ധനകാര്യ സ്ഥാപനങ്ങളിൽ മ്യൂച്വൽ ഫണ്ട് ഈടായി നൽകി വായ്പ എടുക്കുവാനുള്ള സൗകര്യം ലഭ്യമാണ്. നിങ്ങളുടെ നിക്ഷേപം നഷ്ടപ്പെടുത്താതെ പണം സ്വരൂപിക്കുവാനുള്ള ഒരു മികച്ച മാർഗ്ഗമാണിത്. ഈ രീതിയിൽ ലോണെടുക്കുന്നത് സൗകര്യപ്രദമാണെങ്കിലും ചില റിസ്ക്കുകൾ ഇവിടെ നിലനിൽക്കുന്നുണ്ട്. മ്യൂച്വൽ ഫണ്ട് ഈടായി നൽകി ലോണെടുക്കുമ്പോൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട എട്ടു കാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
നിക്ഷേപത്തിന്റെ മൂല്യത്തിനനുസരിച്ച് മാത്രം ലോൺ ലഭ്യമാകുന്നു
ഏത് തരത്തിലുള്ള മ്യൂച്വൽ ഫണ്ടിലാണ് നിങ്ങൾ പണം നിക്ഷേപിച്ചിരിക്കുന്നത്, നിങ്ങളുടെ നിക്ഷേപത്തിന്റെ നിലവിലെ മൂല്യം എത്രയാണ് മുതലായ ഘടകങ്ങൾ പരിഗണിച്ചു മാത്രമേ നിങ്ങൾക്ക് ലോൺ തുക ലഭ്യമാവുകയുള്ളൂ. ഓരോ മ്യൂച്വൽ ഫണ്ടുകളുമായി ബന്ധപ്പെട്ട റിസ്കിന്റെ തോത് തീർത്തും വ്യത്യസ്തമായിരിക്കും. നിങ്ങൾക്ക് നൽകേണ്ട ലോൺ തുക നിശ്ചയിക്കുമ്പോൾ റിസ്കിന്റെ തോത് ധനകാര്യ സ്ഥാപനങ്ങൾ തീർച്ചയായും പരിഗണിക്കും. ഉദാഹരണത്തിന് ഇക്വിറ്റിയിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളെ ഉയർന്ന റിസ്കുള്ളവയായി കണക്കാക്കി അവ ഈടായി നൽകുമ്പോൾ അവയുടെ നിലവിലെ മൂല്യത്തേക്കാൾ ലോൺ തുകയിൽ കാര്യമായ കുറവുണ്ടാകുന്നു. എന്നാൽ കൂടുതൽ സ്ഥിരതയുള്ള ഡെറ്റ് ഫണ്ടുകൾ ഈടായി നൽകുമ്പോൾ ആ ഫണ്ടിന്റെ നിലവിലെ മൂല്യത്തിനനുസരിച്ച് കൂടുതൽ തുക ലോണായി ലഭ്യമാകുന്നു.
ലോൺ നൽകുവാൻ നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ നിലവിലെ മൂല്യം പരിഗണിക്കുന്നതിനാൽ വിപണിയിൽ ഇടിവ് ഉണ്ടാകുമ്പോൾ നിങ്ങൾക്ക് ലഭ്യമാകുന്ന ലോൺ തുകയിലും സാരമായ കുറവുണ്ടാകുന്നു. അതുപോലെ തന്നെ വിപണി ഉയർന്നനിലയിൽ വ്യാപാരം ചെയ്യുമ്പോൾ നിക്ഷേപത്തിന്റെ മൂല്യമുയരുകയും കൂടുതൽ ലോൺ തുക ലഭ്യമാകുവാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു.
ബാങ്കുകൾക്ക് അനുസരിച്ച് നിബന്ധനകളിൽ വരുന്ന വ്യത്യാസം
എല്ലാ ബാങ്കുകളും എല്ലാ മ്യൂച്വൽ ഫണ്ടുകളേയും ഈടായി സ്വീകരിച്ച് ലോൺ നൽകുകയില്ല. മ്യൂച്വൽ ഫണ്ടുകളുമായി ബന്ധപ്പെട്ട റിസ്കും ലിക്വിഡിറ്റിയും ബാങ്കുകൾ കണക്കിലെടുത്ത് മാത്രമേ ലോൺ അനുവദിക്കുകയുള്ളൂ. ചില ബാങ്കുകൾക്ക് ചില പ്രത്യേക മ്യൂച്വൽ ഫണ്ട് കമ്പനികളുമായി പാർട്ണർഷിപ്പ് ഉണ്ടെങ്കിൽ അത്തരം ഫണ്ടുകളെ ഈടായി സ്വീകരിക്കുവാനുള്ള സാധ്യത കൂടുതലാണ്.

