആണ് സെക്യുവേർഡ് ലോണുകൾ. ജാമ്യം നൽകി ലോൺ നേടുന്നതിനാൽ തന്നെ ലോൺ നൽകുന്ന സ്ഥാപനത്തിന് ഇവിടെ റിസ്ക് കുറവാണ്. അതിനാൽ തന്നെ ഇത്തരം ലോണുകൾക്ക് ചുമത്തപ്പെടുന്ന പലിശ നിരക്ക് താരതമ്യേന കുറവായിരിക്കും.

സ്വന്തം ഉടമസ്ഥതയിലുള്ള ആസ്തി ജാമ്യമായി നൽകിയിരിക്കുന്നതിനാൽ തന്നെ ലോൺ എടുക്കുന്ന വ്യക്തിയെ സംബന്ധിച്ച് ഇവിടെ റിസ്ക് നിലനിൽക്കുന്നുണ്ട്. ലോൺ തിരിച്ചടയ്ക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ നിങ്ങൾ ജാമ്യമായി നൽകിയിരിക്കുന്ന വസ്തുവിൽ നിന്ന് ലോൺ തുക ഈടാക്കുന്നതാണ്.
അൺസെക്യുവേർഡ് ലോണുകൾ
അൺസെക്യുവേർഡ് ലോണുകൾ ലഭ്യമാകുവാൻ ആസ്തികൾ പണയമായി നൽകേണ്ട ആവശ്യമില്ല, മറിച്ച് ഒരു വ്യക്തിയുടെ തിരിച്ചടയ്ക്കുവാനുള്ള ശേഷി അല്ലെങ്കിൽ ആ വ്യക്തിയുടെ വിശ്വാസ്യതയാണ് ഇവിടെ പരിഗണിക്കുന്നത്.
വ്യക്തികൾ നടത്തുന്ന ധനകാര്യ ഇടപാടുകളുടെ ചരിത്രം ഇവിടെ വ്യക്തമായി പരിശോധിക്കപ്പെടുന്നു. നിങ്ങളുടെ വരുമാനം, സാമ്പത്തികസ്ഥിരത തുടങ്ങിയ കാര്യങ്ങൾക്കും ഇവിടെ പ്രാധാന്യമുണ്ട്. അൺസെക്യുവേർഡ് ലോണുകളുടെ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ആ വ്യക്തിയുടെ ക്രെഡിറ്റ് സ്കോറിൽ കാര്യമായ ഇടിവുണ്ടാകുവാൻ സാധ്യതയുണ്ട്.
എന്താണ് സെക്യുവേർഡ് ലോണുകളും അൺസെക്യുവേർഡ് ലോണുകളും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങൾ
റിസ്കും നേട്ടവും
ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ച് സെക്യുവേർഡ് ലോണുകൾ നൽകുന്നത് കൂടുതൽ സുരക്ഷിതമായതിനാൽ ഇത്തരം ലോണുകൾക്ക് ചുമത്തപ്പെടുന്ന പലിശ നിരക്ക് താരതമ്യേന കുറവാണ്. അൺസെക്യുവേർഡ് ലോണുകൾ നൽകുന്നതിൽ ധനകാര്യ സ്ഥാപനങ്ങൾ കൂടുതൽ റിസ്ക് എടുക്കുന്നതിനാൽ ഉയർന്ന പലിശ നിരക്കാണ് ചുമത്തപ്പെടുന്നത്.

