സമൂഹത്തിലെ ബഹുഭൂരിപക്ഷം വ്യക്തികളും റിസ്ക് എന്ന വാക്ക് ചേർത്ത് വായിക്കുന്നത് ഒരു ബിസിനസ്സ് ആരംഭിക്കുക അല്ലെങ്കിൽ ബിസിനസ്സ് കൈകാര്യം ചെയ്യുക എന്നതിലാണ്. പൊതുവായ ധാരണ പോലെ ഒരു സംരംഭകനാവുക എന്നത് റിസ്കുള്ള കാര്യം തന്നെയാണ് എന്നാൽ ഒരു സംരംഭകൻ ആകാതിരിക്കുന്നതിലെ റിസ്ക് എന്താണെന്ന് പലരും ചിന്തിക്കാൻ ഇടയില്ലാത്ത ഒരു കാര്യമാണ്.
ലോകത്തിലെ ഏതൊരു സമൂഹത്തെ നിരീക്ഷിച്ചാലും നമുക്ക് മനസ്സിലാവുക ആ സമൂഹത്തിലെ 70 ശതമാനത്തോളം വ്യക്തികൾ ശമ്പള വരുമാനക്കാരായിരിക്കും. മാസം തോറും കൃത്യമായി ശമ്പളം ലഭിക്കുന്ന സ്ഥിര വരുമാനക്കാരും ദിവസക്കൂലിയ്ക്കായി ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും. തൊഴിലുടമയോ, ജോലി ചെയ്യുന്ന സ്ഥാപനമോ നൽകുന്ന ഏക വരുമാന സ്രോതസ്സിനെ ആശ്രയിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ് ഇത്തരം വ്യക്തികൾ.
എന്നാൽ ഒരു ബിസിനസ്സുകാരന്റേയോ, സംരംഭകന്റേയോ സാമ്പത്തിക സ്ഥിതി പരിശോധിച്ചാൽ അവർ ഒന്നിൽ കൂടുതൽ വരുമാന സ്രോതസ്സുകളെ ആശ്രയിച്ചു മുന്നോട്ട് പോകുന്നതായി നമുക്ക് നിരീക്ഷിക്കുവാൻ സാധിക്കും. കോവിഡ് പോലെ ലോകത്തെ ആകെ നിശ്ചലമാക്കിയ മഹാമാരി കടന്നു വന്നപ്പോൾ സാധാരണക്കാരായ വ്യക്തികളുടെ ഏക വരുമാന സ്രോതസ്സ് നിലയ്ക്കുന്ന സാഹചര്യമുണ്ടാവുകയും സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങൾ പോലും നിർവ്വഹിക്കുവാൻ സാധാരണക്കാർ കഷ്ടപ്പെടുന്ന സാഹചര്യവും നമ്മൾ കണ്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തെ മാത്രം ആശ്രയിച്ചുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതാണോ അല്ലെങ്കിൽ വ്യത്യസ്ത വരുമാന സ്രോതസ്സുകളെ സൃഷ്ടിച്ച് ഒരു സ്വയം സംരംഭകനാകുന്നതാണോ ശരിയായ റിസ്ക് എന്ന് നാം പുനഃശ്ചിന്തനം നടത്തേണ്ടത്.

വളരെ ഇടുങ്ങിയ തലത്തിൽ ചിന്തിക്കുമ്പോൾ സുരക്ഷിതമായ സ്ഥിര വരുമാനം അല്ലെങ്കിൽ സർക്കാർ ജോലിയായിരിക്കും റിസ്കില്ലാതെ ജീവിക്കുവാനും സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാനും നമ്മെ സഹായിക്കുന്നത് എന്ന തോന്നൽ നമുക്കുണ്ടായേക്കാം. ഒരു പക്ഷെ ബിസിനസ്സുകാരനായി മാറാനുള്ള തീരുമാനത്തിന് കുറേയേറെ റിസ്ക് അല്ലെങ്കിൽ നഷ്ട സാധ്യത ഉണ്ടെങ്കിലും റിസ്കിനെ കവച്ചു വയ്ക്കുന്ന തരത്തിലുള്ള അവസരങ്ങൾ ഒരു ബിസിനസ്സുകാരന്റെ മുന്നിലുണ്ട് എന്നതാണ് വാസ്തവം.
