മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാൻ തീരുമാനിക്കുന്ന ഒരു വ്യക്തിക്ക് പലവിധത്തിലുള്ള നിക്ഷേപ അവസരങ്ങൾ വിപണിയിൽ നിന്ന് കണ്ടെത്തുവാൻ സാധിക്കുന്നതാണ്. നിങ്ങളുടെ ഇഷ്ടാനുസരണം നിക്ഷേപിക്കുവാനായി ഒരു മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുത്തതിനു ശേഷം മറ്റൊരു ഫണ്ടുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത ഫണ്ടിന് പലവിധത്തിലുള്ള ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്ന് തിരിച്ചറിയാൻ സാധിക്കും. നിങ്ങൾക്ക് അനുയോജ്യമായ നിക്ഷേപ അവസരം ഏതാണെന്ന് കണ്ടെത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒരു നിശ്ചിത കാലയളവിൽ നിക്ഷേപത്തിന്ലഭിക്കുന്ന വളർച്ചയുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുമ്പോൾ ഗ്രോത്ത് ഓപ്ഷൻ ആണോ ഐ ഡി സി ഡബ്ലിയു റീഇൻവെസ്റ്റ് ഓപ്ഷൻ ആണോ മികച്ചത് എന്ന് കണ്ടെത്തുവാൻ ശ്രമിക്കാം.
ഗ്രോത്ത് ഓപ്ഷൻ
ഇവിടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ ലഭിക്കുന്ന നേട്ടം അതേ നിക്ഷേപത്തിന്റെ ഭാഗമായി തുടരുന്നതിലൂടെ സമയം മുന്നോട്ടു പോകുന്നതിനനുസരിച്ച് നിക്ഷേപം വളർന്നുകൊണ്ടിരിക്കുന്നു. ഗ്രോത്ത് ഓപ്ഷനിൽ നിക്ഷേപകന് നിക്ഷേപത്തിൽ നിന്നും സ്ഥിര വരുമാനം ലഭിക്കുന്നില്ല.

മ്യൂച്വൽ ഫണ്ടുകളിലെ ഗ്രോത്ത് ഓപ്ഷനിൽ നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന ലാഭം നിക്ഷേപകന് നൽകുന്നതിന് പകരം അതേ ഫണ്ടിൽ തന്നെ പുനർനിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്. പുനർനിക്ഷേപം നടത്തുന്നതിലൂടെ ഫണ്ടിന്റെ മൂല്യം അല്ലെങ്കിൽ നെറ്റ് അസെറ്റ് വാല്യൂ ഉയരുവാനുള്ള സാഹചര്യം ഉണ്ടാകുന്നു. എൻ എ വി ഉയരുന്നു എന്നാൽ നിക്ഷേപത്തിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന നേട്ടം വർദ്ധിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്.
സാവധാനം ആണെങ്കിലും പുനർനിക്ഷേപം നടത്തുന്നതിലൂടെ നിക്ഷേപകന് ലഭ്യമാകുന്ന ലാഭം ആകെ നേട്ടത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാക്കുന്നു.
