എന്തിനാണ് പണം സമ്പാദിക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുവാൻ ഭൂരിഭാഗം വ്യക്തികൾക്കും സാധിക്കാറില്ല. മറ്റുള്ളവർ പണം സമ്പാദിക്കുന്നത് കൊണ്ട് ഞാനും പണം സമ്പാദിക്കുന്നു അല്ലെങ്കിൽ സമ്പന്നരായ വ്യക്തികളെ പോലെ ജീവിക്കുവാനായി ഞാൻ സമ്പാദിക്കുന്നു എന്ന രീതിയിൽ ആയിരിക്കും ഭൂരിഭാഗം പേരും ഈ ചോദ്യത്തിന് ഉത്തരം പറയുക.
ഏറെക്കാലത്തെ കഠിനമായ അധ്വാനത്തിലൂടെ മാത്രം നേടുവാൻ കഴിയുന്നതാണ് പണം എന്ന ചിന്ത കുട്ടിക്കാലം മുതൽ കേട്ട് വളരുന്നവരാണ് നമ്മൾ. ഏറെ പഴകിയ ഈ ചിന്താഗതി ഭാവി തലമുറയിലേക്ക് നാം പകർന്നു കൊടുക്കുന്നത് തെറ്റായ കാര്യമാണ്. ഈ പുതിയ കാലത്ത് കഷ്ടപ്പെട്ട് പണം നേടുന്നതിനേക്കാൾ ഇഷ്ടമുള്ളത് ചെയ്തു പണം നേടുന്നതിനാണ് പ്രസക്തിയുള്ളത് എന്ന് നാം മനസ്സിലാക്കണം.
സാമ്പത്തികപരമായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നാം സമ്പാദിക്കേണ്ടത് എന്ന ബോധ്യമാണ് പണം സമ്പാദിക്കുന്ന വ്യക്തികൾക്ക് ആദ്യമായി ഉണ്ടാവേണ്ടത്. അതായത് നിങ്ങൾ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുവാൻ പോകുന്ന സമയത്ത് അവിടുത്തെ മെനു കാർഡിലുള്ള നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതൊരു വിഭവവും പണം നോക്കാതെ നിങ്ങളുടെ ഇഷ്ടം മാത്രം പരിഗണിച്ച് ഓർഡർ ചെയ്ത് കഴിക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ സൂചനയാണെന്ന് പറയാം.
യൂറോപ്പ്, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ തുടങ്ങി ഈ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ചരിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ ആ യാത്രകൾ പൂർത്തീകരിക്കുവാൻ നിങ്ങളുടെ സാമ്പത്തിക സ്ഥിതി നിങ്ങൾക്ക് ഒരു പ്രതിബന്ധമായി മാറുന്നില്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് പറയാൻ കഴിയും. അതായത് ഒരു വ്യക്തിയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും നിർണയിക്കുന്ന അതിർവരമ്പായി പണം മാറുമ്പോൾ ആ വ്യക്തി സാമ്പത്തികമായ സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല എന്ന് പറയാൻ കഴിയും.
കയ്യിൽ വെച്ച് നാം എണ്ണി തീർക്കുന്ന നോട്ടുകെട്ടുകളല്ല പണം മറിച്ച് ജീവിതത്തിന്റെ ഭാഗമായ കാര്യങ്ങൾ നടത്തിയെടുക്കുവാൻ നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ മൂല്യമാണ് പണം എന്ന വാക്കിന്റെ ശരിയായ അർത്ഥം.

മാസം തോറും ലഭിക്കുന്ന ശമ്പളത്തെ മാത്രം ആശ്രയിച്ച് നിസ്സാരമായ ജീവിത രീതി പിന്തുടരുന്നവരാണ് സാധാരണക്കാരായ വ്യക്തികൾ. ഏക ആശ്രയമായ വരുമാനമാർഗ്ഗത്തിൽ എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ എന്ന ഭയത്താൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ് ഇത്തരക്കാർ.
ആഗ്രഹങ്ങളും അഭിലാഷങ്ങളും പരിഗണിക്കാതെ ചെലവുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ജീവിക്കുന്ന വ്യക്തികൾ തനിക്ക് പണം നേടുവാനുള്ള മറ്റു മാർഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. പലിശ വരുമാനം, ഓഹരി വിപണി, മ്യൂച്ചൽ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, റോയൽറ്റി ഇനത്തിൽ ലഭിക്കുന്ന വരുമാനം തുടങ്ങിയ വരുമാനമാർഗ്ഗങ്ങളെ കുറിച്ച് പഠിക്കുവാനും ഇത്തരം മാർഗ്ഗങ്ങൾ സൃഷ്ടിച്ചെടുക്കുവാനും പലർക്കും സാധിക്കാറില്ല.