ഒരു ബിസിനസ്സ് ആരംഭിക്കുന്ന വ്യക്തിയെ സംബന്ധിച്ച് ആ ബിസിനസ്സിന്റെ തുടക്ക സമയത്ത് ആ വ്യക്തിയുടെ നേരിട്ടുള്ള അധ്വാനവും ശ്രദ്ധയും വളരെയധികം ആവശ്യം വന്നേക്കാം. എന്നാൽ ആ സംരംഭം ഒരു നിശ്ചിത വളർച്ച നേടിക്കഴിഞ്ഞാൽ സംരംഭകന്റെ നേരിട്ടുള്ള അധ്വാനവും ഇടപെടലും ഇല്ലാതെ തന്നെ ആ സംരംഭം വളർച്ച കൈവരിക്കുകയും സംരംഭകന് അതിൽ നിന്നും നേട്ടം ലഭിക്കുകയും ചെയ്യുന്നു.
എന്നാൽ ഒരു വ്യക്തി നേരിട്ട് ഒരു സ്ഥാപനം നടത്തുകയും ആ വ്യക്തിയുടെ നേരിട്ടുള്ള ഇടപെടലുകൾ ഇല്ലാതെ ആ സ്ഥാപനം പ്രവർത്തിപ്പിക്കാൻ സാധിക്കാതിരിക്കുകയും ചെയ്താൽ അങ്ങനെയുള്ള സ്ഥാപനങ്ങളെ സ്വയംതൊഴിലെന്ന രീതിയിലാണ് കണക്കാക്കുന്നത്. നമ്മുടെ സമൂഹത്തിൽ നല്ലൊരു ശതമാനം വ്യക്തികളും സ്വയംതൊഴിലിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.
പലപ്പോഴും ഇങ്ങനെയുള്ള സ്വയംതൊഴിൽ സംരംഭങ്ങൾ ബിസിനസ്സ് എന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഒരു സ്ഥാപനം തുറക്കുന്നത് മുതൽ ആ സ്ഥാപനത്തിലെ എല്ലാവിധ കാര്യങ്ങളും ഒരു വ്യക്തി സ്വയം ചെയ്യുന്ന സാഹചര്യത്തിൽ നിന്ന് ഒരു പടി കൂടി മുന്നോട്ടു പോയി ആ സ്ഥാപനത്തെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന രീതിയിൽ ഉയർത്തിയെടുക്കുവാൻ സാധിച്ചാൽ മാത്രമേ ആ സംരംഭത്തെ ബിസിനസ്സ് എന്ന് വിലയിരുത്താൻ സാധിക്കൂ.

ഒരു ബിസിനസ്സുകാരൻ ആകുന്നതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ആ വ്യക്തിക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം തന്നെയാണ്. ഒരു സ്വയം സംരംഭകനായി ബിസിനസ്സ് ലോകത്തേക്ക് ചുവട് വയ്ക്കുമ്പോൾ ആരംഭ കാലത്തിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാമെങ്കിലും തന്റെ സംരംഭം ശരിയായ പാതയിൽ മുന്നോട്ടു കൊണ്ടുപോകുവാനും കൃത്യമായി വളർത്തിയെടുക്കുവാനും സാധിച്ചാൽ ആ സംരംഭകന് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന് പരിമിതികളില്ല എന്ന് തന്നെ പറയുവാൻ സാധിക്കും.
