estate-planning

Sharing is caring!

 

ജീവിതം പ്രവചനാതീതമാണ്. വിഷമകരമായ ചില അവസ്ഥകൾ ജീവിതത്തിൽ ഏതൊരു അവസരത്തിലും കടന്നു വരാൻ ഇടയുണ്ട്. ഒരു കുടുംബത്തിലെ ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ അകാലത്തിലുള്ള വേർപിരിയൽ മൂലം ആ കുടുംബം വലിയ പ്രതിസന്ധികളിൽ എത്തിച്ചേർന്നേക്കാം. ഒരു വ്യക്തിയുടെ വേർപാടിന് ശേഷം ഉണ്ടാകുവാൻ ഇടയുള്ള സാമ്പത്തികവും നിയമപരവുമായ പലവിധ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യേണ്ടതിനെ സംബന്ധിച്ച് കുടുംബത്തിലെ മറ്റ് വ്യക്തികൾക്ക് ധാരണ ഉണ്ടാകണമെന്നില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ്  എസ്റ്റേറ്റ് പ്ലാനിംഗിന്റെ പ്രാധാന്യം കടന്നുവരുന്നത്. ഒരു വ്യക്തിയുടെ ആസ്തികൾ ആ വ്യക്തിയുടെ മരണത്തിന് ശേഷം ആ വ്യക്തി ആഗ്രഹിച്ചത് പോലെ കൈകാര്യം ചെയ്യുവാൻ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനെയാണ് എസ്റ്റേറ്റ് പ്ലാനിംഗ് എന്ന് പറയുന്നത്. എസ്റ്റേറ്റ് പ്ലാനിംഗുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

എന്താണ് എസ്റ്റേറ്റ് പ്ലാനിംഗ്

നിങ്ങളുടെ മരണത്തിന് ശേഷം അല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ആസ്തികൾ കൈകാര്യം ചെയ്യുവാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ നിങ്ങളുടെ ആസ്തികൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടണമെന്ന് തീരുമാനിക്കുന്നതിനെയാണ് എസ്റ്റേറ്റ് പ്ലാനിംഗ് എന്ന് പറയുന്നത്. ട്രസ്റ്റുകൾ, പവർ ഓഫ് അറ്റോർണി, വിൽപ്പത്രം മുതലായ നിയമപരമായ രേഖകൾ സൃഷ്ടിക്കുന്നതാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ രേഖകൾ നിങ്ങളുടെ അഭിലാഷങ്ങൾ ശരിയായ രീതിയിൽ പൂർത്തീകരിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താൻ സഹായിക്കുന്നു.

നികുതിയും, നിയമപരമായ ഇടപാടുകളുടെ ഫീസുകളും കുറയ്ക്കുവാൻ എസ്റ്റേറ്റ് പ്ലാനിംഗിലൂടെ സാധിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാനും നിങ്ങളുടെ അസ്തികൾ സുരക്ഷിതമായ കരങ്ങളിൽ എത്തിച്ചേർന്നുവെന്ന് ഉറപ്പുവരുത്തുവാനുമുള്ള പ്രക്രിയ ആണിത്.

എസ്റ്റേറ്റ് പ്ലാനിംഗിൽ ഉൾപ്പെടുന്ന ഘടകങ്ങൾ എന്തെല്ലാം

വിൽപ്പത്രം, ട്രസ്റ്റ്

നിങ്ങളുടെ മരണശേഷം നിങ്ങളുടെ ആസ്തികൾ ആർക്കാണ് ചെന്ന് ചേരുന്നത് എന്നതിന്റെ അധികാരിക രേഖയാണ് വിൽപത്രം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിങ്ങളുടെ അഭാവത്തിൽ രക്ഷിതാവായി മാറുന്നത് ആരാണെന്ന് ഇവിടെ രേഖപ്പെടുത്താവുന്നതാണ്. വ്യത്യസ്ത സ്വഭാവമുള്ള പല ആഗ്രഹങ്ങളും വിൽപത്രത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന് നിങ്ങളുടെ വളർത്തു മൃഗങ്ങളെ നിങ്ങളുടെ അഭാവത്തിൽ പരിപാലിക്കേണ്ടത് ആരാണ്, നിങ്ങളുടെ ഇച്ഛാനുസരണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് എത്ര പണം നൽകണം തുടങ്ങിയ പല കാര്യങ്ങളും വിൽപത്രത്തിൽ രേഖപ്പെടുത്താവുന്നതാണ്. വിൽപത്രത്തിന്റെ അഭാവത്തിൽ മേൽപ്പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തീരുമാനിക്കുന്നത് കോടതി ആയിരിക്കും. അങ്ങനെ വരുന്ന സാഹചര്യങ്ങളിൽ തർക്കങ്ങൾക്കും നിയമ വ്യവഹാരങ്ങൾക്കും സാധ്യതയുണ്ടാകുന്നു.

