സ്വർണ്ണം വാങ്ങുക അല്ലെങ്കിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുക എന്നത് എല്ലാവർക്കും സുപരിചിതമായ കാര്യമാണെങ്കിലും മ്യൂച്വൽ ഫണ്ട് വഴി സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് കാര്യമായി പ്രചാരം ലഭിക്കാത്ത നിക്ഷേപ രീതിയാണ്. ഓഹരി വിപണിയിലും ഡെറ്റ് ഉപകരണങ്ങളിലും നിക്ഷേപിക്കുവാനായി മ്യൂച്വൽ ഫണ്ടുകൾ നിലവിലുള്ളത് പോലെ തന്നെ സ്വർണ്ണത്തിൽ നിക്ഷേപിക്കുവാനും മ്യൂച്വൽ ഫണ്ടിലൂടെ സാധിക്കുന്നതാണ്. മ്യൂച്വൽ ഫണ്ടുകൾ വഴി സ്വർണത്തിൽ നിക്ഷേപിക്കുമ്പോഴുള്ള പ്രത്യേകതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
നമുക്കിടയിൽ സ്വർണ്ണത്തിന്റെ ക്രയവിക്രയം ഏറ്റവുമധികം നടക്കുന്നത് ആഭരണം എന്ന രീതിയിലാണ്. എന്നാൽ ആഭരണങ്ങൾക്ക് ഉയർന്ന നികുതിയും പണിക്കൂലിയും ചുമത്തപ്പെടുന്നതിനാൽ അവയെ മികച്ച നിക്ഷേപക മാർഗ്ഗമായി കണക്കാക്കുവാൻ സാധിക്കുകയില്ല.
പേ ടി എം, ഫോൺ പേ തുടങ്ങിയ യു പി ഐ പെയ്മെന്റ് പ്ലാറ്റ്ഫോമുകൾ വഴി ഡിജിറ്റൽ മാർഗ്ഗത്തിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുവാൻ വളരെ എളുപ്പത്തിൽ സാധിക്കുന്നു. റിസർവ് ബാങ്ക് പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടുകളും സ്വർണ്ണത്തിൽ നിക്ഷേപിക്കുവാനുള്ള സുരക്ഷിത മാർഗ്ഗമാണ്.
ഓഹരി വിപണി നിക്ഷേപത്തെക്കുറിച്ച് പൊതുവായ ധാരണയുള്ള വ്യക്തികൾക്ക് തങ്ങളുടെ ഡീമാറ്റ് അക്കൗണ്ടുകൾ മുഖേന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളായി സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ സാധിക്കും. ഇ ടി എഫ് ആയി സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന വ്യക്തികൾക്ക് വിപണിയിലെ സാഹചര്യത്തിനനുസൃതമായി തങ്ങളുടെ നിക്ഷേപം നേരിട്ട് വ്യാപാരം ചെയ്യുവാനുള്ള അവസരം ലഭിക്കുന്നുണ്ട്.

മേൽപ്പറഞ്ഞ നിക്ഷേപ മാർഗ്ഗങ്ങൾക്ക് പുറമേ പലതരത്തിലുള്ള മ്യൂച്വൽ ഫണ്ടുകൾ വഴിയും സ്വർണ്ണത്തിൽ നിക്ഷേപിക്കുവാൻ സാധിക്കും. മൂല്യമുള്ള ഒരു ചരക്ക് എന്ന തരത്തിൽ സ്വർണ്ണത്തിൽ നേരിട്ട് നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളും, സ്വർണ്ണത്തെ അടിസ്ഥാനപ്പെടുത്തിയ ഇ ടി എഫുകൾ ഉൾപ്പെടുന്ന മ്യൂച്വൽ ഫണ്ടുകളും, സ്വർണ്ണത്തിൽ നിക്ഷേപിച്ചിരിക്കുന്ന വിവിധ ഫണ്ടുകൾ ഉൾപ്പെടുത്തിയ മ്യൂച്വൽ ഫണ്ടുകളും വിപണിയിൽ ലഭ്യമാണ്.
വിപണിയിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിൽ സംഭവിക്കാറില്ല. നിക്ഷേപിക്കുന്ന സാഹചര്യത്തിൽ നിന്നും സ്വർണ്ണത്തിൻറെ വില കാര്യമായി വർദ്ധിക്കുന്ന അവസരങ്ങളിൽ മാത്രമാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടിൽ നിന്ന് ലാഭം ലഭിക്കുന്നത്.
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ലാഭനഷ്ട സാധ്യതകൾ താരതമ്യേന കുറവാണെങ്കിലും ഒരു നിക്ഷേപം എന്ന രീതിയിൽ സ്വർണ്ണത്തെ നോക്കിക്കാണുന്നവർക്ക് സ്വർണ്ണാഭരണങ്ങളേയും ഡിജിറ്റൽ ഗോൾഡിനെയും പരിഗണിക്കുമ്പോൾ ഏറ്റവും മികച്ച മാർഗ്ഗം ഗോൾഡ് മ്യൂച്ചൽ ഫണ്ടുകൾ തന്നെയാണ്.
