സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വാതിൽ തുറക്കണമെങ്കിൽ നിങ്ങളെ വരിഞ്ഞു മുറുക്കുന്ന കടത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുക തന്നെ വേണം.
ജീവിതത്തിൽ നല്ല ശീലങ്ങൾ പിന്തുടരുക എന്നത് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുവാൻ അനിവാര്യമായ കാര്യമാണ്. അച്ചടക്കത്തോടെ പ്രവർത്തിച്ചാൽ മാത്രമേ കടക്കെണിയിൽ നിന്ന് പുറത്തു കടക്കുക എന്നത് സാധ്യമാവുകയുള്ളൂ.
കടം വീട്ടുവാനായി നിങ്ങൾക്ക് ചെയ്യാനാകുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
കടങ്ങൾ കൃത്യമായി മനസ്സിലാക്കുക
നിങ്ങളുടെ കടങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി രേഖപ്പെടുത്തി വയ്ക്കുക. ഇനി എത്ര തുകയാണ് നൽകേണ്ടി വരികയെന്നും, പലിശ നിരക്ക്, മാസം തോറും നൽകേണ്ട തുക എന്നിവയെല്ലാം തന്നെ രേഖപ്പെടുത്തുക. ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ യഥാർത്ഥ ചിത്രം ലഭിക്കുന്നതാണ്.

സ്വന്തം ബാധ്യതകളെ കുറിച്ച് തിരിച്ചറിവ് ഉണ്ടാകുമ്പോൾ അതിനനുസൃതമായി സാമ്പത്തിക കാര്യങ്ങളിൽ ക്രമീകരണം നടത്തുവാൻ സാധിക്കും. അതിനോടൊപ്പം കടങ്ങൾ ഓരോന്നായി ഒഴിവാക്കുവാനുള്ള പരിശ്രമങ്ങൾ തുടരുവാനുള്ള പ്രചോദനവും ലഭിക്കുന്നു.
ബഡ്ജറ്റ് തയ്യാറാക്കുക
നിങ്ങളുടെ വരവും ചെലവും ഉൾപ്പെടുത്തി ബഡ്ജറ്റ് തയ്യാറാക്കുവാൻ ശ്രമിക്കുക. പണത്തിന്റെ ഒഴുക്ക് കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ നിങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്താൻ സാധിക്കുകയുള്ളൂ.

ശമ്പളമായി ലഭിക്കുന്ന തുക, ഫ്രീലാൻസ് ജോലികളിൽ നിന്ന് ലഭിക്കുന്ന വരുമാനം, നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം തുടങ്ങി എല്ലാ മാർഗ്ഗങ്ങളിൽ നിന്നുള്ള വരുമാനം രേഖപ്പെടുത്തുക. വൈദ്യുതി ബില്ല്, വാട്ടർ ബില്ല് തുടങ്ങി നിത്യ ജീവിതവുമായി ബന്ധപ്പെട്ട ചെലവുകൾ, യാത്ര ചെലവുകൾ, നിത്യോപയോഗ സാധനങ്ങൾക്ക് ആവശ്യമായ തുക തുടങ്ങി എല്ലാത്തരം ചെലവുകളും രേഖപ്പെടുത്തുക.
വരവും ചെലവും കൃത്യമായി രേഖപ്പെടുത്തിയ ശേഷം അവ വിലയിരുത്തുക വഴി ഏതെല്ലാം നടപടികളിലൂടെ ചെലവുകൾ കുറയ്ക്കാമെന്നും വരുമാനം വർദ്ധിപ്പിക്കാമെന്നും കണ്ടെത്തുവാൻ സാധിക്കും. ബഡ്ജറ്റ് തയ്യാറാക്കുക എന്നത് കടങ്ങൾ ഒഴിവാക്കുവാനുള്ള പ്രധാനപ്പെട്ട ചൂവടുവയ്പ്പായി തന്നെ കണക്കാക്കാം.
അധിക പലിശ നൽകേണ്ടി വരുന്ന കടങ്ങൾക്ക് പ്രാധാന്യം നൽകുക
അധിക പലിശ ചുമത്തപ്പെടുന്ന കടങ്ങൾക്കാണ് നാം പ്രഥമ പരിഗണന നൽകേണ്ടത്. ദീർഘകാല അടിസ്ഥാനത്തിൽ ഇത്തരം കടങ്ങളാണ് നമ്മുടെ സാമ്പത്തിക സ്ഥിതിയെ ഏറ്റവും മോശമായി ബാധിക്കാറുള്ളത്. അതിനാൽ തന്നെ എത്രയും വേഗം ഇത്തരം കടങ്ങൾ ഒഴിവാക്കുവാൻ ശ്രമിക്കുക. അനാവശ്യമായ കട ബാധ്യത ഒഴിവാക്കി ഭാവിയിലേക്ക് നീക്കിയിരുപ്പ് സൃഷ്ടിക്കുവാൻ ഇത്തരം നടപടികൾ പിന്തുടരുക എന്നത് അനിവാര്യമാണ്.
അടയ്ക്കേണ്ട തവണകളെക്കാൾ അധിക തുക അടയ്ക്കുവാൻ ശ്രമിക്കുക