കൂടുതൽ ബാങ്കുകളും ചില പ്രത്യേക മ്യൂച്വൽ ഫണ്ടുകളെ മാത്രമേ ഈടായി സ്വീകരിക്കുകയുള്ളൂ. ഉദാഹരണത്തിന് ഇക്വിറ്റി ഫണ്ടുകളുടെ മൂല്യത്തിൽ വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് വലിയ വ്യതിയാനങ്ങൾ സംഭവിക്കാറുണ്ട്. അതുകൊണ്ടു തന്നെ താരതമ്യേന റിസ്ക് കുറവുള്ള വിഭാഗത്തിൽപ്പെടുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ മാത്രമേ ലോൺ നൽകുവാനായി പരിഗണിക്കുകയുള്ളൂ.
കുറഞ്ഞ പലിശ നിരക്ക്
പേഴ്സണൽ ലോണുകളും ക്രെഡിറ്റ് കാർഡ് ലോണുകളുമായി താരതമ്യം ചെയ്യുമ്പോൾ മ്യൂച്വൽ ഫണ്ട് ജാമ്യം നൽകി എടുക്കുന്ന ലോണുകൾക്ക് ചുമത്തുന്ന പലിശ നിരക്ക് താരതമ്യേന കുറവാണ്. ബാങ്കിൽ നിന്ന് കടം വാങ്ങിയ പണത്തിന് ഈടായി നിങ്ങൾ നിങ്ങളുടെ നിക്ഷേപം നൽകുന്നത് തന്നെയാണ് അതിന് കാരണം.
പണം നൽകുന്ന സ്ഥാപനത്തെ സംബന്ധിച്ച് ഏതെങ്കിലും മൂല്യമുള്ള വസ്തുവിനെ മുൻനിർത്തി നൽകുന്ന സെക്യൂവേർഡ് ലോണുകൾ താരതമ്യേന റിസ്ക് കുറഞ്ഞ ലോൺ എന്ന നിലയിലാണ് കണക്കാക്കുന്നത്. മ്യൂച്വൽ ഫണ്ടുകൾ ജാമ്യമായി നൽകുമ്പോൾ നിങ്ങളുടെ നിക്ഷേപത്തിനു മേൽ ബാങ്കുകൾക്ക് അവകാശമുണ്ടായിരിക്കും. നിങ്ങൾക്ക് ലോൺ കൃത്യമായി തിരിച്ചടയ്ക്കുവാൻ സാധിച്ചില്ലെങ്കിൽ ബാങ്കിന് ലഭ്യമാകേണ്ട തുക നിങ്ങളുടെ നിക്ഷേപത്തിൽ നിന്നും ബാങ്ക് ഈടാക്കുന്നതാണ്. അതുകൊണ്ടു തന്നെ ഇവിടെ ബാങ്ക് കൈക്കൊള്ളുന്ന റിസ്ക് കുറവായതിനാൽ കുറഞ്ഞ പലിശ നിരക്കിൽ ലോൺ നൽകുവാൻ സാഹചര്യം ഉണ്ടാകുന്നു.
ഇതിൽ നിന്ന് വിപരീതമായി പേഴ്സണൽ ലോണും ക്രെഡിറ്റ് കാർഡ് ലോണും നൽകുമ്പോൾ ജാമ്യ വസ്തു നൽകാത്തതിനാൽ തന്നെ ഇത്തരം ലോണുകളെ അൺസെക്യൂവേർഡ് ലോണുകൾ എന്നാണ് വിളിക്കുന്നത്. ഇവിടെ ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ച് ഉയർന്ന റിസ്ക് നിലനിൽക്കുന്നതിനാൽ ഉയർന്ന പലിശ നിരക്കാണ് നൽകേണ്ടി വരുന്നത്.