ട്രസ്റ്റിന്റെ കാര്യമെടുത്താൽ അവിടെ നിങ്ങളുടെ ആശ്രിതർക്ക് വേണ്ടി നിങ്ങളുടെ ആസ്തികൾ കൈകാര്യം ചെയ്യുന്നത് ട്രസ്റ്റിയാണ്. നിങ്ങൾ ജീവിച്ചിരിക്കുമ്പോഴും നിങ്ങളുടെ മരണശേഷവും നിങ്ങൾക്കായി ട്രസ്റ്റ് പ്രവർത്തിക്കുന്നുണ്ടാകും. വിൽപ്പത്രവുമായി ബന്ധപ്പെട്ട നിയമ വ്യവഹാരങ്ങൾ ഉണ്ടാകാതിരിക്കുവാൻ ട്രസ്റ്റ് സഹായകരമാകുന്നു. സ്വത്ത് തർക്കം നിയമവ്യവഹാരങ്ങളിലേക്ക് കടന്നാൽ ധാരാളം പണച്ചെലവും സമയവും അതിനായി ചെലവഴിക്കേണ്ടി വരുന്നു എന്നാൽ ട്രസ്റ്റ് നിലവിൽ ഉണ്ടെങ്കിൽ സ്വകാര്യത നിലനിർത്തിക്കൊണ്ടുതന്നെ വളരെ വേഗം സ്വത്ത് കൈമാറ്റം സാധ്യമാകുന്നു.

ട്രസ്റ്റിന്റെ സഹായത്തോടെ നികുതി ലാഭിച്ചുകൊണ്ട് നിങ്ങളുടെ അവകാശികൾക്കായി കൂടുതൽ തുക മാറ്റിവെക്കുവാൻ സാധിക്കുന്നു.  നിങ്ങൾ രോഗബാധിതനായാലും നിങ്ങൾക്ക് അപകടം സംഭവിച്ചാലും നിങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് ഒരു ട്രസ്റ്റി സ്വത്ത് കൈകാര്യം ചെയ്യുന്നു.

പവർ ഓഫ് അറ്റോർണി

പവർ ഓഫ് അറ്റോണി ഒരു നിയമപരമായ രേഖയാണ്. ഇവിടെ നിങ്ങൾക്കായി തീരുമാനങ്ങളെടുക്കുവാൻ മറ്റൊരു വ്യക്തിക്ക് അധികാരം നൽകുകയാണ് നിങ്ങൾ ചെയ്യുന്നത്. സ്വന്തം നിലയിൽ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സാധിക്കാത്ത സാഹചര്യങ്ങളിലാണ് പവർ ഓഫ് അറ്റോർണിയുടെ പ്രസക്തമാകുന്നത്.

ഈ രേഖയിൽ സാമ്പത്തികമായ തീരുമാനങ്ങളും ഉൾപ്പെടുന്നുണ്ട്. നിങ്ങൾക്ക് സ്വന്തം നിലയിൽ പണമിടപാടുകൾ കൈകാര്യം ചെയ്യുവാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ നിങ്ങൾ ചുമതലപ്പെടുത്തിയിരിക്കുന്ന വ്യക്തി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുകയും നിങ്ങൾക്കുവേണ്ടി ഇടപാടുകൾ നടത്തുകയും ചെയ്യുന്നു. നിയമപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് വേണ്ടി ഇടപെടുവാനും നിയമപരമായ രേഖകളിൽ ഒപ്പ് വയ്ക്കുവാനും ചുമതല നൽകിയിരിക്കുന്ന വ്യക്തിക്ക് അധികാരമുണ്ട്. 