ഇൻകം ഡിസ്ട്രിബ്യൂഷൻ കം ക്യാപ്പിറ്റൽ വിഡ്രോവൽ (ഐ ഡി സി ഡബ്ല്യു ) ഓപ്ഷനിൽ നിന്നുള്ള നേട്ടം
നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് തുടർച്ചയായി വരുമാനം ലഭിക്കുവാനുള്ള ഒരു നിക്ഷേപ സാധ്യതയാണ് ഇൻകം ഡിസ്ട്രിബ്യൂഷൻ കം ക്യാപ്പിറ്റൽ വിഡ്രോവൽ സ്കീം അഥവ ഐ ഡി സി ഡബ്ലിയു. ഫണ്ട് സൃഷ്ടിക്കുന്ന ലാഭമാണ് ഇവിടെ നിങ്ങൾക്ക് വരുമാനമായി ലഭിക്കുന്നത്. നിങ്ങൾക്ക് തുടർച്ചയായി ലഭിച്ചേക്കാവുന്ന വരുമാനം, ഫണ്ടിന്റെ മൂല്യത്തിൽ സംഭവിക്കുന്ന വർദ്ധനവ് എന്നിങ്ങനെ രണ്ട് രീതിയിലുള്ള നേട്ടമാണ് ഇവിടെ നിങ്ങൾക്ക് ലഭ്യമാകുന്നത്. എന്നാൽ ഇത്തരം ഫണ്ടുകളിൽ നിന്ന് എല്ലായിപ്പോഴും തുടർച്ചയായി വരുമാനം ലഭിക്കണമെന്നില്ല. ഫണ്ട് എത്രത്തോളം ലാഭം സൃഷ്ടിക്കുന്നു എന്നതും നിക്ഷേപകർക്ക് നൽകുവാൻ ആവശ്യമുള്ള തുകയുടെ ലഭ്യതയും ആശ്രയിച്ചാണ് തുടർച്ചയായുള്ള പെയ്മെന്റുകൾ നിശ്ചയിക്കപ്പെടുന്നത്.
ഐ ഡി സി ഡബ്ലിയു ഓപ്ഷനിൽ നിന്നുമുള്ള നേട്ടത്തെ സംബന്ധിച്ച് യാതൊരു ഉറപ്പും ലഭ്യമല്ലാത്തതിനാൽ തന്നെ സുരക്ഷിതമായ ഒരു വരുമാന സ്രോതസ്സ് എന്ന നിലയിൽ ഇത്തരം ഫണ്ടുകളെ പരിഗണിക്കുവാൻ കഴിയുകയില്ല. ചിട്ടയോടെ സ്ഥിരതയുള്ള വരുമാനം ലഭ്യമാകണമെങ്കിൽ ഐ ഡി സി ഡബ്ലിയുവിനേക്കാള്‍ മികച്ച രീതി സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ അഥവാ എസ് ഡബ്ലിയു പി ആയിരിക്കും.
നിങ്ങളുടെ നിക്ഷേപത്തിൽ നിന്നും നിശ്ചിത ഇടവേളകളിൽ നിശ്ചിത തുക പിൻവലിക്കുന്ന രീതിയിൽ എസ് ഡബ്ലിയു പി ക്രമപ്പെടുത്താവുന്നതാണ്. ഫണ്ടിന്റെ പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഐ ഡി സി ഡബ്ലിയുവിൽ നിന്നുള്ള നേട്ടവുമായി താരതമ്യം ചെയ്യുമ്പോൾ എസ് ഡബ്ലിയു പിയിലൂടെ കൃത്യമായി പണം ലഭ്യമാകുന്നതിനാൽ മികച്ച രീതിയിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നു.
ഐ ഡി സി ഡബ്ല്യു റീഇൻവെസ്റ്റ്മെന്റ് ഓപ്ഷൻ
ഐ ഡി സി ഡബ്ലിയു റീഇൻവെസ്റ്റ്മെൻ്റ് ഓപ്ഷനിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ആ ഫണ്ടിന്റെ തന്നെ കൂടുതൽ യൂണിറ്റുകൾ സ്വന്തമാക്കുകയാണ് ചെയ്യുന്നത്. ഇവിടെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സ്വന്തമാക്കുന്നത് നിലവിലെ വിപണി വിലയിലാണ്. നിക്ഷേപമോ പുനർനിക്ഷേപമോ നടത്തുമ്പോഴുള്ള മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ വിലയുമായി നിലവിലെ ഫണ്ടിൻ്റെ മൂല്യം താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്ക് നിക്ഷേപത്തിൽ നിന്നുള്ള നേട്ടം കണക്കാക്കുവാൻ സാധിക്കുന്നു.

