rating-of-mutual-funds

Sharing is caring!

മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച തീരുമാനങ്ങൾ നിങ്ങൾ കൈക്കൊള്ളുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം മികച്ച തിരഞ്ഞെടുപ്പുകൾ നടത്തിയാൽ മാത്രമേ മികച്ച നേട്ടം സ്വന്തമാക്കുവാനും അതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ എത്തിച്ചേരുവാനും സാധിക്കുകയുള്ളൂ. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ നിങ്ങളെ പ്രാപ്തമാക്കുന്ന മികച്ച നിക്ഷേപ സാധ്യതകൾ തിരഞ്ഞെടുക്കുവാൻ മ്യൂച്വൽ ഫണ്ടുകളുടെ റേറ്റിംഗ് നിങ്ങളെ സഹായിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ മ്യൂച്വൽ ഫണ്ടുകളുടെ റേറ്റിംഗിന്റെ പങ്ക് എത്രത്തോളമാണെന്ന് മനസ്സിലാക്കാം. 

മ്യൂച്വൽ ഫണ്ട് റേറ്റിംഗ് എന്നാൽ എന്താണ്

മ്യൂച്വൽ ഫണ്ട് റേറ്റിംഗ് എന്നാൽ സ്വതന്ത്രമായ ചില ഏജൻസികൾ നടത്തുന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന സൂചികയാണ്. മുൻകാലങ്ങളിലെ പ്രകടനം, റിസ്ക് ലെവൽ, ഫീസുകൾ, മാനേജ്മെൻ്റ് ടീമിന്റെ വൈദഗ്ധ്യം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് റേറ്റിംഗ് നൽകുന്നത്. 

ഒരു ഫണ്ടിന്റെ നിലവാരത്തേയും വളർച്ച ശേഷിയേയും സംബന്ധിച്ച് കൃത്യമായ ധാരണ നൽകുവാൻ റേറ്റിംഗിലൂടെ സാധിക്കും. സ്റ്റാറുകൾ, അക്ഷരങ്ങൾ അല്ലെങ്കിൽ അക്കങ്ങൾ മുതലായ രീതിയിലാണ് റേറ്റിംഗ് രേഖപ്പെടുത്തുന്നത്. മ്യൂച്വൽ ഫണ്ട് റേറ്റിംഗിൻ്റെ സഹായത്തോടെ ഫണ്ടിനെ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി മികച്ച തീരുമാനങ്ങൾ കൈക്കൊള്ളുവാനുള്ള അവസരമാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്.

റേറ്റിംഗ് നിശ്ചയിക്കുന്നത് എങ്ങനെയാണ്

ഒരു ഫണ്ടിന്റെ മുൻകാലങ്ങളിലെ പ്രകടനവുമായി ബന്ധപ്പെട്ട കണക്കുകളും അഭിപ്രായങ്ങളും പരിഗണിച്ചാണ് റേറ്റിംഗ് ഏജൻസികൾ റേറ്റിംഗ് നിശ്ചയിക്കുന്നത്. മുൻകാലങ്ങളിൽ ഫണ്ടിൽ നിന്ന് ലഭ്യമായ നേട്ടം, വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ഫണ്ടിന്റെ മൂല്യത്തിലുള്ള ഏറ്റക്കുറച്ചിലുകൾ, ഫണ്ട് കമ്പനി ഈടാക്കുന്ന ഫീസുകൾ എന്നിവയാണ് പ്രാഥമികമായി പരിഗണിക്കുന്നത്. ഇത്തരം ഘടകങ്ങളെ ക്വാണ്ടിറ്റേറ്റീവ് ഫാക്ടേഴ്സ് എന്നാണ് പറയുന്നത്.

ഫണ്ട് മാനേജർമാരുടെ പരിചയസമ്പത്ത്, ഫണ്ടിന്റെ നിക്ഷേപ തന്ത്രങ്ങൾ എന്നിവയെ സംബന്ധിക്കുന്ന അഭിപ്രായങ്ങളും റേറ്റിംഗ് നൽകുവാനായി പരിഗണിക്കാറുണ്ട്. ഇത്തരം ഘടകങ്ങളെ ക്വാളിറ്റേറ്റിവ് ഫാക്ടേഴ്സ് എന്നാണ് പറയുക.

