ഒരു സ്ത്രീക്ക് തന്റെ ഇഷ്ടാനുസരണം ഷോപ്പിംഗ് നടത്തുവാൻ സാധിക്കുന്നു എന്നത് ആ സ്ത്രീ അനുഭവിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ തെളിവാണ്. നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ്. വളരെ ശ്രദ്ധയോടെ ഗുണമേന്മയ്ക്കും ലാഭത്തിനും പ്രാധാന്യം നൽകി വേണം ഷോപ്പിംഗിനായി പണം ചെലവഴിക്കേണ്ടത്. വ്യക്തമയ ആസൂത്രണത്തോടെ മികച്ച രീതിയിൽ ഷോപ്പിംഗ് നടത്തുവാൻ സ്ത്രീകൾക്ക് സഹായകരമാകുന്ന ചില ടിപ്പുകൾ ആണ് ഇവിടെ ചർച്ച ചെയ്യുന്നത്.
ആഗ്രഹങ്ങളും ആവശ്യങ്ങളും
നിങ്ങൾക്ക് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യണമെങ്കിൽ ആവശ്യങ്ങളേയും ആഗ്രഹങ്ങളേയും വേർതിരിച്ചു കാണുവാൻ സാധിക്കണം. നിത്യജീവിതത്തിന്റെ ഭാഗമായ പല ആവശ്യങ്ങളും നമുക്ക് മാറ്റിവയ്ക്കുവാൻ സാധിക്കുകയില്ല എന്നാൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് ആഗ്രഹങ്ങൾ പലതും വേണ്ടെന്നു വയ്ക്കുവാൻ നമുക്ക് സാധിക്കും.
വസ്ത്രം, പാർപ്പിടം, ഭക്ഷണം തുടങ്ങി ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ആവശ്യങ്ങൾ തിരിച്ചറിയുക. ഒരു ബഡ്ജറ്റ് തയ്യാറാക്കുമ്പോൾ ഏറ്റവും പ്രാധാന്യം നൽകേണ്ടത് ഒഴിവാക്കാനാകാത്ത ഇത്തരം ആവശ്യങ്ങൾക്കാണ്. നിങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനവും നിത്യജീവിതത്തിൻ്റെ ഭാഗമായ ഈ ആവശ്യങ്ങൾക്ക് വേണ്ടി മാറ്റിവെക്കുക തന്നെ വേണം. ദൈനംദിന ജീവിതം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ ഒഴിവാക്കാനാകാത്ത ഇത്തരം ചെലവുകൾക്കായി പണം കൈവശമുണ്ടെന്ന് ഉറപ്പാക്കുക.
ജീവിതത്തിൻ്റെ ഭാഗമായ അത്യാവശ്യ കാര്യങ്ങൾ തിരിച്ചറിഞ്ഞതിനു ശേഷം മാത്രം നിങ്ങളുടെ ആഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുവാൻ ശ്രമിക്കുക. വ്യത്യസ്ത വിനോദ ഉപാധികൾ, റെസ്റ്റോറന്റിൽ നിന്നുള്ള ഭക്ഷണം, ആഡംബര വസ്തുക്കൾ തുടങ്ങി പലവിധത്തിലുള്ള ആഗ്രഹങ്ങൾ നിങ്ങൾക്കുണ്ടായിരിക്കാം. ഒഴിവാക്കാനാകാത്ത ചെലവുകൾക്ക് പണം മാറ്റിവെച്ച ശേഷം ഒരു നിശ്ചിത ശതമാനം തുക നിങ്ങളുടെ ഇത്തരത്തിലുള്ള ആഗ്രഹങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുക. അങ്ങനെ ചെയ്യുന്നത് വഴി നിങ്ങളുടെ മാസം തോറുമുള്ള ബഡ്ജറ്റിനേയും സാമ്പത്തിക സ്ഥിരതയേയും ബാധിക്കാത്ത രീതിയിൽ ആഗ്രഹങ്ങൾ നടപ്പിലാക്കുവാൻ നിങ്ങൾക്ക് സാധിക്കും.
