ബാങ്കുകളിൽ സ്ഥിരനിക്ഷേപമുള്ള എല്ലാ വ്യക്തികൾക്കും പരിചിതമായ വാക്കാണ് ടി ഡി എസ് അഥവാ ടാക്സ് ഡിഡക്ടബിൾ അറ്റ് സോഴ്സ് എന്നത്. നിക്ഷേപങ്ങളിൽ നിന്ന് വരുമാനം ലഭ്യമാകുമ്പോൾ ആ ഉറവിടത്തിൽ നിന്ന് തന്നെ നികുതിയീടാക്കുന്നതിനെയാണ് ടി ഡി എസ് എന്ന് പറയുന്നത്.
ആദ്യമായി ടി ഡി എസ് സമ്പ്രദായം നിലവിൽ വന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാം.
നിങ്ങൾക്ക് ഒരു ജോലി ഉണ്ടെന്ന് കരുതുക, ആ ജോലിക്ക് കൃത്യമായി ശമ്പളവും ലഭിക്കുന്നുണ്ട്. എല്ലാ സാമ്പത്തിക വർഷവും ലഭിക്കുന്ന വരുമാനം ഗവൺമെൻറ് നിശ്ചയിച്ച പരിധിയിൽ കൂടുതലാണെങ്കിൽ നിങ്ങൾ സ്വമേധയാ നികുതി നൽകേണ്ട വ്യവസ്ഥിതിയാണ് നിലനിൽക്കുന്നത് എന്ന് സങ്കൽപ്പിക്കുക. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ പല വ്യക്തികളും നികുതി നൽകുവാൻ മടിക്കുകയും ഗവൺമെന്റിന് ലഭിക്കേണ്ട നികുതി വരുമാനത്തിൽ കാര്യമായ ഇടിവുണ്ടാകുവാനുമുള്ള സാധ്യതയുണ്ട്.
ഇത്തരത്തിൽ ഗവൺമെന്റിന് സംഭവിച്ചേക്കാവുന്ന നികുതി നഷ്ടം ഒഴിവാക്കാൻ ശമ്പളം ലഭിക്കുന്ന അവസരത്തിൽ തന്നെ ആ തുകയുടെ ഒരു നിശ്ചിത ശതമാനം നികുതിയായി ഈടാക്കിയതിനു ശേഷം മാത്രം വ്യക്തികൾക്ക് ശമ്പളം ലഭിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.
ടി ഡി എസ് എന്നത് എല്ലാ തരത്തിലുമുള്ള പണമിടപാടുകൾക്കും ബാധകമാണോ എന്ന സംശയം പല വ്യക്തികൾക്കും ഉണ്ട്. എന്നാൽ വ്യക്തികൾക്ക് വരുമാനം ലഭിക്കുന്ന പണമിടപാടുകൾക്ക് മാത്രമാണ് ടി ഡി എസ് ബാധകമാകുന്നത്.
എല്ലാവരിൽ നിന്നും ഒരേ രീതിയിലല്ല ടി ഡി എസ് ഈടാക്കുന്നത്. വരുമാന സ്രോതസ്സുകളെ, കൃത്യമായി വർഗ്ഗീകരിച്ച് ഗവൺമെന്റ് നിശ്ചയിച്ച നികുതി നിരക്കുകൾ നിലവിലുണ്ട്.
ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് അവരുടെ വരുമാനത്തിനനുസൃതമായാണ് ടി ഡി എസ് ഈടാക്കുന്നത്. ബാങ്കുകളിലെ എഫ് ഡി, ആർ ഡി വാടക വരുമാനം, ഓഹരികളുടെ ഡിവിഡന്റ്, സെക്യൂരിറ്റികളിലെ നിക്ഷേപം തുടങ്ങി വ്യത്യസ്ത വരുമാന മാർഗ്ഗങ്ങൾക്ക് ടി ഡി എസ് ഈടാക്കുന്നത് വ്യത്യസ്ത നിരക്കിലാണ്.