ഈ രണ്ടു വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഘടകങ്ങൾ പരിഗണിച്ചാണ് ഫണ്ടിന് റേറ്റിംഗ് നൽകുന്നത്. പലതരത്തിലുള്ള വിലയിരുത്തലുകൾക്കും പഠനങ്ങൾക്കും ശേഷം ഭാവിയിൽ ഒരു ഫണ്ട് എങ്ങനെയായിരിക്കും പ്രവർത്തിക്കുക എന്നതിനെ സംബന്ധിച്ച് ഒരു ഏജൻസി നൽകുന്ന സൂചനയാണ് റേറ്റിംഗ്.

നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ മ്യൂച്വൽ ഫണ്ട് റേറ്റിംഗിൻ്റെ പങ്ക്

ഫണ്ടിന്റെ പ്രകടനം വിലയിരുത്തുവാൻ

വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കുന്ന ചരിത്രമാണ് ഉയർന്ന റേറ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായി നേട്ടം ലഭ്യമാകണമെങ്കിൽ പ്രകടനത്തിലെ സ്ഥിരത അനിവാര്യമാണ്.

കഴിഞ്ഞ ഒരു വർഷം, അഞ്ചു വർഷം, പത്ത് വർഷം എന്നിങ്ങനെ നിശ്ചിത കാലഘട്ടങ്ങളിലെ പ്രകടനങ്ങളാണ് റേറ്റിംഗ് നൽകുന്നതിൽ ബാധകമാകുന്നത്. മുൻകാലങ്ങളിൽ സ്ഥിരതയുള്ള അപകടങ്ങൾ കാഴ്ചവച്ച ഫണ്ടുകളെ കണ്ടെത്തുന്നതിനായി ഫണ്ടുകളുടെ റേറ്റിംഗ് പരിഗണിക്കാവുന്നതാണ്.

റിസ്ക് കണക്കാക്കുവാൻ

മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട് വ്യത്യസ്ത തരത്തിലുള്ള റിസ്ക് നിലനിൽക്കുന്നുണ്ട്. നിക്ഷേപിക്കുവാനായി ഒരു ഫണ്ട് തിരഞ്ഞെടുക്കുന്നതിന് മുൻപ് റിസ്ക്ക് തീർച്ചയായും പരിഗണിക്കേണ്ടതുണ്ട്.

റിസ്ക് മെട്രിക്സ് എന്നറിയപ്പെടുന്ന ചില ഘടകങ്ങൾ ഉപയോഗിച്ചാണ് ഏജൻസികൾ റിസ്ക് കണക്കാക്കുന്നത്. സ്റ്റാൻഡേർഡ് ഡീവിയേഷൻ, ബീറ്റ, ഷാർപ്പ് റേഷ്യോ തുടങ്ങിയ ഘടകങ്ങളാണ് സാധാരണയായി റിസ്ക് കണക്കാക്കുവാൻ ഉപയോഗപ്പെടുത്തുന്നത്. ഒരു ഫണ്ടിൽ നിന്നുള്ള നേട്ടത്തിൽ എത്രത്തോളം വ്യതിയാനം സംഭവിക്കാം എന്ന് ഈ ഘടകങ്ങൾ സൂചിപ്പിക്കുന്നു.

നിങ്ങൾ എടുക്കുന്ന റിസ്കിന്റെ പരിധി കണ്ടെത്തുവാൻ ഫണ്ടുകളുടെ റേറ്റിംഗ് സഹായിക്കും. വിപണിയിലെ വിവിധ സാഹചര്യങ്ങളിൽ സ്ഥിരത നിലനിർത്തുന്ന ഫണ്ടുകൾക്ക് താരതമ്യേന കൂടുതൽ റേറ്റിംഗ് ലഭിക്കാറുണ്ട്. 

താരതമ്യം ചെയ്യുവാനുള്ള സൗകര്യം

വ്യത്യസ്ത ഫണ്ടുകളെ വളരെ എളുപ്പത്തിൽ താരതമ്യം ചെയ്യുവാൻ റേറ്റിംഗ് ഉപയോഗപ്പെടുത്താവുന്നതാണ്. ഓരോ വിഭാഗത്തിലേയും മികച്ച പ്രകടനം നടത്തുന്ന മ്യൂച്വൽ ഫണ്ട് വളരെ എളുപ്പത്തിൽ കണ്ടെത്തുവാൻ റേറ്റിംഗ് പരിശോധിക്കാവുന്നതാണ്. 