സ്വർണാഭരണങ്ങൾ, ഇ ടി എഫ്, സോവറിൽ ഗോൾഡ് ബോണ്ട് തുടങ്ങിയ രീതിയിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുമ്പോൾ നിക്ഷേപകന് വാങ്ങുവാൻ കഴിയുന്ന സ്വർണ്ണത്തിന്റെ ഏറ്റവും കുറഞ്ഞ അളവ് 1 ഗ്രാം ആണ്. എന്നാൽ ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വഴി വളരെ ചെറിയ തുകയ്ക്ക് പോലും നിക്ഷേപകന് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സ്വന്തമാക്കുവാൻ കഴിയുന്നതാണ്.
ആഭരണങ്ങൾ, ഇ ടി എഫുകൾ, ഗോൾഡ് ബോണ്ടുകൾ തുടങ്ങിയ ഏത് നിക്ഷേപ മാർഗ്ഗത്തിൽ സ്വർണ്ണത്തിൽ നിക്ഷേപിച്ചാലും സ്വർണത്തിന്റെ മൂല്യത്തിൽ സംഭവിക്കുന്ന വ്യതിയാനം ഇവയെ എല്ലാം തന്നെ നേരിട്ട് ബാധിക്കാറുണ്ട്. എല്ലാ മ്യൂച്വൽ ഫണ്ടുകളിലും എന്ന പോലെ ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിലും നഷ്ട സാധ്യത നിലനിൽക്കുന്നുണ്ട്. അതുപോലെ തന്നെ സ്വർണ്ണത്തിൻറെ മൂല്യത്തിൽ സംഭവിക്കുന്ന ഏതൊരു വ്യതിയാനവും ഗോൾഡ് മ്യൂച്ചൽ ഫണ്ടുകളുടെ മൂല്യത്തെയും നേരിട്ട് ബാധിക്കുന്ന കാര്യമാണ്.
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നേരിട്ട് നടത്തുന്ന വ്യക്തികൾക്ക് സ്വർണത്തിൽ നിക്ഷേപിക്കുവാനായി ഏറ്റവും മികച്ച മാർഗ്ഗം ഗോൾഡ് മ്യൂച്വൽ ഫണ്ടുകളാണെന്ന് നിസ്സംശയം പറയാം. സ്വർണ്ണത്തിൽ നിക്ഷേപിക്കുവാൻ സഹായിക്കുന്ന മറ്റ് നിക്ഷേപ മാർഗ്ഗങ്ങളേക്കാൾ എളുപ്പത്തിൽ ഗോൾഡ് മ്യൂച്വൽ ഫണ്ടുകളെ പണമാക്കി മാറ്റാൻ സാധിക്കുന്നു.

കൂടാതെ ചെറിയ തുകയ്ക്ക് പോലും സ്വർണ്ണത്തിൽ നിക്ഷേപിക്കുവാനും അത്തരത്തിൽ തന്റെ ആകെയുള്ള നിക്ഷേപത്തിന്റെ വൈവിധ്യം നിലനിർത്തുവാനും ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകനെ സഹായിക്കുന്നു. സോവറിൻ ഗോൾഡ് ബോണ്ടുകൾ പോലെയുള്ള നിക്ഷേപ മാർഗ്ഗങ്ങൾ നിശ്ചിതകാലയളവിന് ശേഷം മാത്രമേ പണമാക്കി മാറ്റുവാൻ സാധിക്കുകയുള്ളൂ എന്നതും ഗോൾഡ് മ്യൂച്വൽ ഫണ്ടിനെ ആകർഷകമായ നിക്ഷേപമാർഗ്ഗമാക്കി മാറ്റുന്നു.
രണ്ടു മുതൽ മൂന്നു വർഷം വരെയുള്ള ചെറിയ കാലയളവിലേക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കുമ്പോൾ ഡിജിറ്റൽ സ്വർണ്ണ നിക്ഷേപമാണ് ഏറ്റവും മികച്ച മാർഗ്ഗം. 8 വർഷം മുതൽ 10 വർഷം വരെയുള്ള സ്വർണ്ണ നിക്ഷേപങ്ങൾക്ക് ആർ ബി ഐ പുറത്തിറക്കുന്ന സോവറിന ഗോൾഡ് ബോണ്ടുകളെ ആശ്രയിക്കാവുന്നതാണ്. സ്വർണ്ണത്തിൻറെ വില വർദ്ധനവിൽ നിന്ന് ലഭിക്കുന്ന നേട്ടത്തിനൊപ്പം 2.5 ശതമാനം പലിശയും നികുതിയിളവും ലഭിക്കുന്നതിനാൽ സോവറിൻ ഗോൾഡ് ബോണ്ടുകളും പരിഗണിക്കേണ്ട നിക്ഷേപ മാർഗ്ഗം തന്നെയാണ്.
Are you looking for investments?
Kashly team can help you start your mutual fund investments with the right assistance. signup here
20 മുതൽ 30 വർഷം വരെയുള്ള നീണ്ട കാലയളവിലേക്ക് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന വ്യക്തികൾക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കുവാനായി ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
വളരെ ലളിതമായി സ്വർണ്ണത്തിലുള്ള നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നതിനൊപ്പം തന്നെ തുടർച്ചയായുള്ള ചെറിയ നിക്ഷേപങ്ങൾ വഴി സ്വർണ്ണത്തിലുള്ള നിക്ഷേപത്തിന്റെ അളവ് വർദ്ധിപ്പിക്കുവാനും ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിലൂടെ നിക്ഷേപകന് സാധിക്കും.