വ്യക്തികളിൽ നിന്ന് ടി ഡി എസ് ഈടാക്കുന്ന സ്ഥാപനങ്ങളും ബാങ്കുകളും ആ തുക കൃത്യമായി ഗവൺമെന്റിന് നൽകേണ്ടതായിട്ടുണ്ട്. ജോലി നൽകുന്ന സ്ഥാപനങ്ങൾ ടി ഡി എസ് ആയി ഈടാക്കിയ തുക മൂന്നു മാസത്തിലൊരിക്കൽ ഗവൺമെന്റിന് നൽകേണ്ടതാണ്.
ടി ഡി എസ് ആയി ഈടാക്കിയ തുക കൃത്യമായി ഗവൺമെന്റിന് ലഭിച്ചിട്ടുണ്ടോ എന്നറിയുവാനായി ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ലഭ്യമായ 26 എ എസ് എന്ന ഫോമിൽ നിന്നും സാധിക്കും. സ്ഥിര നിക്ഷേപത്തിന്റെ പലിശ, ശമ്പളം തുടങ്ങി ഏത് വരുമാന മാർഗ്ഗത്തിൽ നിന്നും ടി ഡി എസ് ഈടാക്കിയാലും ഈ ഫോമിൽ കൃത്യമായി രേഖപ്പടുത്തിയിരിക്കും.
ബാങ്കുകളിലെ നിക്ഷേപത്തിന് ടി ഡി എസ് ഈടാക്കുന്നത് എപ്രകാരമാണ്
ഒരു സാമ്പത്തിക വർഷം ഒരു വ്യക്തിക്ക് ബാങ്കുകളിൽ നിന്ന് ആകെ ലഭിക്കുന്ന പലിശ വരുമാനം 40000 രൂപയിൽ അധികമാണെങ്കിൽ 40000 രൂപയിൽ കൂടുതലായ തുകയ്ക്ക് ആ വ്യക്തി പത്ത് ശതമാനം ടി ഡി എസ് നൽകുവാൻ ബാധ്യസ്ഥനാണ്.
ചില സാഹചര്യങ്ങളിൽ ഒരു വ്യക്തിക്ക് 40000 രൂപയിൽ അധികം പലിശ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ആ വ്യക്തിയുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ആ വ്യക്തിക്ക് നികുതി നൽകേണ്ട ബാധ്യതയില്ല.
എന്നിരുന്നാലും വ്യക്തികളുടെ വാർഷിക വരുമാനം ബാങ്കുകൾക്ക് അറിവില്ലാത്ത സാഹചര്യങ്ങളിൽ 2.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരിൽ നിന്നും ബാങ്കുകൾ ടി ഡി എസ് ഇടാക്കാറുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ടി ഡിഎസ് നൽകുന്നതിൽ നിന്ന് ഒഴിവാകുന്നതിനായി ബാങ്കുകളിൽ 15H/15G ഫോമുകൾ സമർപ്പിക്കാവുന്നതാണ്.
മേൽപ്പറഞ്ഞ ഫോം സമർപ്പിച്ചു കഴിഞ്ഞാൽ ബാങ്കുകൾ ഈടാക്കിയ ടി ഡി എസ് തിരികെ നൽകുകയും അല്ലെങ്കിൽ ടി ഡി എസ് ഈടാക്കുന്നതിൽ നിന്ന് വ്യക്തികളെ ഒഴിവാക്കുകയും ചെയ്യുന്നതാണ്.
2.5 ലക്ഷം രൂപയിലധികം വാർഷിക വരുമാനമുള്ള വ്യക്തികൾക്ക് സ്ഥിര നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന തുക 40000 രൂപയിൽ അധികമാണെങ്കിൽ അധിക തുകയുടെ 10% ടി ഡി എസ് നൽകേണ്ടതായിട്ടുണ്ട്.