സമൂഹത്തിൽ പൊതുവായി നിലനിൽക്കുന്ന ചില അബദ്ധധാരണകളുടെ സ്വാധീനം മൂലം നിങ്ങൾ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നും പിൻവാങ്ങുന്നുണ്ടോ. മ്യൂച്വൽ ഫണ്ട് നിക്ഷേപം വളരെ സങ്കീർണത നിറഞ്ഞ നിക്ഷേപ രീതിയാണെന്ന് നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ. ചില അബദ്ധധാരണകൾ വെച്ചുപുലർത്തുന്നത് മൂലം സമൂഹത്തിലെ നല്ലൊരു ശതമാനം വ്യക്തികളും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ ഭയത്തോടെയാണ് സമീപിക്കുന്നത്. മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട നിങ്ങൾ തീർച്ചയായും ഒഴിവാക്കേണ്ട 5 അബദ്ധധാരണകളെ കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുവാൻ നിങ്ങൾ ഒരു ധനകാര്യ വിദഗ്ധനായിരിക്കണം
സാധാരണക്കാരനായ ഏതൊരു വ്യക്തിക്കും നിക്ഷേപിക്കാവുന്ന ലളിതമായ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. ധനകാര്യ മേഖലയെ കുറിച്ച് നിങ്ങൾക്ക് ആഴത്തിലുള്ള അറിവില്ലെങ്കിലും വളരെ ആത്മവിശ്വാസത്തോടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ സമീപിക്കാവുന്നതാണ്. നിങ്ങൾക്ക് വേണ്ടി മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഒരു ഫണ്ട് മാനേജർക്ക് സാധിക്കും.
മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾ മ്യൂച്വൽ ഫണ്ട് കമ്പനികളുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഒരു ഫണ്ടിന്റെ നിക്ഷേപ ലക്ഷ്യങ്ങളും അവയുടെ മുൻകാലങ്ങളിലെ പ്രകടനവും തുടങ്ങി നിക്ഷേപിക്കുവാനുള്ള തീരുമാനം കൈക്കൊള്ളുവാൻ സഹായിക്കുന്ന വ്യത്യസ്ത വിവരങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കുവാൻ ഓൺലൈൻ ടൂളുകളേയും ഉപയോഗപ്പെടുത്താവുന്നതാണ്.

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുവാൻ ഒരു നിക്ഷേപകന് ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം സാമ്പത്തിക ലക്ഷ്യങ്ങളാണ്. റിട്ടയർമെന്റ് ജീവിതം, കുട്ടികളുടെ വിദ്യാഭ്യാസം, ഭവനം നിർമ്മിക്കുക തുടങ്ങി ഏത് ആവശ്യത്തിനാണ് നിങ്ങൾ നിക്ഷേപം നടത്തുന്നത് എന്ന വ്യക്തമായ തിരിച്ചറിവ് നിങ്ങൾക്കുണ്ടായിരിക്കണം. സാമ്പത്തിക ലക്ഷ്യങ്ങൾ വ്യക്തമായി നിർവചിച്ചു കഴിഞ്ഞാൽ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ ഒരു ഫണ്ട് തിരഞ്ഞെടുക്കുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. ഓരോ ഫണ്ടുമായി ബന്ധപ്പെട്ട ലാഭസാധ്യതയിലും റിസ്കിന്റെ തോതിലും വ്യത്യാസമുണ്ടെന്ന് നാം മനസ്സിലാക്കണം.
നിക്ഷേപം തുടങ്ങണമെങ്കിൽ ധാരാളം പണം ആവശ്യമാണ്
വരുമാനം ഒരു നിശ്ചിത പരിധിക്കപ്പുറം ആണെങ്കിൽ മാത്രമേ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുവാൻ കഴിയുകയുള്ളൂ എന്ന് ചിന്തിക്കുന്നവരുണ്ട്. മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തണമെങ്കിൽ നിങ്ങൾ ഒരു പണക്കാരൻ ആയിരിക്കണം എന്ന ധാരണ തെറ്റാണ്.
ചെറിയ തുക കൊണ്ടുതന്നെ നിക്ഷേപം ആരംഭിക്കുവാൻ അവസരം നൽകുന്ന ധാരാളം ഫണ്ടുകൾ ഇന്ന് ലഭ്യമാണ്. എല്ലാ ആഴ്ച്ചയും, എല്ലാ മാസവും, രണ്ടു മാസത്തിലൊരിക്കൽ എന്നിങ്ങനെ നിശ്ചിത കാലയളവിൽ നിക്ഷേപം ആവർത്തിക്കുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ് ഐ പി മാതൃകയിൽ നിക്ഷേപം നടത്തുവാൻ കുറഞ്ഞ തുക മതിയാകും. എസ് ഐ പി മാതൃകയിലുള്ള തുടർച്ചയായ നിക്ഷേപത്തിലൂടെ ഭാവിയിൽ വലിയ തുക കണ്ടെത്തുവാൻ നിങ്ങൾക്ക് കഴിയും.