ലോകത്ത് ഒരു വ്യക്തിയും സമ്പന്നനായി ജനിക്കുന്നില്ല
ഈ ലോകത്ത് ഒരു വ്യക്തിയും സമ്പന്നനായി ജനിക്കുന്നില്ല ഇച്ഛാശക്തിയോടു കൂടിയുള്ള ആത്മാർത്ഥമായ പ്രയത്നങ്ങളാണ് വ്യക്തികളെ സമ്പന്നതിലേക്ക് നയിക്കുന്നത്. ലോകത്ത് സമ്പന്നരായ വ്യക്തികളെല്ലാം അവരുടെ ജീവിതത്തിൽ പടിപടിയായി ഉയർച്ച കൈവരിച്ചവരാണ്.
ഒരു കുഞ്ഞ് ഭൂമിയിൽ പിറന്നു വീഴുന്നത് അളവില്ലാത്ത പോസിറ്റീവ് ഊർജ്ജവും ആയിട്ടാണ്. അതിനാൽ തന്നെ കുഞ്ഞുങ്ങൾ മുട്ടിലിഴയുവാനും നടക്കുവാനും സദാസമയം സ്വയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ മുതിർന്ന വ്യക്തികളായ നമ്മളിൽ പലരും മാധ്യമങ്ങൾ പകർന്നു നൽകുന്ന നെഗറ്റീവ് വാർത്തകളുടെ ലോകത്തിൽ നിന്ന് പുറത്തു കടക്കുവാൻ സാധിക്കാത്തവരാണ്.

ലോകത്തിലെ സമ്പന്നരായ വ്യക്തികൾ എല്ലാം തന്നെ അവരുടെ ജീവിതത്തിൽ വായനയ്ക്ക് വളരെ പ്രാധാന്യം നൽകുന്നവരാണ്. തിരക്കുകൾക്കിടയിലും അവർ വായിക്കാനായി സമയം കണ്ടെത്തുന്നു. ഇന്റർനെറ്റിലും മാധ്യമങ്ങളിലും അനാവശ്യമായി സമയം ചെലവഴിക്കുന്നതിന് പകരം വായനയ്ക്കായി സമയം നീക്കി വയ്ക്കുവാൻ നാം തയ്യാറാകണം.
വായനയിലൂടെ നാം നേടുന്ന അറിവുകൾ നമ്മെ സ്വതന്ത്രമായി ചിന്തിക്കുവാനും കൃത്യമായ തീരുമാനങ്ങൾ എടുക്കുവാനും തീർച്ചയായും സഹായിക്കും. മുകളിലാകാശവും താഴെ ഭൂമിയുമുള്ളവനെ സ്വപ്നങ്ങൾ കാണുവാൻ പഠിപ്പിക്കുന്നത് പുസ്തകങ്ങൾ തന്നെയാണ്.
പ്രശസ്ത എഴുത്തുകാരനായ ജോർജ് ക്ലാസൺ തന്റെ റിച്ചസ്റ്റ് മാൻ ഇൻ ബാബിലോൺ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്, “നമ്മുടെ പ്രവർത്തികൾ നമ്മുടെ ചിന്തകളെക്കാൾ മികച്ചതാക്കുന്നില്ല നമ്മുടെ ചിന്തകൾ നമ്മുടെ ജ്ഞാനത്തേക്കാൾ മികച്ചതാകുന്നില്ല”.
ബാബിലോൺ നഗരത്തിൽ സമ്പന്നനായ ഒരു വ്യക്തി തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം പാവങ്ങൾക്കായി നീക്കി വെച്ചിട്ട് പോലും അദ്ദേഹത്തിൻറെ സാമ്പത്തിക സ്ഥിതിയിൽ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിരുന്നില്ല. ഒരിക്കൽ സമ്പന്നനായ ഈ വ്യക്തിയോട് അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് ഒരു ചോദ്യം ചോദിച്ചു. “നമ്മുടെ ജീവിത സാഹചര്യങ്ങളും ലഭ്യമായ അവസരങ്ങളും ഒരുപോലെയായിരുന്നു എന്നിട്ടും നീ മാത്രം സമ്പന്നനായി മാറിയത് എങ്ങനെയാണ്, ഇത്രയധികം ദാനധർമ്മങ്ങൾ ചെയ്തിട്ടും എങ്ങനെയാണ് നീ സമ്പന്നനായി തുടരുന്നത്”.