നിങ്ങൾക്ക് വിശ്വാസമുള്ള ഒരു വ്യക്തി നിങ്ങൾക്ക് വേണ്ടി കാര്യങ്ങൾ ശരിയായ നിലയിൽ പൂർത്തിയാക്കുമെന്ന ഉറപ്പുള്ളതിനാൽ തന്നെ പവർ ഓഫ് അറ്റോർണി തയ്യാറാക്കുന്നത് നിങ്ങളുടെ പല ആശങ്കകളും അകറ്റുവാൻ സഹായകരമാകുന്നു. 

ഹെൽത്ത് കെയർ ഡയറക്ടീവ്സ്

ഹെൽത്ത് കെയർ ഡയറക്ടീവ്സ് എന്നത് മെഡിക്കൽ പവർ ഓഫ് അറ്റോർണി എന്നാണ് അറിയപ്പെടുന്നത്. നിങ്ങളുടെ ജീവിതത്തിന്റെ അവസാന കാലഘട്ടങ്ങളിലുള്ള പരിചരണവും ചികിത്സയും എങ്ങനെയായിരിക്കണം എന്ന നിങ്ങളുടെ ആഗ്രഹം ഇവിടെ രേഖപ്പെടുത്തിയിരിക്കും. 

നിങ്ങൾക്ക് സ്വന്തം നിലയിൽ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സാധിക്കാതെ വരുമ്പോൾ നിങ്ങൾക്കായി നിങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുവാൻ ഈ രേഖ പ്രകാരം ഒരു വ്യക്തിയെ ചുമതലപ്പെടുത്തിയിരിക്കും. കൂടാതെ ഹെൽത്ത് കെയർ ഡയറക്ടീവ്സ് നിലവിലുള്ളത് നിങ്ങളുടെ കുടുംബത്തിനും സഹായകരമാകുന്നു. നിങ്ങളുടെ ചികിത്സയും പരിപാലനുവുമായി ബന്ധപ്പെട്ട  ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഈ രേഖ കുടുംബങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നു.

നോമിനികളെ നാമനിർദ്ദേശം ചെയ്യുക

ലൈഫ് ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ടുകൾ, റിട്ടയർമെന്റ് പദ്ധതികൾ മുതലായവയുടെ അവകാശം നമുക്ക് ശേഷം ആരിലാണ് എത്തിച്ചേരേണ്ടതെന്ന് തീരുമാനിക്കണം. ഇങ്ങനെയുള്ള അസ്തികളുടെ വിവരങ്ങൾ വിൽപ്പത്രത്തിൽ ഉൾപ്പെടുത്തേണ്ട ആവശ്യമില്ല. നിങ്ങളുടെ കാലശേഷം നിങ്ങൾ നാമനിർദ്ദേശം ചെയ്തിരിക്കുന്ന വ്യക്തികളിലേക്ക് അക്കൗണ്ടുകളിൽ നിന്നുള്ള ആസ്തികൾ എത്തിച്ചേരുന്നതിനാൽ തന്നെ നിയമപരമായ വ്യവഹാരങ്ങൾ ഒഴിവാക്കുവാൻ സാധിക്കുന്നു.

മറ്റ് മാർഗ്ഗങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ വേഗത്തിൽ തന്നെ ആസ്തികളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുവാൻ നോമിനേഷൻ രജിസ്റ്റർ ചെയ്യുന്നതിലൂടെ സാധിക്കുന്നു. സങ്കീർണ്ണമായ നടപടിക്രമങ്ങൾ ഒഴിവാക്കി നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുവാൻ നോമിനേഷൻ നൽകുവാൻ മറക്കാതിരിക്കുക.