ഗ്രോത്ത് ഓപ്ഷനിലും ഐ ഡി സി ഡബ്ലിയു ഓപ്ഷനിലും നിക്ഷേപത്തിൽ നിന്നുള്ള നേട്ടം തിരിച്ചു ഫണ്ടിലേക്ക് തന്നെ നിക്ഷേപിക്കുന്നതിനാൽ രണ്ടും ഒരേ രീതിയിലുള്ള നിക്ഷേപ മാർഗങ്ങളാണെന്ന് തോന്നിയേക്കാം. ഐ ഡി സി ഡബ്ല്യുവിൽ പുനർനിക്ഷേപം നടത്തുമ്പോൾ ലഭ്യമാകുന്ന മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ പ്രകടനം വേർതിരിച്ച് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. എന്നാൽ ഗ്രോത്ത് ഓപ്ഷനിൽ ഒരു ഫണ്ടിന്റെ നിലവിലെ മൊത്തം മൂല്യം മനസ്സിലാക്കാനുള്ള അവസരം മാത്രമേയുള്ളൂ.
മേൽപ്പറഞ്ഞ രണ്ടു നിക്ഷേപ രീതികളും നിക്ഷേപം വളർത്തിയെടുക്കുവാൻ സഹായിക്കുന്നുണ്ട്. എന്നാൽ ഐ ഡി സി ഡബ്ലിയു പുനർനിക്ഷേപ പദ്ധതിയിൽ പുനർനിക്ഷേപത്തിലൂടെ സ്വന്തമാക്കിയ യൂണിറ്റുകളുടെ പ്രകടനം വേർതിരിച്ചു മനസ്സിലാക്കാൻ സാധിക്കുന്നതിലൂടെ നിങ്ങൾക്ക് എങ്ങനെയാണ് നിക്ഷേപത്തിൽ നിന്നും നേട്ടം ലഭിക്കുന്നത് എന്നതിനെ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നുണ്ട്. ചുമത്തപ്പെടുന്ന നികുതിയുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുമ്പോൾ ഈ രണ്ട് രീതികളും തമ്മിൽ പ്രകടമായ വ്യത്യാസം നിലനിൽക്കുന്നുണ്ട്.
നികുതി ബാധ്യതയിൽ നിലനിൽക്കുന്ന വ്യത്യാസങ്ങൾ
ഗ്രോത്ത് ഓപ്ഷനിൽ ലഭ്യമാകുന്ന ലാഭവും ഫണ്ടിന്റെ മൂല്യത്തിലുള്ള വർദ്ധനവും നെറ്റ് അസറ്റ് വാല്യുവിന്റെ മൂല്യമുയരുവാൻ കാരണമാകുന്നു. ഈ നേട്ടം മൂലധനത്തിൻ മേലുള്ള ലാഭം അഥവാ ക്യാപ്പിറ്റൽ ഗെയിൻ എന്നാണ് അറിയപ്പെടുന്നത്. മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിൽക്കുമ്പോൾ മേൽ സൂചിപ്പിച്ച നേട്ടത്തിൻമേൽ പ്രത്യേക നിരക്കിലാണ് നികുതി ചുമത്തുന്നത്.

ഐ ഡി സി ഡബ്ലിയു പുനർനിക്ഷേപത്തിൽ നിന്നുള്ള നേട്ടത്തെ സാധാരണയുള്ള വരുമാനം, മൂലധനത്തിൽ നിന്നുള്ള നേട്ടം എന്നിങ്ങനെ രണ്ട് രീതിയിലാണ് കണക്കാക്കുന്നത്. ഇവിടെ മൂലധനത്തിൽ നിന്നുള്ള നേട്ടത്തിനുമേൽ നികുതി ചുമത്തുന്നത് ഗ്രോത്ത് ഓപ്ഷനിൽ ചെയ്യുന്നതുപോലെ തന്നെയാണ്. ഐ ഡി സി ഡബ്ലിയുയിൽ നിന്നുള്ള വരുമാനം നിങ്ങൾക്ക് ബാധകമായ നികുതി സ്ലാബിന് അനുസരിച്ച് കിടക്കുന്നതിനാൽ തന്നെ ഗ്രോത്ത് ഓപ്ഷനിൽ ചുമത്തപ്പെടുന്ന മൂലധന നേട്ടത്തിന് ബാധകമായ നികുതിയെക്കാൾ കൂടുതൽ നികുതി ഇവിടെ നൽകേണ്ടി വരുന്നു.