എല്ലാ മാസവും അടക്കേണ്ട കുറഞ്ഞ മാസത്തവണകളേക്കാൾ കൂടുതൽ തുക തിരിച്ചടയ്ക്കുന്നത് വഴി നിങ്ങളുടെ ലോണുകളുടെ കാലാവധി കുറയ്ക്കുവാൻ സാധിക്കുന്നതാണ്. കടങ്ങളുടെ തിരിച്ചടവ് ത്വരിതപ്പെടുത്തുന്നതിനോടൊപ്പം തന്നെ പലിശയിനത്തിലും ലാഭം നേടുവാൻ ഈ രീതി സഹായിക്കും.
കടങ്ങളുടെ എണ്ണം കുറയ്ക്കുക
അധിക പലിശ നൽകേണ്ടി വരുന്ന കൂടുതൽ കടങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ താരതമ്യേന കുറഞ്ഞ പലിശ നൽകേണ്ട രീതിയിൽ നിങ്ങളുടെ മൊത്തം കടം ഒന്നായി ചുരുക്കുവാൻ ശ്രമിക്കുക.
പലയിടങ്ങളിലായി ചിതറി കിടക്കുന്ന കടം ഒന്നായി മാറ്റുക വഴി കടത്തിന്റെ തിരിച്ചടവ് ലഘൂകരിക്കുവാൻ സാധിക്കും. കുറഞ്ഞ പലിശ നൽകേണ്ടി വരുന്ന രീതിയിൽ കടങ്ങൾ ക്രമീകരിക്കുകയാണെങ്കിൽ നിങ്ങൾക്ക് കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന രീതിയിലേക്ക് നിങ്ങളുടെ ബാധ്യതകളെ മാറ്റുവാൻ സാധിക്കും.
കൂടുതൽ കടങ്ങൾ വരുത്തി വയ്ക്കാതിരിക്കുക
നിങ്ങൾ നിങ്ങളുടെ ബാധ്യത ഒഴിവാക്കാനുള്ള ശ്രമത്തിലാണെങ്കിൽ ആ കാലയളവിൽ കൂടുതൽ കടങ്ങൾ വരുത്തി വയ്ക്കാതിരിക്കുക. ക്രെഡിറ്റ് കാർഡുകളും, ഉയർന്ന പലിശ നൽകേണ്ടി വരുന്ന ലോണുകളും ലഭ്യമാകുമെങ്കിൽ പോലും അവ ഒഴിവാക്കുവാൻ ശ്രമിക്കുക.
എമർജൻസി ഫണ്ട് സൃഷ്ടിക്കുക