മേൽപ്പറഞ്ഞ രീതിയിൽ വളർച്ചയുടെ പ്രാരംഭഘട്ടം കൈവരിച്ച ഒരു ബിസിനസ്സിന്റെ ഉടമസ്ഥനാണ് നിങ്ങളെങ്കിൽ നിങ്ങളെ നിയന്ത്രിക്കുന്നത് നിങ്ങൾ തന്നെയായി മാറും. ഇവിടെ ഒരു അവധി ലഭിക്കുവാനോ, തന്റെ അഭിലാഷങ്ങൾക്കും സ്വപ്നങ്ങൾക്കും അനുസരിച്ചുള്ള ഒരു ജീവിതരീതി മുന്നോട്ടു കൊണ്ടുപോകുവാനോ നിങ്ങൾക്ക് ആരുടെയും അനുവാദം ആവശ്യമുണ്ടാകില്ല. ജീവിതത്തിനെ സംബന്ധിക്കുന്ന ഏതൊരു കാര്യത്തിനും സ്വന്തം നിലയിൽ സ്വന്തമാഗ്രഹത്തിന് അനുസരിച്ച് പ്രതിബന്ധങ്ങളോ മറു ശബ്ദങ്ങളോ ഇല്ലാതെ തീരുമാനങ്ങളെടുക്കുവാൻ സാധിക്കുന്ന ഈ സ്വാതന്ത്ര്യമാണ് ഒരു സംരംഭകന് ലഭ്യമായ ഏറ്റവും വിലയുള്ള കാര്യം. ഒരു മികച്ച ബിസിനസ്സുകാരന് ലഭ്യമായ ഉയർന്ന വരുമാനവും, സുരക്ഷിതമായ സാമ്പത്തിക സ്ഥിതിയും ആ വ്യക്തിയെ തന്റെ ജീവിതം ഒരു പരിധിവരെ സ്വന്തം ഇച്ഛയ്ക്ക് അനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തനാക്കുന്നു.

സ്ഥിരവരുമാനക്കാരായ വ്യക്തികളുടെ സാമ്പത്തിക അവസ്ഥയിൽ നിന്നും ബിസിനസ്സുകാരായ വ്യക്‌തികളെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം ബിസിനസ്സുകാർക്ക് ലഭ്യമായ നികുതി ഇളവുകളാണ്. ഏതൊരു രാജ്യത്തെ നികുതി സംവിധാനം പരിശോധിച്ചാലും സ്ഥിരവരുമാനക്കാരായ സാധാരണ വ്യക്തികൾക്കാണ് ശതമാന കണക്കിൽ നികുതി കൂടുതൽ നൽകേണ്ടി വരുന്നത്. ഇന്ത്യയിലും നിലവിലുള്ളത് സമാന സാഹചര്യമാണ് ഇവിടെയും ലഭ്യമായ വരുമാനത്തിന്റെ ശതമാന കണക്കിൽ ഏറ്റവും അധികം നികുതി നൽകുന്നത് ബിസിനസ്സുകാരല്ല മറിച്ച് മധ്യവർഗ്ഗത്തിൽ ഉൾപ്പെടുന്ന വ്യക്തികളാണ്.
ബിസിനസ്സുകാരായ വ്യക്തികൾ നികുതിവെട്ടിപ്പ് നടത്തുന്നവരാണെന്ന് തെറ്റായ ധാരണ പൊതുവേ സാധാരണക്കാരായ വ്യക്തികൾക്കുണ്ട്. നിയമപരമായി തന്നെ ലഭ്യമായ ഇളവുകളെ വളരെ തന്ത്രപരമായി ഉപയോഗപ്പെടുത്തിയാണ് ബിസിനസ്സുകാർ നികുതിയിളവ് നേടുന്നത്. ശമ്പള വരുമാനമുള്ള വ്യക്തികളെ സംബന്ധിച്ച് ഉറവിടത്തിൽ നിന്ന് തന്നെ റ്റി ഡി എസ് ആയി നികുതി ഈടാക്കിയ ശേഷമാണ് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ശമ്പളം ലഭിക്കുന്നത്. ബിസിനസ്സുകാരായ വ്യക്തികൾ അവർക്ക് ലഭ്യമായ വരുമാനത്തിൽ നിന്നും ബിസിനസ്സിന് ആവശ്യമായ ചെലവുകൾ കുറച്ചതിന് ശേഷം ബാക്കിയുള്ള തുകയാണ് അവരുടെ ലാഭമായി രേഖപ്പെടുത്താറുള്ളത്.