ഐ ഡി സി ഡബ്ലിയു പുനർനിക്ഷേപ പദ്ധതിയിൽ മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ ഹോൾഡിംഗ് പിരിയഡ് ആരംഭിക്കുന്നത് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സ്വന്തമാക്കുന്ന ദിവസം മുതലാണ്. അതായത് നിങ്ങൾ നിക്ഷേപം ആരംഭിക്കുമ്പോഴുള്ള മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾക്ക് കൂടുതൽ ഹോൾഡിംഗ് പിരിയഡും ഡിവിഡന്റ് പുനർനിക്ഷേപം നടത്തി സ്വന്തമാക്കുന്ന യൂണിറ്റുകൾക്ക് കുറഞ്ഞ ഹോൾഡിംഗ് പിരീയഡുമാണ് ബാധകമാകുന്നത്. നിശ്ചിത കാലപരിധിക്ക് മുകളിൽ ( ഇക്വിറ്റി ഫണ്ടുകൾക്ക്12 മാസവും മറ്റു ഫണ്ടുകൾക്കു 36 മാസവുമാണ് ഈ കാലാവധി ) ഫണ്ട് യൂണിറ്റുകൾ കൈവശം വെച്ചില്ലെങ്കിൽ അത്തരം നിക്ഷേപത്തിൽ നിന്നുള്ള നേട്ടം ലോംഗ് ടേം ക്യാപിറ്റൽ ഗെയിൻ അഥവാ ദീർഘകാല അടിസ്ഥാനത്തിലുള്ള മൂലധന നേട്ടം ( എൽ ടി സി ജി ) എന്ന ഗണത്തിൽ ഉൾപ്പെടുകയില്ല.
നിശ്ചിത കാലാവധി പൂർത്തിയാക്കാത്ത നിക്ഷേപങ്ങളിൽ നിന്നുള്ള നേട്ടം ഷോർട്ട് ടേം ക്യാപിറ്റൽ ഗെയിൻ ( എസ് ടി സി ജി )അഥവാ ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള മൂലധന നേട്ടം എന്ന വിഭാഗത്തിൽ ആണ് ഉൾപ്പെടുന്നത്. നിലവിൽ എസ് ടി സി ജി നികുതി നിരക്ക് എൽ ടി സി ജി നികുതി നിരക്കിനേക്കാൾ കൂടുതലാണ്. ഇക്ക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്ക് എസ് ടി സി ജി 20 ശതമാനം നിരക്കിലും എൽ ടി സി ജി 1.25 ലക്ഷ്യം തുക എന്ന പരിധിയിൽ കൂടുതലുള്ള തുകയ്ക്ക് 12.5 ശതമാനം നികുതി നിരക്കിലുമാണ് കണക്കാക്കുന്നത്. ഇക്ക്വിറ്റി ഇതര മ്യൂച്വൽ ഫണ്ടുകൾക്ക് എൽ ടി സി ജി 12.5 ശതമാനം നിരക്കിലും എസ് ടി സി ജി നിക്ഷേപകന്റെ നികുതി സ്ലാബിന് അനുസരിച്ചുമാണ് കണക്കാക്കുന്നത്.
Are you looking for investments?
Kashly team can help you start your mutual fund investments with the right assistance. signup here
രണ്ട് നിക്ഷേപ രീതിയും നിക്ഷേപം വളർത്തുവാൻ സഹായിക്കുമെങ്കിലും ചുമത്തുന്ന നികുതി പരിഗണിക്കുമ്പോൾ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന നേട്ടത്തിൽ വലിയ വ്യത്യാസം കാണുവാൻ സാധിക്കും.
