പല വ്യക്തികളും എസ് ഐ പി, മ്യൂച്വൽ ഫണ്ട് എന്നിവ ഒന്നു തന്നെയാണ് എന്ന് തെറ്റിദ്ധാരണയുള്ളവരാണ്. ഇവ രണ്ടും തീർത്തും വ്യത്യസ്ത പദങ്ങളാണ് എന്നതാണ് യാഥാർത്ഥ്യം. ഈ രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം ശരിയായി തിരിച്ചറിഞ്ഞില്ലെങ്കിൽ നിക്ഷേപിക്കുവാനുള്ള തീരുമാനവുമായി കടന്നുവരുന്ന ഒരു വ്യക്തിക്ക് പലവിധ സംശയങ്ങളും ഉണ്ടായേക്കാം. അതിനാൽ തന്നെ ഈ രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
നമ്മുടെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും അനുസരിച്ച് ഒരു ലക്ഷ്യത്തിലേക്ക് നാം എത്തിച്ചേരണമെങ്കിൽ അതിന് അനുയോജ്യമായ പാത തന്നെ തിരഞ്ഞെടുക്കേണ്ടതായിട്ടുണ്ട്. കൃത്യമായ ലക്ഷ്യബോധത്തോടെയല്ല നമ്മുടെ സഞ്ചാരമെങ്കിൽ വഴിതെറ്റുവാനുള്ള സാധ്യത ഏറെയാണ്.

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അതിനായി ശരിയായ പാത തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇവിടെ നിങ്ങൾ തിരഞ്ഞെടുക്കേണ്ട ശരിയായ പാത എന്നത് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ് ഐ പി എന്നതാണ്. എസ് ഐ പി എന്ന നിക്ഷേപ രീതി പിന്തുടരുന്നതിലൂടെ കൃത്യമായ അച്ചടക്കത്തോടെ നിക്ഷേപിക്കുവാനും നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിൽ എത്തിച്ചേരുവാനും തീർച്ചയായും സാധിക്കുന്നതാണ്.
മ്യൂച്വകൾ ഫണ്ടുകൾ
പല വ്യക്തികളിൽ നിന്നായി സ്വീകരിക്കുന്ന നിക്ഷേപം ഒന്നായി ചേർത്തുകൊണ്ട് ഓഹരികൾ, ബോണ്ടുകൾ തുടങ്ങിയ വ്യത്യസ്ത സ്വഭാവമുള്ള സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന നിക്ഷേപ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക വഴി നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്ന പ്രൊഫഷണൽ ഫണ്ട് മാനേജർമാരുടെ വൈദഗ്ധ്യത്തിന്റെ ഗുണഫലം നിക്ഷേപകർക്ക് ലഭിക്കുന്നതാണ്. ഫണ്ട് മാനേജർമാർ വിപണിയെ ശരിയായ രീതിയിൽ വിലയിരുത്തിയ ശേഷം മികച്ച സെക്യൂരിറ്റികൾ കണ്ടെത്തി മ്യൂച്വൽ ഫണ്ടിന്റെ ലക്ഷ്യത്തെ മുൻനിർത്തി നിക്ഷേപിക്കാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നു.