എസ്റ്റേറ്റ് പ്ലാൻ സൃഷ്ടിക്കുന്നത് എങ്ങനെയാണ്

മൊത്തം ആസ്തി കണക്കാക്കുക

ഒരു എസ്റ്റേറ്റ് പ്ലാൻ തയ്യാറാക്കുന്നതിൽ ആദ്യത്തെ ചുവടുവെപ്പ് നിങ്ങളുടെ ആകെ ആസ്തി കണക്കാക്കുക എന്നതാണ്. നിങ്ങളുടെ എല്ലാ തരത്തിലുമുള്ള ആസ്തികളുടെ കണക്ക് തയ്യാറാക്കുക. റിയൽ എസ്റ്റേറ്റ് നിക്ഷേപം, മ്യൂച്വൽ ഫണ്ട് നിക്ഷേപം, ഓഹരി നിക്ഷേപം, റിട്ടയർമെൻ്റ് പദ്ധതികൾ തുടങ്ങി എല്ലാവിധ വിവരങ്ങളും വ്യക്തമായി രേഖപ്പെടുത്തുക. ശേഷം നിങ്ങളുടെ ആകെ ആസ്തിയുടെ മൂല്യം കണക്കാക്കുക.

അതിനുശേഷം ആർക്കെല്ലാമാണ് നിങ്ങളുടെ ആസ്തികൾ എത്തിച്ചേരേണ്ടതെന്ന് തീരുമാനിക്കുക. നികുതികളും ചെലവുകളും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും ആസൂത്രണം ചെയ്യുക. എസ്റ്റേറ്റ് പ്ലാൻ പൂർത്തിയാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം കൃത്യമായി ആസ്തി കണക്കാക്കുക എന്നതാണ്.

ലക്ഷ്യങ്ങൾ നിർവചിക്കുക

നിങ്ങൾക്ക് എന്താണ് നേടാനുള്ളത് എന്ന് വ്യക്തമായി മനസ്സിലാക്കുക. ലക്ഷ്യങ്ങൾ മുൻനിർത്തി പ്രായോഗികമായ പദ്ധതികൾ ആവിഷ്കരിച്ചാൽ മാത്രമേ അവ വിജയകരമായി നടപ്പിലാക്കുവാൻ സാധിക്കുകയുള്ളൂ.

നിങ്ങളുടെ കുടുംബത്തിന് വേണ്ടി എത്ര തുക മാറ്റി വയ്ക്കണം, നികുതി ബാധ്യത ലഘൂകരിക്കുന്നത് എങ്ങനെയാണ്, ചാരിറ്റി പ്രവർത്തനങ്ങൾക്ക് എത്ര തുകയാണ് മാറ്റി വയ്ക്കേണ്ടത് തുടങ്ങിയ പല കാര്യങ്ങളും ഈ ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന് നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിന് വേണ്ടി ഒരു നിശ്ചിത തുക മാറ്റി വയ്ക്കണമെങ്കിൽ ഏതെല്ലാം പദ്ധതികളിലൂടെയാണ് ആ തുക കണ്ടെത്തേണ്ടതെന്ന് തീരുമാനിക്കുക, ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമാകണമെങ്കിൽ എത്ര തുക ഏതെല്ലാം സ്ഥാപനങ്ങൾക്ക് നൽകണമെന്ന് തീരുമാനിക്കുക, നികുതിഭാരം ലഘൂകരിക്കണമെങ്കിൽ അതിനനുസരിച്ചുള്ള പദ്ധതികൾ കണ്ടെത്തി അവയുടെ ഭാഗമാകുക.

നിയമപരമായ രേഖകൾ തയ്യാറാക്കുക

എസ്റ്റേറ്റ് പ്ലാനിംഗിലെ മറ്റൊരു പ്രധാനപ്പെട്ട നടപടിയാണ് നിയമപരമായ രേഖകൾ തയ്യാറാക്കുക എന്നത്. നിയമപരമായ രേഖകൾ തയ്യാറാക്കുവാനായി ഒരു മികച്ച വക്കീലിനെ കണ്ടെത്തുവാൻ ശ്രമിക്കുക. വിൽപ്പത്രം, ട്രസ്റ്റ്, പവർ ഓഫ് അറ്റോണി, ഹെൽത്ത് കെയർ ഡയറക്ടീവ്സ് മുതലായ രേഖകൾ നിങ്ങൾക്ക് വേണ്ടി വിദഗ്ധരായ വ്യക്തികൾ തയ്യാറാക്കും.

നിങ്ങൾ തയ്യാറാക്കിയ രേഖകൾ രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥയ്ക്ക് അനുസൃതമാണെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ വീക്ഷണങ്ങളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്നതായിരിക്കണം നിയമപരമായ രേഖകൾ. രേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുവാനായി നിയമ വിദഗ്ധനുമായി തുറന്ന് സംസാരിക്കുവാൻ തയ്യാറാവുക.