എടുത്തുചാടി സാധനങ്ങൾ വാങ്ങുന്ന ശീലം ഒഴിവാക്കുക

ഒരു സൂപ്പർമാർക്കറ്റിലോ കടയിലോ നിന്ന് നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു ഉത്പന്നം വാങ്ങിക്കുന്നതിന് മുൻപ് അത് ആവശ്യമുള്ളത് തന്നെയാണോ എന്ന് ചിന്തിച്ച് ഉറപ്പുവരുത്തുവാൻ തയ്യാറാവുക. അതായത് ഒരു വസ്തു വാങ്ങുന്നതിന് മുൻപ് അതിൻ്റെ ആവശ്യകതയെ കുറിച്ചാണ് നാം ആലോചിക്കേണ്ടത്. അതിനുശേഷം ആ വസ്തു നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്ന് ആലോചിക്കുക.
ദീർഘകാല അടിസ്ഥാനത്തിൽ നിങ്ങൾ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുമായി നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ആവശ്യമുള്ള വിലയിരുത്തലുകൾ നടത്തിയതിന് ശേഷവും ഒരു വസ്തു സ്വന്തമാക്കണമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ആ വസ്തുവിന് വേണ്ടി പണം ചെലവഴിക്കുവാൻ മടിക്കേണ്ടതില്ല.
ചെറിയ നീക്കിയിരിപ്പുകൾ സൃഷ്ടിച്ചുകൊണ്ട് ആരംഭിക്കാം
നിങ്ങൾക്ക് മാസശമ്പളം ലഭിച്ച ശേഷം ആ തുക നിങ്ങളുടെ സാലറി അക്കൗണ്ടിൽ നിന്നും സേവിംഗ്സ് അക്കൗണ്ടിലേക്ക് അല്ലെങ്കിൽ നിക്ഷേപം നടത്തുവാനായി മാത്രം ഉപയോഗിക്കുന്ന മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുവാൻ ശ്രമിക്കുക. അതായത് നിങ്ങളുടെ കൈവശം പണം ലഭിച്ച ശേഷം ആവശ്യമായ നീക്കിയിരിപ്പുകൾ നടത്തി ബാക്കിയുള്ള തുക മാത്രമേ ചെലവഴിക്കുകയുള്ളൂ എന്ന് ദൃഢപ്രതിജ്ഞ ചെയ്യുക. എത്ര തന്നെ ചെറുതാണെങ്കിലും വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവെക്കുവാൻ ആത്മാർത്ഥമായി ശ്രമിക്കുക.
ചെലവുകൾ ട്രാക്ക് ചെയ്യുക

നിങ്ങൾ ചെലവഴിക്കുന്ന ഓരോ രൂപയുടെയും വിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിക്കുവാൻ ഈ ശീലം നിങ്ങളെ സഹായിക്കും. പ്രായോഗികമായ ബഡ്ജറ്റ് തയ്യാറാക്കുവാനും മികവുറ്റ സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുവാനും ചെലവുകളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ഉണ്ടായിരിക്കണം.
വളരെ ശ്രദ്ധയോടെ പണം ചെലവഴിക്കുമ്പോൾ അനാവശ്യമായ ചെലവുകൾ ഒഴിവാക്കുവാനും കൂടുതൽ നീക്കിയിരിപ്പുകൾ സൃഷ്ടിക്കുവാനും അവസരം ലഭിക്കുന്നു. അതുവഴി നിങ്ങൾക്ക് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിരതയും സുരക്ഷിതമായ ഭാവി ജീവിതവും ലഭ്യമാകുന്നു.
സന്തുലിതമായ ബഡ്ജറ്റ്
സാമ്പത്തിക ഉത്തരവാദിത്വമുള്ള വ്യക്തികൾക്ക് സന്തുലിതമായ ബഡ്ജറ്റ് തയ്യാറാക്കുവാൻ തീർച്ചയായും സാധിക്കും. നിങ്ങളുടെ വരവ് ചെലവുകൾ കൃത്യമായി ബഡ്ജറ്റിൽ രേഖപ്പെടുത്തിയിരിക്കണം.
ആവശ്യ വസ്തുക്കൾ, ആഡംബര വസ്തുക്കൾ, ഭക്ഷ്യസാധനങ്ങൾ എന്നിങ്ങനെ നിങ്ങൾ ചെലവഴിക്കുന്ന തുക വർഗ്ഗീകരിക്കുവാൻ ശ്രമിക്കുക. ഈ വർഗ്ഗീകരണം നടത്തിയാൽ മാത്രമേ ഓരോ വസ്തുവിൻ്റെയും പ്രാധാന്യം അനുസരിച്ച് മുൻഗണനാക്രമത്തിൽ ചെലവുകൾ നടത്തുവാൻ സാധിക്കുകയുള്ളൂ.