നികുതി കണക്കാക്കുന്ന കാലപരിധി
ഗ്രോത്ത് ഓപ്ഷനിൽ നിക്ഷേപകർ നികുതി നൽകേണ്ടത് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ ലാഭത്തിൽ വിറ്റഴിക്കുമ്പോഴാണ്.
ഐ ഡി സി ഡബ്ല്യു പുനർനിക്ഷേപ പദ്ധതിയിൽ നിങ്ങൾക്ക് ബാധകമാകുന്ന നികുതി നിരക്കിന് അനുസരിച്ച് പുനർനിക്ഷേപം നടത്തുന്ന തുകയ്ക്ക് നികുതി ചുമത്തുന്നുണ്ട്. അതായത് പുനർനിക്ഷേപത്തിലൂടെ നിങ്ങൾക്ക് പണം ഒന്നും തന്നെ ലഭിച്ചില്ലെങ്കിലും പുനർ നിക്ഷേപം നടത്തിയ തുകയ്ക്ക് നികുതി നൽകേണ്ടതായിട്ടുണ്ട്.
ടി ഡി എസ് ബാധകമാകുന്നത് എങ്ങനെയാണ്
ഗ്രോത്ത് ഓപ്ഷനിൽ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിറ്റഴിക്കുന്ന അവസരത്തിൽ തന്നെ നികുതി ഈടാക്കുന്ന പതിവില്ല.

ഐ ഡി സി ഡബ്ല്യു പുനർനിക്ഷേപ പദ്ധതിയിൽ വരുമാനമായി 5000 രൂപയിൽ കൂടുതൽ ലഭിക്കുകയാണെങ്കിൽ 10 ശതമാനം ടി ഡി എസ് ആയി ഈടാക്കുന്നതാണ്. നികുതിയായി ഈടാക്കുന്ന തുക നിക്ഷേപത്തിൽ നിന്നും നഷ്ടമാകുന്നതിനാൽ തന്നെ കോമ്പൗണ്ടിംഗിന്റെ പൂർണമായ ഗുണഫലം ഇവിടെ ലഭ്യമാകുന്നില്ല.
നികുതിയുമായി ബന്ധപ്പെട്ട് ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ 2024 കേന്ദ്ര ബഡ്ജറ്റിൽ സൂചിപ്പിച്ചിരിക്കുന്നവയാണ്. നിങ്ങൾ ഇടപാടുകൾ നടത്തുന്ന സമയത്തുള്ള നികുതി നിരക്കുകൾ ആയിരിക്കും ഇടപാടുകൾക്ക് ബാധകമാകുന്നത്.
സംഗ്രഹം
ഗ്രോത്ത് ഓപ്ഷൻ അല്ലെങ്കിൽ ഐ ഡി സി ഡബ്ലിയു റീഇൻവെസ്റ്റ് ഓപ്ഷൻ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്ക് എത്ര തുകയാണ് നിക്ഷേപത്തിലൂടെ കണ്ടെത്തേണ്ടത് എന്ന് പരിഗണിക്കുക. നിങ്ങൾക്ക് തുടർച്ചയായ വരുമാനമാവശ്യമുണ്ടങ്കിൽ നിക്ഷേപവുമായി ബന്ധപ്പെട്ട നികുതി, നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ, നിങ്ങൾക്ക് എത്രത്തോളം റിസ്ക് എടുക്കുവാനുള്ള ശേഷിയുണ്ട്, നിക്ഷേപത്തിൽ നിന്നുള്ള നേട്ടത്തെ നികുതി എങ്ങനെയാണ് സ്വാധീനിക്കുന്നത് തുടങ്ങിയ ഘടകങ്ങളെല്ലാം വിലയിരുത്തിയ ശേഷം മാത്രം നിക്ഷേപിക്കുവാനുള്ള തീരുമാനമെടുക്കുക.