തൻ്റെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചു വേണം എത്രത്തോളം തുകയാണ് നിക്ഷേപിക്കേണ്ടത് എന്ന് തീരുമാനിക്കുവാൻ. സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കാത്ത രീതിയിൽ വേണം നിക്ഷേപം നടത്തേണ്ടത്. നിങ്ങളുടെ കൈവശം ചെറിയ നീക്കിയിരിപ്പാണ് ഉള്ളതെങ്കിൽ പോലും നിക്ഷേപത്തിന്റെ മേഖലയിലേക്ക് സധൈര്യം ഇറങ്ങിത്തിരിക്കുവാൻ തയ്യാറാകണം.
മ്യൂച്വൽ ഫണ്ടുകൾ എല്ലായിപ്പോഴും ഉയർന്ന നേട്ടം നൽകുന്നവയാണ്
മ്യൂച്വൽ ഫണ്ടുകളിലൂടെ ഉയർന്ന നേട്ടം നേടുവാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും നിക്ഷേപത്തിൽ നിന്നുള്ള നേട്ടം വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. രാജ്യത്തെ നിലവിലെ സാമ്പത്തിക സാഹചര്യം അന്താരാഷ്ട്ര തലത്തിലുള്ള സംഭവവികാസങ്ങൾ മുതലായവ ഫണ്ടിന്റെ പ്രകടനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എല്ലാ സാഹചര്യത്തിലും ഉയർന്ന നേട്ടം ഉറപ്പു നൽകുന്ന മ്യൂച്വൽ ഫണ്ട് നിലവിലില്ല എന്നതാണ് വാസ്തവം.

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്ക് ദീർഘകാല അടിസ്ഥാനത്തിൽ ഉയർന്ന നേട്ടം നൽകുവാനുള്ള ശേഷിയുണ്ടെങ്കിലും ഇത്തരം നിക്ഷേപങ്ങൾക്ക് വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് തുടർച്ചയായ വ്യതിയാനം സംഭവിക്കുന്നു. നിശ്ചിത നേട്ടം നൽകുന്ന ബോണ്ടുകൾ പോലെയുള്ള സെക്യൂരിറ്റികൾ നിക്ഷേപിക്കുന്നതിനാൽ ഡെറ്റ് ഫണ്ടുകൾക്ക് സ്ഥിരത കൂടുതലാണ്.
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ മൂല്യത്തിൽ കയറ്റിറക്കങ്ങൾ ഉണ്ടാകുന്നതിനാൽ തന്നെ മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട് റിസ്ക് നിലനിൽക്കുന്നുണ്ട്. നിങ്ങൾക്ക് എത്രത്തോളം റിസ്ക് കൈക്കൊള്ളുവാൻ സാധിക്കും എന്നതും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും പരിഗണിച്ച് വേണം നിക്ഷേപം നടത്തേണ്ടത്.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയിരിക്കുന്ന പണം പിൻവലിക്കുവാൻ ബുദ്ധിമുട്ടാണ്
കൂടുതൽ വ്യക്തികളും വിചാരിക്കുന്നത് ഒരു തവണ മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിച്ചു കഴിഞ്ഞാൽ ഒരു നീണ്ട കാലയളവിന് ശേഷം മാത്രമേ പണം പിൻവലിക്കുവാൻ സാധിക്കുകയുള്ളൂ എന്നാണ്. കൂടുതൽ ഫണ്ടുകളുടെ കാര്യത്തിലും ഈ ചിന്താഗതി ശരിയല്ല എന്നതാണ് വാസ്തവം.
കൂടുതൽ മ്യൂച്വൽ ഫണ്ടുകളും ഓപ്പൺ എൻഡഡ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. ഇവിടെ നിങ്ങൾക്ക് എപ്പോഴാണ് പണം ആവശ്യമുള്ളത്, ആ അവസരത്തിൽ തന്നെ നിക്ഷേപത്തിൽ നിന്നും പണം പിൻവലിക്കുവാൻ സാധിക്കുന്നതാണ്. ഉദാഹരണത്തിന് നിങ്ങൾ ഒരു ലിക്വിഡ് ഫണ്ടിലോ ഷോട്ട് ടേം ഫണ്ടിലോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് നിക്ഷേപം പിൻവലിക്കുവാൻ സാധിക്കുന്നതാണ്. പെട്ടെന്ന് പണം ആവശ്യമായി വരുന്നവർക്ക് ഇത്തരം ഫണ്ടുകളാണ് ഏറ്റവും അനുയോജ്യം.