എൻവലപ്പ് ബഡ്ജറ്റിംഗ് രീതി പിന്തുടരുവാൻ ശ്രമിക്കുക. ഈ രീതിയിൽ മാസം തോറുമുള്ള വരുമാനം ലഭ്യമാകുന്ന അവസരത്തിൽ തന്നെ ഓരോ വിഭാഗത്തിനായി നിശ്ചിത തുക മാറ്റിവെക്കുന്നു. ഒരു നിശ്ചിത വിഭാഗത്തിലേക്ക് മാറ്റിവച്ചിരിക്കുന്ന തുക മുഴുവനായി ചെലവാക്കിയാൽ അടുത്തമാസം വരെ ആ വിഭാഗത്തിലുള്ള ചെലവുകൾ പൂർണ്ണമായി ഒഴിവാക്കുവാൻ സാധിക്കണം.
സമയോചിതമായി ബഡ്ജറ്റ് പരിഷ്കരിക്കുക

തുടർച്ചയായി ബഡ്ജറ്റ് വിലയിരുത്തുവാൻ തയ്യാറാവുക. ഒരു പ്രത്യേക വിഭാഗത്തിൽ വരുന്ന ചെലവുകൾക്കായി നിങ്ങൾ കൂടുതൽ തുക ചെലവഴിക്കുന്നുണ്ടെന്ന് തോന്നിയാൽ ആ വിഭാഗത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ശ്രമിക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റങ്ങൾ സംഭവിക്കുന്നതിന് അനുസരിച്ച് ബഡ്ജറ്റുകൾ തുടർച്ചയായി പരിഷ്കരിക്കുക.
സ്മാർട്ടായി ഷോപ്പിംഗ് നടത്തുക
സ്മാർട്ടായി ഷോപ്പിംഗ് നടത്തുവാൻ നിങ്ങൾ ആദ്യം അന്വേഷിച്ചു കണ്ടെത്തേണ്ടത് എവിടെയെല്ലാം വിലക്കിഴവ് ലഭ്യമാകും എന്നതാണ്. ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ പലവിധ കൂപ്പണുകൾ ഉപയോഗപ്പെടുത്തി വിലക്കിഴിവ് നേടാവുന്നതാണ്. കൂടാതെ ചില പ്രത്യേക പെയ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിക്കുമ്പോഴും ഉപഭോക്താക്കൾക്ക് വിലക്കിഴിവ് ലഭ്യമാകാറുണ്ട്.
സാധനങ്ങൾ വാങ്ങുന്നതിനു മുൻപ് പലയിടങ്ങളിൽ വില അന്വേഷിച്ച് ഏറ്റവും കുറഞ്ഞ വിലക്കാണ് നാം സാധനങ്ങൾ വാങ്ങുന്നതെന്ന് ഉറപ്പുവരുത്തണം. ഷോപ്പിംഗ് മേളകളിലെ വിലക്കിഴിവും ഉത്സവകാല ഓഫറുകളും പരമാവധി ഉപയോഗപ്പെടുത്തുക.
ബഡ്ജറ്റ് തയ്യാറാക്കി പണം ചെലവഴിക്കുക എന്നതുകൊണ്ട് നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം വേണ്ടെന്നു വയ്ക്കുക എന്നല്ല അർത്ഥമാക്കുന്നത്, മറിച്ച് നിങ്ങളുടെ ചെലവുകളും വരവും തമ്മിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ്. സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ മേൽപ്പറഞ്ഞ ടിപ്പുകൾ ഉപയോഗപ്പെടുത്തുവാനും, വളരെ ആലോചിച്ച് ചെലവുകൾ നടത്തുവാനും ശ്രമിക്കുക. നിങ്ങളുടെ വ്യക്തിത്വത്തിന് അനുയോജ്യമായ രീതിയിൽ ആസ്വദിച്ച് ഷോപ്പിംഗ് നടത്തുവാൻ നിങ്ങൾക്ക് സാധിക്കട്ടെ.