ജീവിതത്തിൽ പ്രതീക്ഷിക്കാതെ സംഭവിക്കുന്ന ചെലവുകൾക്ക് പണം കണ്ടെത്തുവാനായി ഒരു എമർജൻസി ഫണ്ട് സൃഷ്ടിക്കുവാൻ ശ്രമിക്കുക. അത്യാവശ്യ ഘട്ടങ്ങളിലുള്ള പണത്തിന്റെ ആവശ്യകത കൈകാര്യം ചെയ്യുവാനും അതിനായി കടം വാങ്ങിയ പണത്തെ ആശ്രയിക്കാതിരിക്കുവാനും എമർജൻസി ഫണ്ട് സ്വന്തമാക്കുന്നതിലൂടെ സാധിക്കും.
ജീവിതത്തിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുള്ള ചില സാഹചര്യങ്ങളെ നേരിടുവാനുള്ള സുരക്ഷിതത്വബോധം എമർജൻസി ഫണ്ട് വ്യക്തികൾക്ക് നൽകുന്നു. കൂടാതെ കൂടുതൽ കടങ്ങൾ വരുത്തി വയ്ക്കുന്നതിലുള്ള റിസ്ക് ഒഴിവാക്കുവാനും സാധിക്കുന്നതാണ്.
വരുമാനം വർദ്ധിപ്പിക്കുക
വരുമാനം വർദ്ധിപ്പിക്കുക എന്നത് വളരെ വേഗത്തിൽ കടങ്ങൾ വീട്ടുവാൻ നിങ്ങൾക്ക് ചെയ്യാനാകുന്ന കാര്യങ്ങളിലൊന്നാണ്. പാർടൈം ജോലികൾ, ഫ്രീലാൻസ് ജോലികൾ, തുടങ്ങി നിങ്ങൾക്ക് സാധ്യമായ മാർഗ്ഗങ്ങളിലൂടെ അധിക വരുമാനം കണ്ടെത്തുക.
നിങ്ങൾ സ്ഥിരമായി ചെയ്തു വരുന്ന ജോലിയോടൊപ്പം തന്നെ വരുമാനം ലഭ്യമാകുന്ന മറ്റു ജോലികൾ ചെയ്യുവാനും സമയം കണ്ടെത്തുക.
ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുക

കടക്കെണിയിൽ നിന്ന് പുറത്തു കടക്കുക എന്നത് വളരെയധികം അധ്വാനം ആവശ്യമുള്ള കാര്യമാണ്. വളരെ ചെറിയ ചുവടുവെപ്പുകൾ ആണെങ്കിൽ പോലും മടി കൂടാതെ നടപ്പിലാക്കുകയും ചെറിയ നേട്ടങ്ങളിൽ പോലും സന്തോഷം കണ്ടെത്തുവാനും ശ്രമിക്കുക.
നിങ്ങളുടെ യഥാർത്ഥ ലക്ഷ്യം മുന്നിൽക്കണ്ട് പ്രവർത്തിക്കുക. കടങ്ങളെല്ലാം ഒഴിവായി സാമ്പത്തിക സ്ഥിരതയുള്ള ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് സ്വപ്നം കാണുക. അതിനോടൊപ്പം തന്നെ നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ നിന്ന് ചെലവുകൾ ആസൂത്രണം ചെയ്യുവാൻ ശ്രമിക്കുക. ആത്മാർത്ഥതയുള്ള പരിശ്രമത്തിലൂടെ നിങ്ങൾക്ക് സ്ഥിരതയോടെ മുന്നേറുവാൻ സാധിക്കും.
സാമ്പത്തിക വിദ്യാഭ്യാസം നേടുവാൻ ശ്രമിക്കുക
മണി മാനേജ്മെന്റ്, ബഡ്ജറ്റ് തുടങ്ങി സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ ഭാഗമായ അറിവുകൾ നേടുവാൻ ശ്രമിക്കുക. മികച്ച സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ സാമ്പത്തിക വിദ്യാഭ്യാസത്തിന് വലിയ പങ്കാണുള്ളത്. സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെ ഫലങ്ങൾ ജീവിതത്തിൽ നീണ്ടകാലം നിലനിൽക്കുന്നവയാണ്. അതിനാൽ തന്നെ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം കൈക്കൊള്ളുക.
കടക്കെണിയിൽ നിന്നും പുറത്തു കടക്കുക എന്നതിന് സമയവും ആത്മാർത്ഥമായ പരിശ്രമവും ആവശ്യമാണ്. അതിനാൽ തന്നെ ക്ഷമയോടെയും ശ്രദ്ധയോടെയും പ്രവർത്തിച്ചുകൊണ്ട് സ്ഥിരതയോടെ മുന്നേറുവാൻ ശ്രമിക്കുക. അതിലൂടെ കടക്കെണിയിൽ അകപ്പെടാതെ സമാധാന പൂർണ്ണമായ ഒരു ജീവിതം നയിക്കുവാൻ നിങ്ങൾക്ക് സാധിക്കും.