ബിസിനസ്സുകാരായ വ്യക്തികൾ നികുതിയുടെ കാര്യത്തിൽ വളരെ കൃത്യമായി ആസൂത്രണം നടത്തി ലഭ്യമായ വരുമാനത്തിന്റെ നല്ലൊരു ശതമാനം കമ്പനിയുടെ ചെലവിനത്തിൽ രേഖപ്പെടുത്തിയ ശേഷമുള്ള തുകയ്ക്കു മാത്രം നികുതി നൽകുമ്പോൾ, അവരുടെ ആകെയുള്ള വരുമാനത്തിന്റെ ശതമാന കണക്കിൽ നികുതിയെ പരിഗണിച്ചാൽ അവർ നികുതിയായി നൽകുന്നത് വളരെ കുറഞ്ഞ ശതമാനം തുകയായിരിക്കും. ഒരു ബിസിനസ്സ് ഉടമയ്ക്കും സാധാരണക്കാരായ വ്യക്തിക്കും നികുതി ചുമത്തപ്പെടുന്നത് തീർത്തും വ്യത്യസ്തമായ രീതിയിലാണ്. നികുതിയിളവുകൾ നേടുവാനായി വ്യത്യസ്ത അവസരങ്ങൾ ലഭ്യമായതിനാൽ തന്നെ മറ്റുള്ളവരെക്കാൾ തങ്ങളുടെ നികുതി ഭാരം ലഘുകരിക്കാൻ ബിസിനസ്സുകാർക്ക് സാധിക്കുന്നുണ്ട്.

ഒരു സ്ഥാപനത്തിൽ ശമ്പളക്കാരനായി ജോലി ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ആ വ്യക്തിക്ക് ആ സ്ഥാപനത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ചു മാത്രമേ മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളൂ. ഒരു സംരംഭകനെ സംബന്ധിച്ച് തന്റെ സംരംഭത്തിന്റെ അധികാരകേന്ദ്രം താൻ തന്നെ ആയതിനാൽ ആ വ്യക്തിക്ക് ചുറ്റും ചട്ടക്കൂടുകൾ ഒന്നും തന്നെയില്ല. ഉദാഹരണത്തിന് പോലീസ് ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് കാഴ്ച്ചയിലും വസ്ത്രധാരണത്തിലും സേനയുടെ അച്ചടക്കവും നിയമങ്ങളും അനുസരിച്ച് മാത്രമേ സേനയിൽ ജോലി ചെയ്യുവാൻ സാധിക്കുകയുള്ളൂ.
മാർക്കറ്റിംഗിലും, സെയിൽസിലും, ഐടി മേഖലയിലും ജോലി ചെയ്യുന്ന വ്യക്തികൾക്കും അവരുടെ സ്ഥാപനത്തിലെ വസ്ത്രധാരണ ശൈലി അനുസരിച്ച് വസ്ത്രധാരണം ചെയ്യേണ്ടതായി വരാറുണ്ട്. കേവലം വസ്ത്രധാരണത്തിൽ മാത്രമല്ല ഗവൺമെന്റ് സർവ്വീസിലുള്ളവർക്ക് തങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പല കാര്യങ്ങളും ചെയ്യുന്നതിന് വളരെയധികം പരിമിതികൾ നിലവിലുണ്ട്. എന്നാൽ ബിസിനസ്സുകാരനായ ഒരു വ്യക്തിക്ക് അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിലും ജീവിത രീതിയിലും ഒരു തരത്തിലുമുള്ള നിയമങ്ങളും ബാധകമാകുന്നില്ല. സാമ്പത്തികമായ ഉയർച്ച മാത്രമല്ല തന്റെ ഇച്ഛയ്ക്ക് അനുസരിച്ചുള്ള ജീവിതരീതി പിന്തുടരുന്നതിന് ഒരു സംരംഭകന് ഒരു തരത്തിലുമുള്ള പരിമിതികളില്ല.