പരിമിതമായ ലോൺ തുക
മ്യൂച്വൽ ഫണ്ടുകൾ ഈടായി സ്വീകരിച്ച് നൽകപ്പെടുന്ന ലോണുകൾക്ക് ഓരോ ബാങ്കുകളും അവരുടേതായ പരിധി നിശ്ചയിച്ചിട്ടുണ്ട്. വളരെ വലിയ മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ് നിങ്ങൾക്കുള്ളതെങ്കിലും ലോൺ ടൂ വാല്യൂ റേഷ്യോ അഥവാ എൽ ടി വി എന്ന തോത് പരിഗണിച്ചു മാത്രമാണ് ബാങ്കുകൾ ലോൺ തുക നിശ്ചയിക്കുന്നത്.

എൽ ടി വി റേഷ്യോ എത്രതന്നെയായാലും റിസ്ക് കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി ഓരോ ബാങ്കുകൾക്കും ഈ വിധത്തിൽ നൽകാവുന്ന ലോണുകളുടെ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ പ്രോസസ്സിംഗ് ചാർജ്ജും മാനേജ്മെന്റ് ചാർജ്ജും ബാധകമായതിനാൽ ഈ വിധത്തിൽ നൽകുന്ന ലോണിന് കുറഞ്ഞ പരിധിയും ബാങ്കുകൾ നിശ്ചയിച്ചിട്ടുണ്ട്.
ലോണുകൾക്ക് ഈടായി നൽകിയാലും നേട്ടം ലഭ്യമാകുന്നു
ലോൺ ലഭ്യമാകുവാൻ ഈടായി നൽകുമ്പോഴും നിങ്ങളുടെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിപണിയിൽ നിക്ഷേപിച്ചിരിക്കുകയാണ് എന്ന് ഓർക്കണം. അതായത് ഈടായി നൽകിയ ഫണ്ടിൽ നിന്നും നിങ്ങൾക്ക് നേട്ടം ലഭിച്ചു കൊണ്ടിരിക്കുന്നു. തിരിച്ചടവ് മുടക്കിയാൽ മാത്രമേ നിങ്ങളുടെ മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് പണമീടാക്കുവാൻ ബാങ്കുകൾക്ക് സാധിക്കുകയുള്ളൂ.
ലോണിന്റെ തിരിച്ചടവ് കൃത്യമായിരിക്കുമ്പോൾ നിങ്ങളുടെ നിക്ഷേപത്തിന്റെ വളർച്ചയെ ലോൺ ഒരു തരത്തിലും ബാധിക്കുകയില്ല. നിങ്ങൾക്ക് ലോൺ തുക ലഭ്യമാകുമ്പോഴും നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം നിങ്ങൾക്കായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. വിപണിയിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങൾക്കും ഡിവിഡന്റുകൾക്കും ലോണിന്റെ കാലാവധിയിലും നിങ്ങൾക്ക് അർഹതയുണ്ട്.
ലളിതമായ ഓൺലൈൻ അപേക്ഷയിലൂടെ മ്യൂച്വൽ ഫണ്ടുകളെ മുൻനിർത്തി ഓവർഡ്രാഫ്റ്റ് ലഭ്യമാകുവാൻ
മ്യൂച്വൽ ഫണ്ട് നിക്ഷേപം ജാമ്യമായി നൽകിക്കൊണ്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും വളരെ എളുപ്പത്തിൽ ഓവർഡ്രാഫ്റ്റ് ലഭ്യമാക്കാവുന്നതാണ്. വളരെ പെട്ടെന്നുള്ള പണത്തിന്റെ ആവശ്യങ്ങൾക്ക് ഈ സൗകര്യം വളരെ ഉപകാരപ്രദമാണ്.

ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ ഓവർഡ്രാഫ്റ്റിനായി അപേക്ഷ നൽകുവാൻ പല ബാങ്കുകളും അവസരം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ബാങ്കിന്റെ ശാഖയിൽ നേരിട്ട് സമയം ചെലവാക്കേണ്ടി വരുന്നില്ല. നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെട്ടാൽ ബാങ്ക് നിങ്ങൾക്കൊരു ഓവർഡ്രാഫ്റ്റ് പരിധി അനുവദിച്ചു നൽകുകയും പണം ആവശ്യമായി വരുന്ന ഘട്ടത്തിൽ ആ തുക ഉപയോഗപ്പെടുത്തുവാൻ കഴിയുകയും ചെയ്യും.