ദീർഘകാലാടിസ്ഥാനത്തിൽ പലിശയായി നൽകേണ്ടി വരുന്ന തുകയിൽ വലിയ വ്യത്യാസം നിലനിൽക്കുന്നതിനാൽ തന്നെ ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. സെക്യുവേർഡ് ലോണുകൾക്ക് പകരം അൺസെക്യുവേർഡ് ലോണുകളെ ആശ്രയിക്കുമ്പോൾ നിങ്ങൾ കൈക്കൊള്ളുന്ന റിസ്കിൽ വലിയ വ്യത്യാസം ഉള്ളതുപോലെ പലിശ നിരക്കിലും ആ വ്യത്യാസം പ്രതിഫലിക്കുന്നുണ്ട്. ലോണുകളുടെ കാര്യത്തിൽ നിലനിൽക്കുന്ന റിസ്കും നേട്ടവും താരതമ്യം ചെയ്തു അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുവാൻ കഴിയണം.
ലോണുകൾ ലഭിക്കുവാനുള്ള എളുപ്പം
വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ സെക്യുവേർഡ് ലോണുകൾ ലഭിക്കുന്നതാണ്. ഇവിടെ ലോണുകൾ കൃത്യമായി തിരിച്ചടയ്ക്കുവാൻ സാധിച്ചില്ലെങ്കിൽ പോലും വിലപിടിപ്പുള്ള വസ്തുവകകൾ ഈടായി നൽകുന്നതിനാൽ ധനകാര്യസ്ഥാപനങ്ങൾക്ക് വീഴ്ച വരുത്തുന്ന ലോൺ തുക തിരിച്ചുപിടിക്കുവാൻ അവസരമുണ്ട്. അതിനാൽ തന്നെ ധനകാര്യ സ്ഥാപനങ്ങൾ വളരെ എളുപ്പത്തിൽ സെക്യുവേർഡ് ലോണുകൾ നൽകുന്നു.
എന്നാൽ അൺസെക്യുവേർഡ് ലോണുകൾ ലഭ്യമാകണമെങ്കിൽ നിങ്ങൾ മുൻകാലങ്ങളിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ എല്ലാം കൃത്യമായിരിക്കണം. കാരണം ഇവിടെ ലോണുകൾ നൽകപ്പെടുന്നത് വിലപിടിപ്പുള്ള വസ്തുവകകൾ ഈടായി സ്വീകരിച്ചു കൊണ്ടല്ല മറിച്ച് ലോൺ എടുക്കുന്ന വ്യക്തിയുടെ വിശ്വാസ്യതയെ മുൻനിർത്തിയാണ്. അതുകൊണ്ട് അൺസെക്യുവേർഡ് ലോണുകൾ സ്വന്തമാക്കണമെങ്കിൽ നിങ്ങൾ മികച്ച രീതിയിൽ കടങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്ന് തെളിവ് നൽകേണ്ടതുണ്ട്.
ആസ്തികളുടെ ഉടമസ്ഥാവകാശം
നിങ്ങൾ ലോണുകൾ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നിങ്ങളുടെ ആസ്തികളുടെ മേൽ ചുമത്തപ്പെടുന്ന ബാധ്യതകളെ കുറിച്ച് ബോധവാന്മാരായിരിക്കണം. അതായത് ഏതെങ്കിലും സാഹചര്യത്തിൽ ലോൺ തിരിച്ചടയ്ക്കുവാൻ സാധിച്ചില്ലെങ്കിൽ ഈടായി നൽകിയ ആസ്തികളുടെ മേലുള്ള ഉടമസ്ഥാവകാശം നിങ്ങൾക്ക് നഷ്ടപ്പെടും.ലോണുകൾ കൃത്യമായി തിരിച്ചടയ്ക്കുവാൻ സാധിക്കുമെന്ന് 100 ശതമാനം വിശ്വാസമുള്ളവരാണ് സെക്യുവേർഡ് ലോണെടുക്കുവാൻ തയ്യാറാകേണ്ടത്.

അൺസെക്യുവേർഡ് ലോണെടുക്കുന്ന ഒരു വ്യക്തി തൻ്റെ ആസ്തികൾ ഒന്നും തന്നെ ഈടായി നൽകുന്നില്ല. അതുകൊണ്ടു തന്നെ ഏതൊരു സാഹചര്യത്തിലും ആസ്തികളുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടുന്ന സാഹചര്യം ഇവിടെ നിലനിൽക്കുന്നില്ല. പക്ഷേ മികച്ച സാമ്പത്തിക സാഹചര്യങ്ങൾ ഉള്ളവർക്ക് മാത്രമേ അൺസെക്യുവേർഡ് ലോണുകൾ ലഭ്യമാവുകയുള്ളൂ.
സംഗ്രഹം
സെക്യുവേർഡ് ലോണുകൾ അൺസെക്യുവേർഡ് ലോണുകൾ എന്നിവ തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസ്സിലാക്കുവാൻ ശ്രമിക്കുക. ഏതുതരത്തിലുള്ള ലോണുകളാണ് നിങ്ങൾക്ക് അനുയോജ്യമെന്ന് തീരുമാനിക്കാനായി സ്വന്തം സാമ്പത്തിക സാഹചര്യം, നിങ്ങൾക്ക് കൈക്കൊള്ളുവാനാകുന്ന റിസ്ക്, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവ പരിഗണിക്കുക. രണ്ടു തരം ലോണുകളും നൽകപ്പെടുന്നത് വ്യത്യസ്ത മാനദണ്ഡങ്ങൾ അനുസരിച്ച് ആയതിനാൽ തന്നെ നന്നായി ചിന്തിച്ച് അനുയോജ്യമായ മാർഗം തിരഞ്ഞെടുക്കുക.