ഒരു വ്യക്തിക്ക് മറ്റാരുടെയും സഹായമില്ലാതെ എല്ലാ കാര്യങ്ങളും സ്വന്തം നിലയിൽ മാത്രം മുന്നോട്ടു കൊണ്ടുപോകുന്നതിന് പരിമിതികൾ ഉണ്ട്. ബിസിനസ്സുകാരനായ ഒരു വ്യക്തി താൻ കൈവരിക്കേണ്ട ലക്ഷ്യത്തിന് ആവശ്യമുള്ള മനുഷ്യ വിഭവവും മറ്റ് ഉപാധികളും എത്രത്തോളമാണെന്ന് കൃത്യമായി കണക്കുകൂട്ടി ഏറ്റവും കുറഞ്ഞ അധ്വാനത്തിലും ചെലവിലും തന്റെ ലക്ഷ്യം കൈവരിക്കുവാനായി ശ്രമിക്കുന്നു. ലഭ്യമായ വിഭവങ്ങളിൽ നിന്നും പരമാവധി നേട്ടമാണ് ഒരു സംരംഭകൻ ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ബിസിനസ്സുമായി ബന്ധപ്പെട്ട വ്യത്യസ്ത മേഖലകൾ കൈകാര്യം ചെയ്യുന്നതിന് വൈദഗ്ധ്യം ഉള്ളവരെ ഒരു സംരംഭകൻ തന്റെ വളർച്ചയ്ക്കായി കൃത്യമായി ഉപയോഗപ്പെടുത്തുന്നു.

എല്ലാ തരത്തിലുമുള്ള വിഭവങ്ങളും ബന്ധങ്ങളുമുള്ള ഒരു ബിസിനസ്സുകാരന് താൻ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുവാൻ വളരെ എളുപ്പം സാധിക്കുന്നു. എന്നാൽ പല കാര്യങ്ങളും സ്വന്തം നിലയിൽ ചെയ്യേണ്ടിവരുന്ന സാധാരണക്കാർക്ക് തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ പൂർത്തിയാക്കുവാൻ വളരെയേറെ കഷ്ടതകൾ അനുഭവിക്കേണ്ടതായി വരുന്നു.
വളരെ വേഗത്തിലുള്ള വളർച്ചയാണ് ബിസിനസ്സുകാരുടെ മറ്റൊരു പ്രത്യേകത. മനുഷ്യൻ ഒരു സമൂഹ ജീവിയാണ് ഒറ്റയ്ക്ക് നിന്ന് ഒരു മനുഷ്യന് കൈവരിക്കുവാൻ ആകുന്ന നേട്ടങ്ങൾക്ക് തീർച്ചയായും പരിമിതികൾ ഉണ്ട്, എന്നാൽ വ്യത്യസ്ത മേഖലകളിൽ പ്രാഗല്ഭ്യം നേടിയവരെ കൃത്യമായി ഉപയോഗിച്ച് ഒരു ലക്ഷ്യത്തിനായി അവരെ അണിനിരത്തുമ്പോൾ വളരെ വേഗത്തിൽ ലക്ഷ്യത്തിലെത്തുവാൻ അതിന് നേതൃത്വം നൽകുന്നവർക്ക് സാധിക്കുന്നു.