ഈ ചോദ്യത്തിന് ധനികനായ ആ വ്യക്തി ഉത്തരം നൽകിയത് ഇങ്ങനെയാണ്, “പണം സമ്പാദിക്കുവാനുള്ള ആ രഹസ്യം പഠിക്കാൻ നിങ്ങൾക്ക് സാധിച്ചില്ല, എന്റെ കഷ്ടപ്പാടുകൾക്കിടയിലും പണം നേടുവാനുള്ള കഴിവുകളെ ഞാൻ വളർത്തിയെടുത്തു, വായനയിലൂടെ എന്റെ ചിന്തകളെ ഞാൻ മാറ്റിമറിച്ചു, പണം നേടുവാനും അത് കൃത്യമായി വിനിയോഗിക്കുവാനുമുള്ള ജ്ഞാനം ഞാൻ നേടി കഴിഞ്ഞു”.
ധനികരായ വ്യക്തികൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലും എപ്പോഴും പുരോഗമനത്തിനായി ശ്രമിക്കുന്നവരാണ്. പണത്തിന്റെ കാര്യത്തിൽ മാത്രമല്ല അറിവുകളിലും, ബന്ധങ്ങളിലും, ശാസ്ത്രസാങ്കേതികവിദ്യയിലും, വ്യായാമത്തിലും, യാത്രകളിലും എന്നിങ്ങനെ എല്ലാ മേഖലകളിലും അവർ വളരെ വേഗം മുന്നോട്ടു പോകുന്നു.
നെഗറ്റീവായ വാർത്തകളുടെ സ്വാധീനത്തിൽ നിന്നും മോചിതരാകാൻ സാധാരണക്കാരായ വ്യക്തികളിൽ പലർക്കും സാധിക്കാറില്ല. നെഗറ്റീവ് വാർത്തകളിൽ നിന്ന് മുക്തരായി ജീവിതത്തിൽ ഉയർച്ച നേടാൻ ആവശ്യമായ റിസ്ക് എടുക്കുവാൻ തയ്യാറാക്കുന്നവർക്ക് മാത്രമേ ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ സാധിക്കുകയുള്ളൂ.
ധനികരായ വ്യക്തികൾ എപ്പോഴും പോസിറ്റീവായ വ്യക്തികളുമായി മാത്രം സൗഹൃദം പങ്കിടുവാനും അവരിൽ നിന്ന് അറിവുകൾ നേടുവാനും ശ്രമിക്കുന്നവരാണ്. സമ്പന്നരായ വ്യക്തികളുടെ വളർച്ചയിൽ ഇത്തരം കൂട്ടുകെട്ടുകൾക്ക് വലിയ പ്രാധാന്യമുണ്ട്.
ജീവിതത്തിൽ പൊരുതി നേടണമെന്ന ചിന്താഗതിയുള്ള സുഹൃത്തുക്കളുടെ സാന്നിധ്യം അവരെപ്പോലെ തന്നെ പൊരുതി നേടുവാനുള്ള മനോഭാവത്തിലേക്ക് നിങ്ങളെ എത്തിക്കും. ദാരിദ്ര്യവും പ്രാരാബ്ദവും മാത്രം സംസാരിച്ചുകൊണ്ട് എല്ലാ കാര്യങ്ങളിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കുന്ന സുഹൃത്തുക്കളാണ് നിങ്ങൾക്കുള്ളതെങ്കിൽ തീർച്ചയായും ഒരു മാറ്റം അനിവാര്യമാണ്.
ലോകത്തിലെ 10% വരുന്ന ധനികരിൽ ഒരാളായി മാറണമെങ്കിൽ സ്വപ്നം കാണുവാനും തുറന്ന മനസ്സോടെ സ്വപ്നങ്ങൾക്കായി പ്രവർത്തിക്കുവാനും നിങ്ങൾ തീരുമാനമെടുക്കണം. നിങ്ങളുടെ വിധി നിർണയിക്കുന്നത് നിങ്ങളുടെ തീരുമാനങ്ങൾ മാത്രമാണ്.