ഈ പുതുയുഗത്തിൽ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. നാമെല്ലാവരും ഈ വസ്തുത ഉൾക്കൊള്ളുകയും സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ അറിവുകൾ നേടുവാൻ ശ്രമിക്കേണ്ടതുമാണ്. സാമ്പത്തികപരമായ ലിംഗ വിവേചനം ഇല്ലാതാക്കുന്നതിലും സാമ്പത്തിക സാക്ഷരത പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്.
ഇന്നത്തെ കാലത്തും സ്ത്രീകളെ സംബന്ധിച്ച് സ്വത്ത് സമ്പാദിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായി തുടരുകയാണ്. സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്ന സ്ത്രീകളെല്ലാവരും തന്നെ അവരുടെ നിത്യജീവിതത്തിൽ ഈ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. എന്നാൽ സാമ്പത്തികപരമായ വിജ്ഞാനം സ്ത്രീകളെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിക്കുന്നതിന് തീർച്ചയായും ശക്തി പകരും. സ്ത്രീ ശാക്തീകരണത്തിന് സാമ്പത്തിക സാക്ഷരത അനിവാര്യമാകുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
സാമ്പത്തിക സാക്ഷരതയിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം
പരിമിതമായ വരുമാനം മൂലം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ കഷ്ടപ്പെടുന്നവർ നമുക്കിടയിലുണ്ട്. ഇങ്ങനെയുള്ള കഷ്ടപ്പാടിൽ നിന്നും പുറത്ത് കടക്കണമെങ്കിൽ വരുമാനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ലഭ്യമായ വരുമാനം കൃത്യമായി ഉപയോഗിക്കുവാനും നാം പഠിക്കേണ്ടതുണ്ട്.

സാമ്പത്തികപരമായ അറിവുകൾ പണം കൃത്യമായി കൈകാര്യം ചെയ്യുവാനുള്ള വൈദഗ്ധ്യം നിങ്ങൾക്ക് നൽകുന്നു. അറിവുകൾ നേടുന്നതിലൂടെ എങ്ങനെ കൂടുതൽ വരുമാനം നേടാമെന്നും, വരുമാനത്തിൽ നിന്നും നീക്കിയിരിപ്പുകൾ എങ്ങനെ സൃഷ്ടിക്കാമെന്നും, മികച്ച നിക്ഷേപങ്ങൾ നടത്തേണ്ടത് എങ്ങനെയാണെന്നും തിരിച്ചറിയുന്നു.
ശോഭനമായ ഒരു ഭാവിയാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ അതിനായി നീക്കിയിരിപ്പുകൾ സൃഷ്ടിക്കേണ്ടത് പരമപ്രധാനമാണ്.
ഭാവിയിലേക്ക് പണം നീക്കി വയ്ക്കുവാൻ സാമ്പത്തിക സാക്ഷരത നിങ്ങൾക്ക് പ്രാപ്തി നൽകും. പണം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള അറിവുകൾ നിങ്ങളെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കും. അങ്ങനെ സാമ്പത്തിക ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കുന്നതിൽ നിന്നുള്ള മോചനം നിങ്ങൾക്ക് ലഭ്യമാകുന്നു.
ഫണ്ട് മാനേജ്മെന്റ്
സാമ്പത്തിക വിജ്ഞാനം എന്നത് ജീവിതത്തിന്റെ വിജയ മന്ത്രമാണ്. സ്വന്തമായി ബഡ്ജറ്റ് തയ്യാറാക്കുക, സാമ്പത്തിക ആസൂത്രണം നടത്തുക, ഫണ്ട് മാനേജ്മെന്റ് എന്നിങ്ങനെയുള്ള അറിവുകൾ സാമ്പത്തിക വിജ്ഞാനം നേടുക വഴി നമുക്ക് ലഭിക്കുന്നു. എമർജൻസി ഫണ്ട്, റിട്ടയർമെന്റ് ജീവിതത്തിന് ആവശ്യമായ തുക, ഇൻഷുറൻസ് കവറേജ് എന്നിവ സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്.

സാമ്പത്തിക സാക്ഷരതയുള്ള വ്യക്തികൾക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളിൽ ബുദ്ധിപൂർവ്വമായ തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കും. അതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടുവാനും സ്വത്ത് സമ്പാദിക്കാനും അവർക്ക് കഴിയും.
ലിംഗ വിവേചനത്തെ തരണം ചെയ്യുക
പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ പുരുഷന്മാർ ഏറെയും ജോലി ചെയ്തു വരുമാനം നേടുന്നവരും, സ്ത്രീകൾ വീടുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്നവരുമാണ്. സ്വന്തമായി വരുമാനമില്ലാത്ത ഈ സ്ത്രീകൾ സാമ്പത്തിക അരക്ഷിതാവസ്ഥ അനുഭവിക്കാനുള്ള സാധ്യത ഏറെയാണ്.
പണ്ടു കാലത്ത് സമൂഹത്തിലെ സ്ത്രീകൾ ഏറെ ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് ജീവിച്ചത്. അവർക്ക് പുരുഷന്മാർക്ക് ലഭിച്ചിരുന്ന വേതനമോ സ്വത്തവകാശമോ ലഭിച്ചിരുന്നില്ല. സ്ത്രീകൾക്ക് തങ്ങളുടെ മുന്നിലുള്ള വെല്ലുവിളികൾ നേരിടണമെങ്കിൽ സാമ്പത്തിക വിജ്ഞാനം നേടുകയും അവ പ്രായോഗിക തലത്തിൽ നടപ്പിലാക്കുകയും ചെയ്യുക വഴി മാത്രമേ സാധിക്കൂ.

സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സാമ്പത്തിക സാക്ഷരതയുള്ളവർക്ക് മാത്രമേ സാധിക്കൂ. അത് നേടുക വഴി എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രതിബന്ധങ്ങളെ തരണം ചെയ്യുവാനും സ്ത്രീകൾക്ക് സാധിക്കുന്നു.
സാമ്പത്തിക വിജ്ഞാനം സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്നു. സ്വയം പര്യാപ്തത എന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ചവിട്ടു പടിയാണ്. ആ സ്വാതന്ത്ര്യത്തിലൂടെ ശോഭനമായ ഒരു ഭാവിയും സാമ്പത്തിക സുരക്ഷിതത്വവും നേടുവാൻ സ്ത്രീകൾക്കാകും.