ഏതൊരു മേഖലയിലും വിജയം കൈവരിക്കണമെങ്കിൽ ഇന്നത്തെ കാലത്ത് ഏറ്റവും അത്യാവശ്യമുള്ളത് പല മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളായിട്ടുള്ള ഊഷ്മളമായ ബന്ധം അല്ലെങ്കിൽ മികച്ച നെറ്റ്‌വർക്ക് ഉണ്ടായിരിക്കുക എന്നതാണ്. ഒരു ബിസിനസ്സുകാരനെ സംബന്ധിച്ച് വ്യത്യസ്ത മേഖലകളിലുള്ളവരുമായി മികച്ച നെറ്റ്‌വർക്ക് സൃഷ്ടിച്ചെടുക്കുക എന്നത് വളരെ എളുപ്പത്തിൽ സാധിക്കുന്ന ഒന്നാണ്. എന്നാൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് തന്റേതല്ലാത്ത മേഖലയ്ക്ക് പുറത്തുള്ള ബന്ധങ്ങൾ എപ്പോഴും പരിമിതമായിരിക്കും. മേൽപ്പറഞ്ഞ ഘടകങ്ങൾ പരിഗണിക്കുമ്പോൾ ഒരു വ്യക്തി എന്ന നിലയിൽ കൈവരിക്കുന്നതിനേക്കാൾ വേഗത്തിലുള്ള വളർച്ച ഒരു ബിസിനസ്സ് എന്ന നിലയിൽ നിലകൊള്ളുമ്പോൾ കൈവരിക്കാൻ നമുക്ക് സാധിക്കും.

സ്ഥിര വരുമാനവും സുരക്ഷിതത്വവും പ്രതീക്ഷിച്ചുകൊണ്ട് ഒരു വ്യക്തിയുടെ കീഴിലോ സ്ഥാപനത്തിലോ ജോലി ചെയ്യുന്നതിനേക്കാൾ പലതരത്തിലുള്ള ഗുണങ്ങളും ഒരു സംരംഭകന് ലഭ്യമാകുന്നുണ്ട്. തന്റെ വൈദഗ്ധ്യവും കഴിവും കൃത്യമായി ഉപയോഗപ്പെടുത്തി സമഗ്രമായ വളർച്ച നേടുവാനുള്ള ഇടം പല സ്ഥാപനങ്ങളിലും വ്യക്തികൾക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ തന്റെ അഭിരുചികൾക്ക് അനുസൃതമായി സ്വന്തം നിലയിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു സംരംഭത്തിൽ ഒരു വ്യക്തിക്ക് കൈവരിക്കുവാനാകുന്ന വളർച്ചയ്ക്ക് പരിധികളില്ല. നിങ്ങൾ ശമ്പളത്തിനായി ജോലി ചെയ്യുകയോ സ്വയംതൊഴിൽ നടത്തുകയോ ചെയ്യുന്ന വ്യക്തിയാണെങ്കിൽ നിങ്ങളുടെ ഉള്ളിൽ ഒരു സംരംഭകനാകുവാനുള്ള മോഹമുണ്ടെങ്കിൽ ചെറിയ രീതിയിൽ ആയാലും സംരംഭകനാകുവാനുള്ള ചുവടുവെപ്പ് നടത്തുക എന്നതാണ് പ്രധാനം. ഇൻറർനെറ്റ് എന്ന അറിവിന്റെ അനന്തസാധ്യത കൃത്യമായി ഉപയോഗപ്പെടുത്തി ആവശ്യമുള്ള അറിവുകൾ നേടിയതിനു ശേഷം മാത്രം ഒരു സംരംഭകനാകുവാനുള്ള ആദ്യത്തെ ചുവടുവെപ്പ് നടത്തുക. വളരെ വേഗം സഞ്ചരിക്കുന്ന ഇന്നത്തെ ഈ ലോകത്തിൽ പിന്നിൽ ആകാതിരിക്കുവാനും സാമ്പത്തികമായി വളരുവാനും സ്വാതന്ത്ര്യം അനുഭവിക്കുവാനും സ്വയം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം നിലയിൽ ഒരു സംരംഭം ആരംഭിക്കാൻ ശ്രമിക്കുക.