എന്നാൽ ചില ഫണ്ടുകൾക്ക് ലോക്ക് ഇൻ പിരിയഡ് ബാധകമാണ്. ഉദാഹരണത്തിന് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം അഥവാ ഇ എൽ എസ് എസ് വിഭാഗത്തിൽ വരുന്ന ഫണ്ടുകൾക്ക് മൂന്ന് വർഷം വരെ ലോക്ക് ഇൻ പിരിയഡ് ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച ഈ കാലപരിധിക്ക് ശേഷം യാതൊരു നിബന്ധനകൾക്കും വിധേയമല്ലാതെ നിങ്ങൾക്ക് നിക്ഷേപം പിൻവലിക്കുവാൻ സാധിക്കും.
ദീർഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപത്തിന് മാത്രം അനുയോജ്യമായ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ
ദീർഘമായ കാലയളവിലേക്ക് മാത്രം നിക്ഷേപം നടത്തേണ്ട നിക്ഷേപമാർഗം ആയിട്ടാണ് പലരും മ്യൂച്വൽ ഫണ്ടുകളെ വിലയിരുത്തുന്നത്. ഇത് വളരെ പൊതുവായി നിലനിൽക്കുന്ന തെറ്റിദ്ധാരണയാണ്. വ്യക്തതയോടെ വിലയിരുത്തലുകൾ നടത്തുവാൻ തയ്യാറായാൽ മാത്രമേ യാഥാർത്ഥ്യങ്ങൾ മനസ്സിലാവുകയുള്ളൂ. ദീർഘകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്കും ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾക്കും അനുയോജ്യമായ വിവിധ ഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്.

ഹ്രസ്വമായ കാലയളവിൽ നടത്തേണ്ട ലക്ഷ്യങ്ങൾക്കായി ആശ്രയിക്കാവുന്ന ഫണ്ടുകളാണ് ലിക്വിഡ് മ്യൂച്വൽ ഫണ്ടുകൾ. ഒരു അവധിക്കാല യാത്ര, എമർജൻസി ഫണ്ട് മുതലായ ചെലവുകൾക്കായി മാറ്റിവെച്ചിരിക്കുന്ന പണം ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് പണം ലഭിക്കുവാൻ ലിക്വിഡ് ഫണ്ടുകൾ ഏറ്റവും അനുയോജ്യമാണ്.
എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങൾക്ക് കൂടുതൽ അനുയോജ്യമാകുന്നത് ഇക്വിറ്റി ഫണ്ടുകളും, ബാലൻസ്ഡ് ഫണ്ടുകളുമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയർമെൻ്റ് ജീവിതം പോലെയുള്ള നീണ്ട കാലയളവിൽ വലിയ തോതിലുള്ള ആസ്തി വളർച്ച ആവശ്യമുള്ള ലക്ഷ്യങ്ങൾക്ക് ഇത്തരം ഫണ്ടുകൾ തിരഞ്ഞെടുക്കാം. ഇവിടെ കോമ്പൗണ്ടിംഗിന്റെ ഗുണഫലം ലഭ്യമാകുന്നതിനാൽ തന്നെ ദീർഘകാല അടിസ്ഥാനത്തിൽ ഉയർന്ന നേട്ടം ലഭ്യമാകുവാനുള്ള സാധ്യതയുണ്ട്.
Are you looking for investments?
Kashly team can help you start your mutual fund investments with the right assistance. signup here
കുറച്ചു മാസങ്ങൾക്ക് ശേഷം, കുറേയധികം വർഷങ്ങൾക്ക് ശേഷം, എന്നിങ്ങനെ എത്ര കാലയളവിന് ശേഷമാണ് നിങ്ങൾക്ക് പണം ആവശ്യമുള്ളതെങ്കിലും നിങ്ങൾക്ക് അനുയോജ്യമായ മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുത്തു നിക്ഷേപിക്കാനുള്ള അവസരം നിലവിലുണ്ട്.
സംഗ്രഹം
നിങ്ങളുടെ കൈവശമുള്ള പണം വളർത്തിയെടുക്കുവാൻ സഹായിക്കുന്ന ഏറ്റവും ജനകീയവും ലളിതവുമായ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ പൊതുവായി നിലനിൽക്കുന്ന ചില അബദ്ധധാരണകൾ മൂലം നല്ലൊരു ശതമാനം വ്യക്തികൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാൻ ഇന്നത്തെ കാലത്ത് വിമുഖത കാണിക്കുന്നുണ്ട്. തെറ്റായ വിവരങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ വിലയിരുത്തി മ്യൂച്വൽ ഫണ്ടുകളുടെ സഹായത്തോടെ ശക്തമായ സാമ്പത്തിക അടിത്തറ സൃഷ്ടിക്കുവാൻ പ്രയത്നിക്കുക.