വിപണിയിലെ റിസ്ക് കൈകാര്യം ചെയ്യുവാനും ഉയർന്ന നേട്ടം നൽകുവാനും സാധിക്കുന്ന ഫണ്ട് തിരഞ്ഞെടുക്കുവാനുള്ള ആത്മവിശ്വാസം നിക്ഷേപകന് ലഭിക്കുവാൻ റേറ്റിംഗ് സഹായകരമാകുന്നു. ഉയർന്ന റേറ്റിംഗുള്ള ഫണ്ട് തിരഞ്ഞെടുക്കുന്നത് വഴി ഭാവിയിൽ കൂടുതൽ നേട്ടം നേടുവാനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്.

ഫണ്ടുമായി ബന്ധപ്പെട്ട ഫീസുകളും ചെലവുകളും മനസ്സിലാക്കുവാൻ

ഒരു ഫണ്ടുമായി ബന്ധപ്പെട്ട ഫീസുകളും ചെലവുകളും ഫണ്ടിൽ നിന്നുള്ള നേട്ടത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒരു ഫണ്ട് കൈകാര്യം ചെയ്യുവാനുള്ള തുകയെ സൂചിപ്പിക്കുന്ന എക്സ്പെൻസ് റേഷ്യോ കൂടി പരിഗണിച്ചുകൊണ്ടാണ് ഫണ്ടിനെ റേറ്റിംഗ് നൽകുന്നത്. കുറഞ്ഞ എക്സ്പെൻസ് റേഷ്യോയുള്ള മികച്ച നേട്ടം നൽകുന്ന ഫണ്ടുകൾക്കാണ് കൂടുതൽ എക്സ്പെൻസ് റേഷ്യോയുള്ള  മികച്ച നേട്ടം നൽകുന്ന ഫണ്ടുകളേക്കാൾ കൂടുതൽ റേറ്റിംഗ് ലഭിക്കുവാനുള്ള സാധ്യത.

എപ്പോഴും ലാഭകരമായ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുക. ഒരു നിക്ഷേപകനെ സംബന്ധിച്ച് ഉയർന്ന മൂല്യവും മികച്ച നേട്ടവും ഉറപ്പുവരുത്തുവാൻ നിക്ഷേപിക്കുന്നതിന് മുൻപ് റേറ്റിംഗ് തീർച്ചയായും പരിഗണിക്കുക.

പോർട്ട്ഫോളിയോ സൃഷ്ടിക്കുവാൻ

വൈവിധ്യവൽക്കരണത്തിലൂടെ റിസ്ക് ലഘൂകരിക്കുവാനും സ്ഥിരതയുള്ള വരുമാനം നേടുവാനും അവസരം ലഭിക്കുന്നു. ഓരോ വിഭാഗത്തിലേയും ഉയർന്ന റേറ്റിംഗുള്ള ഫണ്ട് തിരഞ്ഞെടുക്കുന്നത് വഴി ശക്തവും സന്തുലിതവുമായ പോർട്ട്ഫോളിയോ നിങ്ങൾക്ക് സ്വന്തമാക്കുവാൻ കഴിയും. 

savings

വിവിധ ഫണ്ടുകളിലായിട്ടുള്ള നിങ്ങളുടെ മൂലധനത്തിന്റെ തോത് ക്രമീകരിക്കുവാനും റേറ്റിംഗ് പരിഗണിക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരു ഫണ്ടിന്റെ റേറ്റിംഗ് മുൻകാലങ്ങളിൽ നിന്ന് കാര്യമായി ഇടിയുകയാണെങ്കിൽ ആ ഫണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന തുക ഉയർന്ന റേറ്റിംഗുള്ള മറ്റു ഫണ്ടുകൾ കണ്ടെത്തി നിക്ഷേപിക്കാവുന്നതാണ്. 