അതുകൂടാതെ ഒരു വ്യക്തിയുടെ ആകെ നിക്ഷേപം വൈവിധ്യവൽക്കരിക്കുവാൻ മ്യൂച്വൽ ഫണ്ട് വളരെയധികം സഹായിക്കുന്നു. വ്യത്യസ്ത സ്വഭാവമുള്ള സെക്യൂരിറ്റികളിൽ നിക്ഷേപിച്ചുകൊണ്ട് വ്യക്തികൾക്ക് വൈവിധ്യമാർന്ന ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കുവാൻ സാധിക്കുന്നു. ഇത്തരത്തിൽ നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്ക് കുറയ്ക്കുകയും വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് നിക്ഷേപത്തെ സംരക്ഷിച്ചു നിർത്തുവാനും സാധിക്കുന്നതാണ്.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ അഥവാ എസ് ഐ പി
മ്യൂച്വൽ ഫണ്ടുകൾ എന്നത് ഒരു നിക്ഷേപ ഉപകരണമാണെങ്കിൽ അതിൽ നിക്ഷേപിക്കാനുള്ള ഒരു നിക്ഷേപ രീതിയാണ് എസ് ഐ പി എന്നത്.
ഒരു നിശ്ചിത കാലയളവിൽ വ്യവസ്ഥാപിതമായ രീതിയിൽ പണം നിക്ഷേപിക്കുവാനും സാമ്പത്തിക ലക്ഷ്യങ്ങൾ നിർവ്വഹിക്കുവാൻ ഒരു വലിയ തുക സൃഷ്ടിച്ചെടുക്കുവാനും എസ് ഐ പി നിക്ഷേപ രീതി നിങ്ങളെ സഹായിക്കുന്നു. മാത്രമല്ല എസ് ഐ പി നിക്ഷേപ രീതിയിലൂടെ നിങ്ങളുടെ നിക്ഷേപത്തിന് കോമ്പൗണ്ടിംഗിന്റെ ഗുണഫലം ലഭിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ വിപണിയിലെ കയറ്റിറക്കങ്ങൾ നിക്ഷേപത്തെ സാരമായി ബാധിക്കാതെ കൈകാര്യം ചെയ്യുവാനും ഈ നിക്ഷേപ രീതി പിന്തുടരുന്നതിലൂടെ സാധിക്കും.

നിക്ഷേപിക്കുവാനായി ഒരു മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുത്താൽ, എസ് ഐ പി മാതൃകയിലൂടെ ഒരു നിശ്ചിത തുക നിശ്ചിത കാലയളവിൽ ആവർത്തിക്കപ്പെടുന്ന രീതിയിൽ തുടർച്ചയായി നിക്ഷേപിക്കുവാൻ കഴിയുന്നു. എല്ലാ ദിവസവും, എല്ലാ ആഴ്ചയിലും, എല്ലാ മാസവും, വർഷത്തിൽ ഒന്ന് എന്നിങ്ങനെ നിക്ഷേപകന്റെ ഇഷ്ടാനുസരണം നിക്ഷേപം തുടരേണ്ട കാലാവധി തിരഞ്ഞെടുക്കുവാൻ ഇവിടെ അവസരമുണ്ട്. നിക്ഷേപം തുടരേണ്ട കാലാവധിയും തീയതിയും തിരഞ്ഞെടുത്ത ശേഷം ബാങ്ക് അക്കൗണ്ടിൽ നിന്ന് നാം ആഗ്രഹിക്കുന്ന ദിവസം എസ് ഐ പി ആയി മ്യൂച്വൽ ഫണ്ടിലേക്ക് പണം നിക്ഷേപിക്കുന്ന രീതിയിൽ ക്രമീകരണം നടത്തുവാനുള്ള അവസരവും ലഭ്യമാണ്.
Are you looking for investments?
Kashly team can help you start your mutual fund investments with the right assistance. signup here
സംഗ്രഹം
എസ് ഐ പി എന്നത് മ്യൂച്വൽ ഫണ്ടിന്റെ ഭാഗം തന്നെയാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അനുയോജ്യമായ ഏറ്റവും ലളിതമായ നിക്ഷേപ രീതിയാണ് എസ് ഐ പി.ഇവ തമ്മിൽ ഒരിക്കലും താരതമ്യം ചെയ്യുവാൻ സാധിക്കുകയില്ല. കാരണം മ്യൂച്വൽ ഫണ്ട് എന്നത് ഒരു നിക്ഷേപ ഉപകരണവും എസ് ഐ പി എന്നത് നിക്ഷേപ രീതിയുമാണ്. ക്ഷമയും ലക്ഷ്യബോധവും ഉണ്ടെങ്കിൽ എസ് ഐ പി മാതൃകയിലൂടെ നിക്ഷേപിച്ചു കൊണ്ട് നിങ്ങളുടെ ഭാവി ലക്ഷ്യങ്ങൾക്ക് അനുസൃതമായി മികച്ച നിക്ഷേപം സൃഷ്ടിച്ചെടുക്കുവാൻ സാധിക്കുന്നതാണ്.