വിലയിരുത്തലുകൾ നടത്തി സാഹചര്യങ്ങൾക്കനുസരിച്ച് രേഖകൾ പരിഷ്കരിക്കുക

എസ്റ്റേറ്റ് പ്ലാൻ നടപ്പിലാക്കിയ ശേഷം സാഹചര്യങ്ങൾക്ക് അനുസരിച്ച് ബന്ധപ്പെട്ട രേഖകൾ പരിഷ്കരിക്കുവാൻ മടി കാണിക്കരുത്. ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കനുസരിച്ച് വളരെ വേഗം തന്നെ ബന്ധപ്പെട്ട രേഖകൾ പരിഷ്കരിക്കുക. ഉദാഹരണത്തിന് വിവാഹം, ഡൈവോഴ്സ്, കുട്ടികളുടെ ജനനം മുതലായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ വളരെ വേഗം നിങ്ങളുടെ വിൽപത്രത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

കൂടാതെ നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അവ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ എസ്റ്റേറ്റ് പ്ലാനിൽ കൊണ്ടുവരിക. തുടർച്ചയായ വിലയിരുത്തലുകളിലൂടെ മാത്രമേ നിങ്ങളുടെ പദ്ധതികളുടെ പ്രസക്തി നിലനിർത്തുവാൻ സാധിക്കുകയുള്ളൂ.

സംഗ്രഹം

എസ്റ്റേറ്റ് പ്ലാനിംഗുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ വിവരങ്ങൾ എല്ലാ വ്യക്തികളും തീർച്ചയായും അറിഞ്ഞിരിക്കണം. നിങ്ങളുടെ ആസ്തികൾ നിങ്ങൾ ആഗ്രഹിക്കുന്ന കരങ്ങളിൽ എത്തിച്ചേരുവാനും അവ കൃത്യമായി കൈകാര്യം ചെയ്യപ്പെടുവാനും ഈ അറിവുകൾ നിങ്ങളെ സഹായിക്കും. എസ്റ്റേറ്റ്  പ്ലാനിംഗ് നടപ്പിലാക്കുമ്പോൾ ലഭ്യമാകുന്ന സുരക്ഷിതത്വബോധം സമാധാനപൂർണ്ണമായ ജീവിതം നയിക്കുവാൻ നിങ്ങളെ സഹായിക്കും. എസ്റ്റേറ്റ് പ്ലാനിംഗ് എന്താണെന്ന് മനസ്സിലാക്കി എത്രയും വേഗം നടപ്പിലാക്കുവാൻ ശ്രമിക്കുക. ഇതിലൂടെ നിങ്ങളുടെ അഭാവത്തിലും പ്രിയപ്പെട്ടവരുടെ ജീവിതത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിങ്ങൾക്കാകും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മികച്ച പെൻഷൻ പദ്ധതി എങ്ങനെ ആയിരിക്കണം

ഒരു പെൻഷൻ പ്ലാനിനെ കുറിച്ച് ചിന്തിക്കുന്ന ഏതൊരു വ്യക്തിയുടേയും  മുന്നിൽ മ്യൂച്വൽ ഫണ്ട്, റിയൽ എസ്റ്റേറ്റ്,…

ഉയർന്ന പെൻഷൻ നേടുവാനായി മ്യൂച്വൽ  ഫണ്ടിൽ നിക്ഷേപിക്കേണ്ടത് എങ്ങനെയാണ്

ഇന്നത്തെ കാലത്ത് മ്യൂച്വൽ ഫണ്ടുകളും മൂച്വൽ ഫണ്ടുകളിലെ എസ് ഐ പി മാതൃകയിലുള്ള നിക്ഷേപവും  ഭൂരിപക്ഷം…

നേരത്തെയുള്ള റിട്ടയർമെൻ്റിനായി ചെയ്യാനാകുന്ന കാര്യങ്ങൾ

കഴിയാവുന്നത്ര  ചെറിയ പ്രായത്തിൽ തന്നെ ജോലിയിൽ നിന്ന് വിരമിക്കുക എന്നത് ഇന്ന് പലർക്കും താല്പര്യമുള്ള വിഷയമാണ്.…