മ്യൂച്വൽ ഫണ്ടുകളെ സംബന്ധിക്കുന്ന വിവരങ്ങളുടെ സ്റ്റാർട്ടിംഗ് പോയിൻ്റ്

മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് ഒരു ധാരണ നൽകുവാൻ റേറ്റിംഗിന് സാധിക്കുമെങ്കിലും ഒരു ഫണ്ടിനെ സംബന്ധിക്കുന്ന വിവരങ്ങളുടെ  സ്റ്റാർട്ടിങ് പോയിൻ്റായി മാത്രം റേറ്റിംഗിനെ കണക്കാക്കുക. ഓരോ  ഫണ്ടിനെ കുറിച്ചും ആഴത്തിൽ പഠിക്കുവാൻ തയ്യാറാവുക. ഒരു ഫണ്ടിന്റെ നിക്ഷേപ തന്ത്രങ്ങൾ, കൈവശം വച്ചിരിക്കുന്ന ആസ്തികൾ, ഫീസുകൾ, മാനേജർമാരുടെ വൈദഗ്ധ്യം  മുതലായ കാര്യങ്ങൾ ആഴത്തിൽ പരിശോധിക്കുക.  നിങ്ങൾ തിരഞ്ഞെടുത്ത ഫണ്ട് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കും റിസ്ക് എടുക്കുവാനുള്ള ശേഷിക്കും അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുവാൻ ഇത്തരത്തിലുള്ള വിലയിരുത്തലുകൾ അനിവാര്യമാണ്.

നിങ്ങൾ നിലവിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തിയവരാണെങ്കിൽ നിങ്ങളുടെ നിക്ഷേപത്തിന്റെ ഭാഗമായ ഫണ്ടുകളുടെ റേറ്റിംഗ് തുടർച്ചയായി പരിശോധിക്കാൻ ശ്രമിക്കണം. നിങ്ങളുടെ നിലവിലുള്ള നിക്ഷേപം നിലനിർത്തുക, കൂടുതൽ തുക നിക്ഷേപിക്കുക, നിക്ഷേപം പിൻവലിക്കുക മുതലായ തീരുമാനങ്ങൾ എടുക്കുവാൻ റേറ്റിംഗ് പരിഗണിക്കാവുന്നതാണ്. ഫണ്ടിന്റെ പ്രകടനം, ഫണ്ടുമായി ബന്ധപ്പെട്ട റിസ്ക്, ഫണ്ട് കൈകാര്യം ചെയ്യുന്നവരുടെ വൈദഗ്ധ്യം മുതലായ ഘടകങ്ങളിലുള്ള മാറ്റങ്ങൾ ഫണ്ടിന്റെ റേറ്റിംഗിനെ നേരിട്ട് ബാധിക്കുവാൻ ഇടയുണ്ട്.

സംഗ്രഹം

നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ മ്യൂച്വൽ ഫണ്ടിൻ്റെ റേറ്റിംഗിനുള്ള പങ്ക് മനസ്സിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. ഫണ്ടിന്റെ നിലവാരത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുവാൻ റേറ്റിംഗിന് സാധിക്കും. അതുകൊണ്ട് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുവാനായി മികച്ച തീരുമാനങ്ങൾ കൈക്കൊള്ളുവാൻ റേറ്റിംഗ് ഉപയോഗപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഫ്ലെക്സി ക്യാപ്പ് മ്യൂച്വൽ ഫണ്ടുകൾ മികച്ച നിക്ഷേപ സാധ്യതയാണോ

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മ്യൂച്വൽ ഫണ്ടുകൾക്ക് വലിയ സ്വീകാര്യതയാണ് ഇന്ത്യയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. പണപ്പെരുപ്പത്തിന്റെ സ്വാധീനത്തിൽ നിന്നും…

നിക്ഷേപത്തിൽ നിന്നും മികച്ച ആദായം ലഭിക്കുന്നതിൽ ഫണ്ട് മാനേജ്മെന്റിന്റെ പ്രാധാന്യം

നമ്മളെല്ലാവരും തന്നെ വ്യത്യസ്ത കഴിവുകളുള്ള വ്യക്തികളാണ്. നമ്മുടേതായ പ്രവർത്തന മേഖലകളിൽ നമുക്കുള്ള വൈദഗ്ധ്യം മറ്റു മേഖലകളിൽ…

മ്യൂച്വൽ ഫണ്ട് മാനേജ്മെന്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി പല വ്യവസായങ്ങളിലും വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന കാലഘട്ടത്തിലാണ് നാം…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ ലിക്വിഡിറ്റി റിസ്ക് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ്

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന വ്യക്തികൾ എല്ലാം തന്നെ ഏറ്റവും പ്രാധാന്യം നൽകേണ്ട കാര്യങ്ങളിൽ ഒന്നാണ് ലിക്വിഡിറ്റി…