ക്രെഡിറ്റ് സ്കോറിനെ കാര്യമായി ബാധിക്കുന്നില്ല
മ്യൂച്വൽ ഫണ്ടുകളെ മുൻനിർത്തി ലഭിക്കുന്നത് സെക്യുവേർഡ് ലോണുകൾ ആയതിനാൽ തന്നെ ഇത്തരം ലോണുകൾ ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിക്കുന്നില്ല എന്ന് കാണാൻ കഴിയും. നിങ്ങൾക്ക് ലോൺ തുക തിരിച്ചടയ്ക്കുവാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ പോലും നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് ബാങ്കുകൾക്ക് തുക ഈടാക്കുവാൻ കഴിയും.
എന്നാൽ കൃത്യസമയത്ത് ലോണുകൾ തിരിച്ചടക്കുവാനായാൽ ക്രെഡിറ്റ് സ്കോറിനെ അത് ഗുണകരമായി സ്വാധീനിക്കുകയും ചെയ്യും. ഭാവിയിൽ മറ്റ് ലോണുകൾക്കായി ക്രെഡിറ്റ് സ്കോർ പരിശോധിക്കുമ്പോൾ മികച്ച ക്രെഡിറ്റ് സ്കോറുള്ളത് ലോണുകൾ വേഗം ലഭ്യമാകുവാൻ നിങ്ങളെ സഹായിക്കും.
സൗകര്യപ്രദമായ തിരിച്ചടവുകൾ
മ്യൂച്വൽ ഫണ്ടുകൾ ജാമ്യമായി നൽകിക്കൊണ്ട് ലഭ്യമാകുന്ന ലോണുകൾക്ക് പൊതുവേ സൗകര്യപൂർവ്വമുള്ള തിരിച്ചടവുകളാണ് ബാങ്കുകൾ നിശ്ചയിക്കുന്നത്. ഉദാഹരണത്തിന് കൃത്യമായ ഇടവേളകളിൽ ലോണിന്റെ പലിശ തുക മാത്രം തിരിച്ചടച്ചുകൊണ്ട് ലോൺ ക്ലോസ് ചെയ്യുന്ന അവസരത്തിൽ മാത്രം ലോണിന്റെ പ്രിൻസിപ്പൽ തുക തിരിച്ചടയ്ക്കുന്ന രീതിയിലുള്ള ക്രമീകരണം ബാങ്കുകൾ അനുവദിച്ചേക്കാം.

സ്ഥിര വരുമാനം ഇല്ലാത്തവർക്കും മറ്റ് സാമ്പത്തിക ബാധ്യതയുള്ളവർക്കും ഇത്തരം ക്രമീകരണങ്ങൾ വളരെ ഉപകാരപ്രദമാണ്. നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസൃതമായി തിരിച്ചടവുകൾ ക്രമീകരിക്കാനാകുന്നത് ചില ഘട്ടങ്ങളിൽ മാനസിക പിരിമുറുക്കം ഒഴിവാക്കുവാൻ സഹായകരമാകും.
സംഗ്രഹം
നിക്ഷേപം തുടർന്നുകൊണ്ട് തന്നെ ആവശ്യ സാഹചര്യങ്ങളിൽ ലോൺ ലഭ്യമാകുവാൻ മ്യൂച്വൽ ഫണ്ടുകളെ മുൻനിർത്തിയുള്ള ലോണുകൾ നിങ്ങളെ സഹായിക്കും. ഇങ്ങനെയുള്ള ലോണുകൾ എടുക്കുന്നതിന് മുൻപ് ഇവയുടെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കുന്നതിനോടൊപ്പം മറ്റ് സാമ്പത്തിക മാർഗ്ഗങ്ങളും പരിഗണിക്കുവാൻ തയ്യാറാവുക. മ്യൂച്വൽ ഫണ്ടുകളിലൂടെ ലഭ്യമാകുന്ന ലോണുകളെ കുറിച്ച് കൂടുതൽ അറിയുന്നത് കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിന് നിങ്ങളെ സഹായിക്കും.